നാലഞ്ച് വർഷം കൊണ്ടുണ്ടായ മാറ്റം, ആഗ്രഹിച്ചതല്ല; എനിക്ക് കിട്ടിയ ഭാഗ്യം മനസിലാക്കുന്ന പങ്കാളിയെന്ന് ജാസി!
ഇൻഫ്ലൂവൻസർ, മോഡൽ, ട്രാൻസ് വുമൺ എന്നീ ലേബലുകളിലാണ് മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ ജാസി അറിയപ്പെടുന്നത്. ഏറെക്കാലം സ്വത്വം മറച്ചുവെച്ച് പുരുഷ ശരീരത്തിനുള്ളിൽ വീർപ്പുമുട്ടി കഴിഞ്ഞ ജാസി പിന്നീട് തന്റെ യഥാർത്ഥ സ്വത്വം സമൂഹത്തോട് വെളിപ്പെടുത്തുകയായിരുന്നു. കുട്ടിക്കാലം മുതൽ മറ്റുള്ള ആൺകുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ തനിക്ക് എന്തൊക്കയോ പ്രത്യേകതകളുണ്ടെന്ന് ജാസി മനസിലാക്കിയിരുന്നു.
പക്ഷെ അന്ന് ജാസിയെ മനസിലാക്കാനോ ഒപ്പം നിന്ന് സഹായിക്കാനോ ആരും ഉണ്ടായിരുന്നില്ല. ആണിന്റെ വേഷം ധരിച്ച് പെണ്ണ്, ശിഖണ്ഡി, ചാന്ത്പൊട്ട് തുടങ്ങിയ പ്രയോഗങ്ങൾ കൊണ്ട് വേദനിപ്പിക്കുക മാത്രമാണ് ചെയ്തത്. മുതിർന്നശേഷവും തന്റെ ശരീരത്തിൽ വീർപ്പുമുട്ടി കഴിയുന്ന സ്വത്വത്തെ അതിന്റേതായ രീതിയിൽ ജീവിക്കാൻ വിടാൻ ജാസിക്ക് കഴിഞ്ഞിരുന്നില്ല.

അപ്പോഴേക്കും കൂട്ടരും കുടുംബക്കാരും ചേർന്ന് വിവാഹത്തിലേക്ക് ജാസിയെ എത്തിച്ചിരുന്നു. പരമാവധി ഒഴിഞ്ഞുമാറാൻ ശ്രമിച്ചുവെങ്കിലും എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമായിട്ടായിരുന്നു കുടുംബം വിവാഹത്തെ കണ്ടിരുന്നു. അങ്ങനെ മനസില്ലാ മനസോടെ ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു. പക്ഷെ പ്രശ്നങ്ങൾ കൂടിയതല്ലാതെ പരിഹരിക്കപ്പെട്ടില്ല.
ഒരു സ്ത്രീയുടെ ജീവിതം ഇല്ലാതാക്കാൻ മനസ് അനുവദിക്കാത്തതുകൊണ്ട് തന്നെ ജാസി ആ ബന്ധത്തിൽ നിന്നും പുറത്ത് വന്നു. സ്വന്തമായി അധ്വാനിക്കാനും സമ്പാദിക്കാനും തുടങ്ങിയതോടെയും പ്രിയ സുഹൃത്ത് ആഷി ജീവിത പങ്കാളിയായി ഒപ്പം നിൽക്കാൻ സമ്മതം അറിയച്ചതോടെയുമാണ് തന്റെ സ്വത്വം ലോകത്തോട് വിളിച്ച് പറയാൻ ജാസിക്ക് കൂടുതൽ കരുത്ത് ലഭിച്ചത്. രണ്ട് വർഷം മുമ്പ് വരെ ജാസിയും ആഷിയും ദുബായിൽ സെറ്റിൽഡായിരുന്നു.
പൂർണ്ണമായും സ്ത്രീയായി മാറാനുള്ള ചികിത്സയ്ക്കും മറ്റുമായാണ് ജാസി നാട്ടിൽ വന്നത്. പിന്നാലെ ആഷിയും വന്നും. ഇരുവർക്കും വിദേശത്ത് പെർഫ്യൂം ബിസിനസ് അടക്കമുണ്ട്. ജാസിയെ പിന്തുണച്ച് ഒപ്പം നിൽക്കുന്നതുകൊണ്ട് തന്നെ ആഷിയും വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ്ങും പരിഹാസവും നേരിടേണ്ടി വരുന്നുണ്ട്. വീട്ടിൽ നിന്ന് പോലും പുറത്താക്കപ്പെട്ടു. പെറ്റമ്മയെപ്പോലും ഉപേക്ഷിച്ചാണ് ജാസിയെ സംരക്ഷിച്ച് ആഷി ഒപ്പം നിൽക്കുന്നത്.
ഇപ്പോഴിതാ ജാസി പങ്കിട്ട പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. എന്നെ ഞാനായി മനസിലാക്കുന്ന ഒരു പങ്കാളിയെ കിട്ടിയതാണ് എന്റെ ഭാഗ്യം എന്നാണ് ആഷിക്കൊപ്പമുള്ള ഫോട്ടോകൾ പങ്കുവെച്ച് ജാസി കുറിച്ചത്. ഒപ്പം ആഷിക്കൊപ്പമുള്ള പഴയതും പുതിയതുമായ ഫോട്ടോകളും ജാസി പങ്കുവെച്ചു.

