'അന്നൊന്നും ഈ പ്രതിഷേധം കണ്ടില്ല, സ്ത്രീകളെ കൊല്ലുന്നതും പീഡിപ്പിക്കുന്നതും നോർമലൈസ് ചെയ്യുകയാണോ?'
ഷിംജിത ചെയ്ത പ്രവൃത്തിയുടെ പേരിൽ സ്ത്രീകളെ ഒന്നാകെ ആക്ഷേപിക്കുന്നതിനും പരിഹസിക്കുന്നതിനും എതിരെയുള്ള വിയോജിപ്പ് അറിയിച്ച് മുൻ ബിഗ് ബോസ് താരം മസ്താനി. എല്ലാ സ്ത്രീകളും ഷിംജിതമാരല്ലെന്ന് മസ്താനി പറയുന്നു. സാമകാലിക വിഷയങ്ങളെ കുറിച്ച് ആധികാരികമായി സംസാരിച്ച് വീഡിയോ ഇടുന്ന കൂട്ടത്തിൽപ്പെട്ടയാളല്ല ഞാൻ. പക്ഷെ ഈ ഒരു കാര്യം എന്തോ നിങ്ങളുമായിട്ട് എനിക്ക് സംസാരിക്കണമെന്ന് തോന്നി.
ഒരു കോൺവർസേഷനായിട്ട് കണ്ടാൽ മതി. ആദ്യം തന്നെ പറയട്ടെ ദീപക്ക് എന്ന വ്യക്തിക്ക് സംഭവിച്ചത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ്. അതിന് കാരണക്കാരിയായ ഷിംജിത എന്ന സ്ത്രീയെ ഒരിക്കലും സപ്പോർട്ട് ചെയ്യാൻ സാധിക്കില്ല. പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ചില വീഡിയോസ് വൈറലാണ്, കുറച്ച് മീംമ്സ് വൈറലാണ്.

അതൊക്കെ സ്ത്രീകൾക്ക് എതിരെയാണ്. എല്ലാ സ്ത്രീകളേയും ഞങ്ങൾക്ക് പേടിയാണ്. എല്ലാ സ്ത്രീകളും ഇങ്ങനെയാണ് അങ്ങനെയാണ്, സ്ത്രീകൾക്ക് ഈ ബസിൽ പ്രവേശനമില്ല, സ്ത്രീകളുടെ കൂടെ ഞങ്ങൾ യാത്ര ചെയ്യില്ല, എല്ലാ സ്ത്രീകളും ഷിംജിതമാരാണ് എന്ന് പറഞ്ഞുള്ള ഒരുപാട് വീഡിയോസ് ഞാൻ കാണാൻ ഇടയായി.
അത് കണ്ടപ്പോഴാണ് ഞാൻ ആലോചിച്ചത് ഒരുപാട് സ്ത്രീകൾ പല രീതിയിലുള്ള ചൂഷണങ്ങൾ അനുഭവിച്ചിട്ടുണ്ട്, പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ട്, മരണപ്പെട്ടിട്ടുണ്ട്. പക്ഷെ ഞങ്ങൾ ആരും വന്ന് പറഞ്ഞിട്ടില്ല പുരുഷന്മാർ എല്ലാം ഗോവിന്ദചാമിമാരാണെന്ന്. ഞാനുൾപ്പടെ നിങ്ങളുടെ വീടുകളിലുള്ള സ്ത്രീകൾ ഉൾപ്പെടെ ഓരോ സ്ത്രീക്കും അവർ ഇന്ന് വരെ ജീവിച്ച ജീവിതത്തിന് ഇടയിൽ അനുഭവിച്ച ഒരു ചൂഷണത്തിന്റെ കഥയെങ്കിലും പറയാനുണ്ടാകും.
അതും പുരുഷന്റെ അടുത്ത് നിന്ന്. പൊതുസ്ഥലങ്ങളിൽ, സ്കൂളിൽ, ബസിൽ, ഇട വഴികളിൽ, ട്യൂഷൻ ക്ലാസിൽ, മദ്രസകളിൽ, സ്വന്തം വീട്ടിൽ, ബന്ധുക്കളുടെ അടുത്ത് നിന്ന്, സാധനങ്ങൾ വാങ്ങാൻ പോകുന്ന കടയിൽ നിന്ന്, അച്ഛനിൽ നിന്ന്, കാമുകനിൽ നിന്ന്, ടീച്ചേഴ്സിൽ നിന്ന്, അയൽവക്കത്തുള്ള ചേട്ടനിൽ നിന്ന്... പല സ്ഥലങ്ങളിൽ നിന്നും പല സമയത്തും പുരുഷന്മാരിൽ നിന്നും സ്ത്രീകൾ അനുഭവിച്ചിട്ടുള്ള ചൂഷണങ്ങളുണ്ട്.
അടുത്ത് ഇരുത്തി ഒന്ന് സംസാരിച്ചാൽ അറിയാൻ സാധിക്കും. അപ്പോഴൊന്നും ഒരു സ്ത്രീയും വന്ന് വീഡിയോ ഇറക്കാനോ പുരുഷന്മാരെ പേടിച്ച് നിൽക്കുകയാണെന്നോ എവിടേയും വന്ന് ഒറ്റക്കെട്ടായി പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ ഇറങ്ങുന്ന വീഡിയോകൾ കാണുമ്പോൾ എന്തോപോലെ.

