'പഴയതുപോലെ തുടർന്നും സ്നേഹിക്കണം, മഹാലക്ഷ്മിയെ ഭാര്യയായി കിട്ടിയതാണ് ഭാഗ്യം'; രവീന്ദറിനൊപ്പം നടി!
സെലിബ്രിറ്റികളുടെ വിവാഹം സോഷ്യൽമീഡിയ സജീവമായശേഷം വളരെ അധികം ചർച്ച ചെയ്യപ്പെടാറുണ്ട്. അത്തരത്തിൽ അടുത്തിടെ നടന്നതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും വാർത്തകളിൽ ഇടം പിടിച്ചതുമായ ഒരു വിവാഹമായിരുന്നു നടി മഹാലക്ഷ്മിയുടെയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖറിന്റെയും.
ഭർത്താവുമായുള്ള രൂപവ്യത്യാസമാണ് മഹാലക്ഷ്മിയെയും രവീന്ദർ ചന്ദ്രശേഖരനെയും വാർത്തകളിൽ നിറയാൻ കാരണമാക്കിയത്. ഇരുവരുടെയും വിവാഹചിത്രങ്ങൾ പുറത്ത് വന്നപ്പോൾ എല്ലാവരുടെയും സംശയം മഹാലക്ഷ്മി എന്തിന്റെ പേരിലാണ് രവീന്ദറിനെ വിവാഹം ചെയ്തത് എന്നതായിരുന്നു. പണം കണ്ടിട്ടായിരിക്കാം വിവാഹം എന്നായിരുന്നു പലരുടെയും നിഗമനം.
ചിലർ നിരവധി പരിഹാസ കമന്റുകളും ട്രോളുകളുമായി മഹാലക്ഷ്മിയേയും രവീന്ദറിനെയും പരിഹസിക്കുകയും ചെയ്തിരുന്നു. ട്രോളുകൾ കൂടിയപ്പോൾ ഇരുവരും പ്രതികരിച്ച് എത്തിയിരുന്നു. തന്‍റെയും മഹാലക്ഷ്മിയുടെയും രണ്ടാം വിവാഹമാണ് ഇതെന്നും തന്‍റെ ആദ്യവിവാഹത്തെക്കുറിച്ച് ആര്‍ക്കും അറിയില്ലെന്നും രവീന്ദര്‍ പറഞ്ഞു. 'ആ കുടുംബ ജീവിതം നിരാശയാണ് സമ്മാനിച്ചത്. ഞങ്ങള്‍ രണ്ടുപേരും പരസ്പരം ത്യാഗം ചെയ്തിട്ടൊന്നുമില്ല.'

'മനസിലാക്കിയാണ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. രണ്ട് കുടുംബത്തെയും അത് മനസിലാക്കിപ്പിക്കാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു. നിങ്ങള്‍ വിചാരിക്കുന്നതുപോലെ അതൊരിക്കലും എളുപ്പമായിരുന്നില്ല. മഹാലക്ഷ്മിയുടെ വിവാഹം നേരത്തെ കഴിഞ്ഞതാണെന്നും ഒരു കുട്ടിയുണ്ടെന്നും എനിക്ക് അറിയാം.'
'ഇതൊരു പുരുഷാധിപത്യ സമൂഹം ആയതുകൊണ്ടാണ് ഈ വിഷയത്തില്‍ എല്ലാവരും മഹാലക്ഷ്മിയെ ചോദ്യം ചെയ്യുന്നത്. മഹാലക്ഷ്മിയുടെ കഴിഞ്ഞ കാലം എനിക്കൊരു പ്രശ്‌നമല്ല. ഞാന്‍ മനസിലാക്കിയ ആള്‍ എങ്ങനെയായിരിക്കണം എന്നാണ് ഞാന്‍ ആലോചിച്ചതെന്നുമാണ്', അന്ന് രവീന്ദര്‍ പറഞ്ഞത്.
രണ്ടാം വിവാഹത്തിനുശേഷം ജീവിതം ആസ്വദിച്ച് വരികയായിരുന്നു ഇരുവരും. അതിനിടയിലാണ് തട്ടിപ്പ് കേസിൽ രവീന്ദർ അറസ്റ്റിലായത്. ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്ത് സ്വകാര്യ കമ്പനിയെ കബളിപ്പിച്ച് രവീന്ദർ പണം തട്ടിയെന്നാണ് പരാതി. ചെന്നൈ സ്വദേശി ബാലാജിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.
പരാതിയെ തുടർന്ന് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 200 കോടി രൂപ നിക്ഷേപിച്ചാൽ ഇരട്ടി ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പെന്നും ഇതിനായി കൃത്രിമ രേഖകൾ കാണിച്ച് വിശ്വസിപ്പിത്തെന്നും പരാതിയിൽ പറഞ്ഞിരുന്നു.