നാലഞ്ച് വർഷം കൊണ്ട് ജാസിക്കുണ്ടായ മാറ്റം എത്രത്തോളമാണെന്നത് ഫോട്ടോയിൽ വ്യക്തമാണ്. സ്ത്രീയായി മാറാനുള്ള ചികിത്സയുടെ പ്രാരംഭ ഘട്ടത്തിലാണ് ജാസി. ഹോർമോൺ ട്രീറ്റ്മെന്റുകളും ലേസർ ചികിത്സയുമെല്ലാം ചെയ്യുന്നുണ്ട്. സർജറികൾ ഇതുവരെ ചെയ്തിട്ടില്ല. മാനസീകമായി അതിനുള്ള തയ്യാറെടുപ്പിലാണ് ജാസി. ട്രാൻസ് വുമണായി ഇങ്ങനൊരു ജീവിതം ആഗ്രഹിച്ചതല്ല.
ഇനി ഒരു ജന്മത്തിലും ഇങ്ങനൊരു അവസ്ഥ എനിക്ക് വരരുതെന്നാണ് പ്രാർത്ഥന. ഒന്നുകിൽ ആണായി ജീവിക്കാൻ സാധിക്കണം അല്ലെങ്കിൽ പെണ്ണായി ജീവിക്കാൻ സാധിക്കണം എന്നാണ് ആഗ്രഹമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ജാസി പറഞ്ഞിരുന്നു. ഓർമ വെച്ച കാലം മുതൽ ഇങ്ങനൊരു ജന്മമാണ് തന്റേത് എന്നതുകൊണ്ട് തന്നെ ഒരുപാട് വേദനകൾ അനുഭവിച്ചതായും ജാസി പറഞ്ഞിട്ടുണ്ട്. ജാസിയ്ക്ക് ഉമ്മയുടെ പിന്തുണയും സ്നേഹവും ലഭിക്കുന്നുണ്ട്.
പക്ഷെ ആഷിയുടെ കുടുംബത്തിൽ എല്ലാവർക്കും എതിർപ്പാണ്. ജാസിയെ ഉപേക്ഷിച്ചിട്ട് വന്നാൽ സ്വീകരിക്കാമെന്ന നിലപാടിലാണ് കുടുംബം. എന്നാൽ തനിക്ക് ജീവനുള്ള കാലത്തോളം ജാസിയെ സംരക്ഷിക്കുമെന്നാണ് നിരന്തരമായി ആഷി പറയാറുള്ളത്. ഇരുവർക്കും സോഷ്യൽമീഡിയയിൽ നിരവധി ഫോളോവേഴ്സുണ്ട്.


Click it and Unblock the Notifications