ഷിംജിത-ദീപക് വിഷയം നടക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് പതിനാല് വയസുകാരി അവൾ ഏറ്റവും വിശ്വസിച്ചയാളാൽ കൊല ചെയ്യപ്പെട്ടത്. അതിന്റെ പേരിൽ ഇതുപോലൊരു പ്രതിഷേധം കണ്ടില്ല. അതെന്താ സ്ത്രീകൾ കൊലചെയ്യപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും നോർലൈസ് ചെയ്യുകയാണോ?. ഒറ്റകെട്ടായ പ്രതിഷേധം കാണാത്തതുകൊണ്ട് ചോദിച്ച് പോവുകയാണ്.
എല്ലാ സ്ത്രീകളും ഷിംജിതമാരല്ല. സാവാദ് എന്നൊരുത്തൻ ഉണ്ടായിരുന്നു. സവാദിനെപോലെ സ്ത്രീകളോട് മോശമായി പെരുമാറുന്നവർ ഈ ബസിൽ കയറരുത് എന്ന ബോർഡ് എവിടെയും കണ്ടിട്ടില്ല. ഒരു ഷിംജിതയോ അക്സ കെ റെജിയോ വരുമ്പോൾ ഇത്രത്തോളം പേടിക്കുന്നുണ്ടെങ്കിൽ ആയിരം ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങൾ എന്ത് ചെയ്യണം എന്നാണ് മസ്താനി ചോദിച്ചത്.
മസ്താനിയുടെ വാക്കുകൾ വൈറലായതോടെ നിരവധി യോജിപ്പ് പ്രകടിപ്പിച്ച് എത്തി. എനിക്കും അങ്ങനെ തന്നെ തോന്നി. കുറച്ച് ദിവസം മുമ്പ് എൻ്റെ സുഹൃത്തിന് ഒരു അമ്പലത്തിൽ വെച്ച് ഇതുപോലെ സംഭവിച്ചു. ഇപ്പോഴും സ്ത്രീകൾ ദുരുപയോഗം ചെയ്യപ്പെടുന്നു. പക്ഷെ ആളുകൾ അത് സാധാരണവൽക്കരിക്കുകയാണ്. അമ്പലത്തിൽ വെച്ചാണ് സംഭവം നടന്നതെന്ന് കൂടി ഓർക്കണം എന്നാണ് ഒരാൾ മസ്താനിയുടെ വാക്കുകളോടുള്ള യോജിപ്പ് അറിയിച്ച് അനുഭവം വിവരിച്ച് കുറിച്ചത്.


Click it and Unblock the Notifications