രവീന്ദർ അറസ്റ്റിലായതോടെ സോഷ്യൽമീഡിയ വീണ്ടും മഹാലക്ഷ്മിയെ ക്രൂശിക്കാൻ തുടങ്ങി. എന്നാൽ അതിലൊന്നും താരം തളർന്നില്ല. ഇപ്പോഴിതാ വീണ്ടും ഭർത്താവ് രവീന്ദറിനെ കുറിച്ചുള്ള കുറിപ്പുമായി എത്തിയിരിക്കുകയാണ് മഹാലക്ഷ്മി. പഴയതുപോലെ തുടർന്നും സ്നേഹിക്കണമെന്നാണ് കുറിപ്പിൽ മഹാലക്ഷ്മി പറഞ്ഞത്.
'എന്നില്‍ പുഞ്ചിരി കൊണ്ടുവരുന്നതില്‍ നീ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ആ സ്‌നേഹത്തിന് കാരണം വിശ്വാസമാണ്. ഞാന്‍ എന്നെക്കാള്‍ അധികം നിന്നെ സ്‌നേഹിക്കുന്നു... വിശ്വസിക്കുന്നു. പഴയത് പോലെ തന്നെ സ്‌നേഹം വേണം. പഴയതിലും അധികം എന്നെ പ്രൊട്ടക്ട് ചെയ്യൂ. ഒരുപാട് സ്‌നേഹം' എന്നാണ് രവീന്ദറിനൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം മഹാലക്ഷ്മി കുറിച്ചത്.
ഫോട്ടോ വൈറലായതോടെ രവീന്ദറിന് ജാമ്യം കിട്ടിയോ എന്നുള്ള ചോദ്യമാണ് ഏറെയും വന്നിരിക്കുന്നത്. ഇരുവരുടെയും ജീവിതത്തിന് നന്മ ആശംസിച്ചുകൊണ്ടുള്ള കമന്റുകളും വരുന്നുണ്ട്. ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും കൂാടെ നിന്ന് കരുത്ത് പകരുന്ന മഹാലക്ഷ്മിയെ പോലൊരു ഭാര്യയായി കിട്ടിയതാണ് രവീന്ദറിന്റെ ഭാഗ്യമെന്നും ചിലർ കുറിച്ചിട്ടുണ്ട്.
ഇയാളില്‍ നിന്ന് രക്ഷപ്പെട്ട് സന്തോഷത്തോടെയുള്ള മറ്റൊരു ജീവിതം തേടൂ എന്നിങ്ങനെയുള്ള ചില മോശം കമന്റുകളും മഹാലക്ഷ്മിയുടെ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് സീരിയൽ താരമായ മഹാലക്ഷ്മിയെ രവീന്ദർ വിവാഹം കഴിച്ചത്. സീരിയൽ ലൊക്കേഷനിൽ നിന്നും ആരംഭിച്ച പ്രണയമാണ് മഹാലക്ഷ്മിയുടെയും രവീന്ദറിന്റെയും വിവാഹത്തിൽ എത്തിയത്.


Click it and Unblock the Notifications











