'30 സെക്കൻഡ് റീൽസിന് രണ്ട് ലക്ഷം, വിമാന ടിക്കറ്റുവരെ ചോദിച്ചു... എന്റെ തലകറങ്ങിപ്പോയി'; നടൻ പ്രിയൻ പറഞ്ഞത്!
സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സും ഇന്ന് സെലിബ്രിറ്റികളാണ്. പലർക്കും മൂന്നും നാലും മില്യൺ ഫോളോവേഴ്സ് വരെയുണ്ട്. സിനിമകളുടെ പ്രമോഷൻ വരെ ഇന്ന് ഇത്തരം ഇൻഫ്ലൂവൻസേഴ്സിന്റെ സോഷ്യൽമീഡിയ പേജുകൾ വഴി നടക്കാറുണ്ട്. പ്രമുഖ നടൻമാർ കഴിഞ്ഞാൽ തമിഴ്നാട്ടിൽ ആരാധകരുള്ള ഒരു വിഭാഗമാണ് റീൽസ് താരങ്ങൾ. അത്തരത്തിൽ മലയാളി ഇൻഫ്ലൂവൻസേഴ്സിന്റെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരമാണ് അമല ഷാജി.
തിരുവനന്തപുരം സ്വദേശികളായ ബീന-ഷാജി ദമ്പതികളുടെ മകളാണ് അമല. ഒരു സഹോദരി കൂടി താരത്തിനുണ്ട്. 20 വയസുകാരിയായ അമലക്ക് ഇൻസ്റ്റഗ്രാമിൽ നാല് മില്യണാണ് ഫോളോവേഴ്സ്. അമലയുടെ സഹോദരി അമൃതയും റീൽസിൽ ഫേമസാണ്. നിരവധി പേരാണ് അമലയുടെ പേര് കയ്യിലും ശരീരത്തിലുമൊക്കെ പച്ച കുത്തി ഫാൻസായത്.

അമലയുടെ വീഡിയോയ്ക്കും ആരാധകർ നിരവധിയാണ്. ഇപ്പോഴിതാ സോഷ്യൽമീഡിയ ഇൻഫ്ലുവൻസേഴ്സിനെ കുറിച്ച് തമിഴ് നടൻ പ്രിയൻ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. 30 സെക്കൻഡ് റീൽസ് ചെയ്യാമോയെന്ന് ചോദിച്ചപ്പോൾ രണ്ട് ലക്ഷം രൂപ കേരളത്തിലെ ഒരു ഇൻഫ്ലുവൻസർ പ്രതിഫലം ചോദിച്ചുവെന്നാണ് പ്രിയൻ പുതിയ സിനിമ അരണത്തിന്റെ പ്രസ്മീറ്റിൽ സംസാരിക്കവെ പറഞ്ഞത്. നടന്റെ വാക്കുകൾ വൈറലായതോടെ ആ ഇൻഫ്ലുവൻസർ അമലയാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
'ഒരു സിനിമ സംവിധാനം ചെയ്ത് അത് പുറത്തുകൊണ്ടുവരാനുള്ള കഷ്ടപ്പാടിനെക്കുറിച്ച് ആരും പറയാറില്ല. എവിടെ തൊട്ടാലും പൈസയാണ്. ഇൻസ്റ്റഗ്രാമിൽ രണ്ട് നിമിഷം നൃത്തമാടുന്ന പെൺകുട്ടി ചോദിക്കുന്നത് അമ്പതിനായിരം രൂപയാണ്. നായികയ്ക്കുപോലും ഇവിടെ ശമ്പളം കൊടുക്കാനില്ല. അപ്പോഴാണ് വെറും രണ്ട് സെക്കന്റിന് അമ്പതിനായിരം ചോദിക്കുന്നത്. കേരളത്തിൽ ഉളള പെൺകുട്ടി ചോദിച്ചത് രണ്ട് ലക്ഷമാണ്.'
'എന്തിനാണ് ഇത്രയും പൈസയെന്ന് ഞാൻ ചോദിച്ചു. 30 സെക്കൻഡ് റീല്‍സ് സാർ എന്ന് പറഞ്ഞു. 30 സെക്കന്റ് നൃത്തമാടുന്നതിന് രണ്ട് ലക്ഷം രൂപയോയെന്ന് തിരിച്ച് ചോദിച്ചു. ആ പൈസ വേറെ എന്തെങ്കിലും നല്ല കാര്യങ്ങൾക്ക് ഉപകരിക്കുമെന്ന് ഞാൻ പറഞ്ഞു. വിമാന ടിക്കറ്റുവരെ ചോദിക്കുകയുണ്ടായി. അത് കേട്ട് എന്റെ തലകറങ്ങിപ്പോയി.'
'ഞാൻ പോലും ഫ്ലൈറ്റിൽ പോകാറില്ല. എന്തിനാണ് നിങ്ങളെ ഫ്ലൈറ്റിൽ കൊണ്ടുവരുന്നതെന്നും ചോദിച്ചിരുന്നു. ഇവരൊക്കെ എന്താണ് ധരിച്ചുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം അല്ല ലോകം. എത്രയോ നല്ല സിനിമാ മാസികകളിൽ എന്റെ അഭിമുഖം വന്നിട്ടുണ്ട്. അവരൊക്കെ എത്ര നല്ല രീതിയിലാണ് അത് എഴുതിയിരുന്നത്. അങ്ങനെയുള്ള ആളുകൾ ജീവിച്ചിരുന്ന കാലത്താണ് എവിടെയോ ഇരുന്ന് പത്ത് ലക്ഷം തരൂ ഇരുപത് ലക്ഷം തരൂ എന്നൊക്കെ പറയുന്നത്.'

