മാളുവിന് എന്നെ ഇഷ്ടമാണെന്ന് കരുതി, ബ്രദറായിട്ടാണ് കാണുന്നതെന്ന് പറഞ്ഞതോടെ ഞാൻ തകർന്നു; തേജസും മാളുവും!
മാളവിക കൃഷ്ണദാസ് ചെറുപ്പം മുതൽ റിയാലിറ്റി ഷോകളിലെ മിന്നും താരമാണ്. അതുകൊണ്ട് തന്നെ നായിക നായകനിൽ മത്സാർത്ഥിയായി വന്നപ്പോഴും മാളവികയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. നായിക നായകനിൽ സഹമത്സരാർത്ഥിയായിരുന്ന തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം ചെയ്തത്. വളരെ അപ്രതീക്ഷിതമായാണ് താൻ വിവാഹം ചെയ്യാൻ പോകുന്നത് തേജസിനെയാണെന്ന് മാളവിക വെളിപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ഇതൊരു പ്രണയ വിവാഹമാണെന്ന് ഇരുവരുടേയും സഹമത്സരാർത്ഥികളും ആരാധകരും വരെ തെറ്റിദ്ധരിച്ചിരുന്നു.
എന്നാൽ തേജസിന്റെ ബുദ്ധിയിൽ വന്നൊരു ചിന്ത വിവാഹത്തിൽ കലാശിച്ചതിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട്. ആ കഥ വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തോട് അടുക്കുമ്പോൾ പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. ഒരു പരിചയവുമില്ലാത്ത പെൺകുട്ടിയെ പങ്കാളിയാക്കുന്നത് വിഷമകരമായി തോന്നിയപ്പോഴാണ് മാളവികയെ കുറിച്ച് ചിന്തിച്ച് തുടങ്ങിയതെന്ന് തേജസ് ഹാപ്പി ഫ്രെയിംസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിവാഹ ആലോചനയുമായി ചെന്നപ്പോൾ ബ്രദറായിട്ടാണ് കാണുന്നതെന്ന മറുപടിയാണ് മാളവിക ആദ്യം പറഞ്ഞതെന്നും തേജസ് ഓർക്കുന്നു.

വീട്ടിൽ കല്യാണ ആലോചന നടക്കുന്ന സമയമായിരുന്നു. പെട്ടന്ന് ഒരാളുടെ ഫോട്ടോ കണ്ട് വിവാഹം എന്ന രീതിയിലേക്ക് ചിന്തിക്കുമ്പോൾ എനിക്കൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. അവർ എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ച് ഉത്കണ്ഠ ഉണ്ടായിരുന്നു. അങ്ങനെ ഞാൻ എനിക്ക് പരിചയമുള്ള ആരെങ്കിലും ഉണ്ടോയെന്ന് ആലോചിച്ചു. അങ്ങനെ ഇരിക്കെ ഒരു ദിവസം എന്നോട് എന്റെ കസിൻ മാളുവിന്റെ കാര്യം പറഞ്ഞു. നിങ്ങൾ തമ്മിൽ എന്തെങ്കിലും ഉണ്ടോയെന്നാണ് ചോദിച്ചത്. നല്ല ചേർച്ചയാണെന്നും പറഞ്ഞു.
എന്റെ ചേച്ചിയും മാളവികയെ കുറിച്ച് ചോദിച്ചപ്പോൾ എനിക്ക് അതൊരു മോട്ടിവേഷനായി. അങ്ങനെ ഞാൻ മാളുവിനോട് കല്യാണക്കാര്യം ഇൻഡറക്ടായി ചോദിച്ചു. എങ്ങനെ മാളുവിനോട് സംസാരിക്കണം, എങ്ങനെ പറഞ്ഞാൽ ശരിയാകും എന്നൊക്കെ നേരത്തെ തന്നെ തനിയെ പ്രാക്ടീസ് ചെയ്തു. അതുപോലെ ഒപ്പം വർക്ക് ചെയ്യുന്ന ഒരാളുണ്ടായിരുന്നു. പുള്ളിയും എനിക്ക് പ്രപ്പോസ് ചെയ്യാൻ മോട്ടിവേഷൻ വെറുതെ തരുമായിരുന്നു. നിങ്ങളോട് ആരെങ്കിലും നോ പറയുമോ എന്നൊക്കെ പറഞ്ഞാണ് പുള്ളി എന്നെ മോട്ടിവേറ്റ് ചെയ്തിരുന്നത്. അങ്ങനെ മാളുവിനോട് കാര്യങ്ങൾ അവതരിപ്പിച്ചു.
മാളു യെസ് പറയുമെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പായിരുന്നു. ഡയറക്ട് കല്യാണം എന്ന രീതിയിലാണ് സംസാരിച്ചത്. ആദ്യം കുറച്ച് സൈലൻസായിരുന്നു. പിന്നീട് പറഞ്ഞു തേജസേട്ടനെ ഞാൻ ഒരു ബ്രദറിനെപ്പോലെയാണ് കാണുന്നതെന്ന്. ലൈനടിക്കാനല്ല കല്യാണം കഴിക്കാനാണെന്ന് ഞാൻ തറപ്പിച്ച് പറഞ്ഞിരുന്നു. പിന്നെ എന്റെ എല്ലാ കൊള്ളരുതായ്മയും മാളുവിന് അറിയാം. നായിക നായകൻ സമയത്ത് അടുത്ത് പരിചയമുള്ളതല്ലേ.
മാളുവിന് നൂറ് ശതമാനവും എന്നെ ഇഷ്ടമാണെന്നാണ് ഞാൻ കരുതിയത്. കാരണം പല ഡിസിഷൻ എടുക്കുന്ന സമയത്തും എന്നോട് സജഷൻസ് മാളു ചോദിക്കാറുണ്ട്. ഞാൻ മാളുവിന് വളരെ ഇംപോർട്ടന്റാണെന്ന് കരുതി. അമ്മയോടും കുഞ്ഞമ്മയോടും ഒക്കെ ചോദിക്കട്ടെ. അവർ ജാതകം നോക്കുന്നവരാണ് എന്നൊക്കെയാണ് മാളു മറുപടിയായി പറഞ്ഞത്. അതോടെ ഞാൻ ചമ്മിപ്പോയി. ഇമോഷണൽ ഡാമേജ് സംഭവിച്ചു. ഞാൻ തകർന്ന് പോയി തേജസ് പറഞ്ഞു.
പ്രപ്പോസൽ വന്നപ്പോൾ തന്റെ ഉള്ളിൽ വന്ന ചിന്തകൾ മാളവികയും പങ്കുവെച്ചു. സത്യത്തിൽ ഞാൻ പങ്കാളി എന്ന രീതിയിൽ തേജസേട്ടനെ ചിന്തിച്ചിരുന്നില്ല. നായിക നായകനുശേഷം ഞാനും തേജസേട്ടനും തമ്മിൽ കോൺടാക്ട് ഇല്ലായിരുന്നു. വല്ലപ്പോഴും മെസേജ് അയക്കും അത്രമാത്രം.

ഒരു ദിവസം അപ്രതീക്ഷിതമായി തേജസേട്ടൻ ഷിപ്പിൽ നിന്നും എന്നെ വീഡിയോ കോൾ ചെയ്തു. അന്ന് എനിക്ക് ഷിപ്പൊക്കെ കാണിച്ച് തന്നു. ആ കോൺവർസേഷൻ അവിടെ കഴിഞ്ഞു മാളവിക പറഞ്ഞ് തുടങ്ങി. ഭാവി സുരക്ഷിതമാണെന്ന് അറിയിക്കാനാണ് ഷിപ്പൊക്കെ മാളുവിന് ഞാൻ കാണിച്ച് കൊടുത്തത്. യൂണിഫോമിലായിരുന്നു താനെന്ന് തേജസ് പറഞ്ഞു.
ഇംപ്രഷൻ ഇടാനാണ് തേജസേട്ടൻ വിളിച്ചതെന്ന് എനിക്ക് അപ്പോൾ അറിയില്ലായിരുന്നു. ഞാൻ എനിക്ക് അറിയാവുന്ന ആളുകളുടെ ആലോചനയൊക്കെ തേജസേട്ടന് കൊടുക്കുമായിരുന്നു. ഇത് മൈന്റിലുണ്ടെന്ന് അറിയില്ലായിരുന്നു. പിന്നീടാണ് വിവാഹക്കാര്യം പറഞ്ഞത്. തേജസേട്ടൻ എന്താണെന്ന് എനിക്ക് അറിയാം. മർച്ചന്റ് നേവിക്കാർ എപ്പോഴും ജോലിക്ക് പുറത്തേക്ക് പോകുന്നവരല്ലേ. അവരുടെ ലൈഫ്സ്റ്റൈൽ നമുക്ക് പറ്റില്ല.
അത്തരം ആളുകളുടെ പ്രപ്പോസൽ വേണ്ട എന്നുള്ള ടോക്ക് വീട്ടിലുണ്ടായിരുന്നു. അതിനിടയിലാണ് തേജസേട്ടൻ പ്രപ്പോസലുമായി വരുന്നത്. പിന്നീട് ഞാൻ വീട്ടിൽ കാര്യം പറഞ്ഞു. ആദ്യം കസിൻ ചേച്ചിയോടാണ് പറഞ്ഞത്. അവർക്ക് നല്ല ആലോചനയായാണ് തോന്നിയത്. മാത്രമല്ല തേജസേട്ടൻ ഒരാഴ്ചത്തേക്ക് നെറ്റ് ഓഫ് ചെയ്ത് പോയി. അതോടെ എനിക്ക് ടെൻഷനായി. ആള് സെൻസിറ്റീവാണെന്ന് എനിക്ക് അറിയാം.