'ഒരു കല പ്രേക്ഷകരിലേക്കെത്തിക്കാൻ എന്തുമാത്രം പോരാടണമെന്ന് ഇപ്പോൾ മനസിലായി. ഒരു നല്ല സിനിമ സംവിധാനം ചെയ്യാനായി എന്ന വിശ്വാസം എനിക്കുണ്ട്. ഇതൊരു നല്ല എഴുത്തുകാരന്റെ കഥയാണ്. നല്ല കഥയാണ് ഈ സിനിമയുടേത്. ഈ സിനിമയുടെ ആദ്യ പകുതി കണ്ട ശേഷം രണ്ടാം പകുതി ഇങ്ങനെയായിരിക്കുമെന്ന് കൃത്യമായി പറഞ്ഞാൽ ഒരു ലക്ഷം രൂപ നൽകാം. അതിന്റെ തിരക്കഥ അത്രയ്ക്ക് ശക്തമാണ്.'
'പുതിയ ആളുകളും സിനിമകളും വരണം. അല്ലാതെ ടിവിയിലും നെറ്റിലും നൂറും അഞ്ഞൂറും തവണ കണ്ട മുത്തുവും ആളവന്താനുമൊക്കെ വീണ്ടും തിയറ്ററുകളിലെത്തിയിട്ട് എന്തുകാര്യം. ആർക്കാണ് ഇതുകൊണ്ട് നേട്ടം. മുത്തുവൊക്കെ പത്ത് ഭാഷകളിലും ഇന്റർനെറ്റിൽ ലഭ്യമാണ്.'
'അതൊക്കെ വീണ്ടും തിയേറ്ററുകളിൽ വന്നിരുന്ന് കാണേണ്ട ആവശ്യമുണ്ടോ', എന്നാണ് പ്രിയൻ പറഞ്ഞത്. നടൻ മാത്രമല്ല ഗാനരചയിതാവ് കൂടിയാണ് പ്രിയൻ. അദ്ദേഹത്തിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് അരണം എന്ന സിനിമ. പ്രിയന് പുറമെ ലഗുബറൻ, വർഷ, കീർത്തന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഷാജൻ മാധവാണ് ഈ ഹൊറർ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.


Click it and Unblock the Notifications