പിന്നെ ഒരാഴ്ച കഴിഞ്ഞപ്പോൾ തേജസേട്ടൻ വീണ്ടും മെസേജ് അയച്ചു. ശേഷം അമ്മയോട് പറഞ്ഞപ്പോൾ അമ്മ ആലോചിക്കാം എന്നാണ് മറുപടി പറഞ്ഞത്. അമ്മയുടെ ഇഷ്ടങ്ങൾക്ക് പ്രയോറിറ്റി കൊടുത്തതുകൊണ്ട് ജാതകം നോക്കി. അങ്ങനെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയി. വിവാഹം ഉടനെ പറ്റില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. കാരണം എനിക്ക് അന്ന് 21 വയസെ ഉണ്ടായിരുന്നുള്ളു. പിന്നീട് വിവാഹം നടന്നു. കുഞ്ഞ് വന്നു. ഇപ്പോൾ എല്ലാം സന്തോഷമായി പോകുന്നു എന്നും മാളവിക പറഞ്ഞു. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇരുവരുടേയും ആദ്യത്തെ കുഞ്ഞ് പിറന്നത്.
ഗർഭകാല വിശേഷങ്ങളും മകളുടെ വിശേഷങ്ങളുമെല്ലാം മാളവിക സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. റിഥ്വി തേജസ് എന്നാണ് കുഞ്ഞിന്റെ പേര്. എന്നാൽ ഗുൽസു എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്. ശിൽപ ബാല ചേച്ചിയാണ് കുഞ്ഞിനെ ഗുൽസുവെന്ന് വിളിച്ച് തുടങ്ങിയത്. ഞാൻ മൂന്ന് മാസം ഗർഭിണിയായിരുന്ന സമയത്ത് തന്നെ ശിൽപ ചേച്ചി വയറ്റിൽ പിടിച്ച് ഗുൽസു എന്നൊക്കെ വിളിക്കുമായിരുന്നു. ശിൽപ ചേച്ചി അയച്ച് തന്ന പേരിൽ ഒന്നായിരുന്നു റിഥ്വി എന്നത്.
കുഞ്ഞ് വന്നശേഷം നല്ല രസമുണ്ട്. വേറൊരു ഫീലിങ്ങാണതെന്നും മാളവിക പറയുന്നു. പ്രസവ സമയത്തെ അനുഭവങ്ങളും മാളവിക പങ്കുവെച്ചു. ഓരോ തവണ പെയിൻ വരുമ്പോഴും ഞാൻ അന്യനെപ്പോലെയായിരുന്നു. ആദ്യം നോർമൽ ഡെലിവറി ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. പിന്നീട് കുഞ്ഞ് ബ്രീച്ച് പൊസിഷനിലേക്ക് മാറിയതോടെ സിസേറിയനാക്കി. സി സെക്ഷന് വേറെ തരം വേദനെയായിരുന്നു. ഞാൻ ആദ്യമായാണ് ഒരു ആശുപത്രികിടക്കയിൽ കിടക്കുന്നത്. നോർമലിന് കുറച്ച് മയമുണ്ട്. സി സെക്ഷന് ശേഷം വല്ലാത്ത വേദനയാണെന്നും മാളവിക പറഞ്ഞു.
ലേബർ റൂമിൽ കയറിയ അനുഭവം തേജസും പങ്കുവെച്ചു. ഡെലിവറി സമയത്ത് ഞാൻ ഒപ്പമുണ്ടായിരുന്നു. എനിക്ക് ഇത്തരം കാര്യങ്ങൾ പേടിയാണ്. എന്നിട്ടും രണ്ടും കൽപ്പിച്ച് ഒപ്പം നിന്നു. വേദനകൊണ്ട് എന്നെ മാന്തിപ്പറിച്ചു മാളു എന്നാണ് തേജസ് പറഞ്ഞത്. കുഞ്ഞ് കാണാൻ എന്നെ പോലെയാണെന്ന് പലരും പറയാറുണ്ട്. എന്റെ ചെറുപ്പത്തിലെ ഫോട്ടോ കാണുമ്പോൾ ഗുൽസുവിനെപ്പോലെയാണെന്ന് തോന്നാറുണ്ടെന്നും മാളവിക കൂട്ടിച്ചേർത്തു. അടുത്തിടെയായിരുന്നു കുഞ്ഞിന്റെ ചോറൂണ് ചടങ്ങ് തേജസും മാളവികയും നടത്തിയത്. മാളവികയുടെ നാട്ടിലാണ് ചോറൂണ് ചടങ്ങ് നടത്തിയത്.


Click it and Unblock the Notifications











