'ഡൗൺ സർജറി ഇപ്പോഴില്ല, അവർക്ക് വേണ്ടി ഞാൻ എന്തിന് എന്റെ ശരീരഭാഗങ്ങൾ മുറിച്ച് കളയണം?, നന്നായി പഠിച്ചേ ചെയ്യു'
സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ലേബലിൽ തിളങ്ങുന്ന ജാസിൽ ജാസി സർജറി ചെയ്ത് പൂർണ്ണമായും സ്ത്രീയായി മാറാത്തതിൽ ട്രാൻസ് കമ്യൂണിറ്റിയിലുള്ള ചിലർ തന്നെ പലപ്പോഴായി എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ തനിക്ക് നിലവിൽ ഡൗൺ സർജറി ചെയ്യാൻ താൽപര്യമില്ലെന്ന് പറയുകയാണ് സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ജാസി. ഒപ്പം തന്റെ ഇത്രയും കാലത്തെ ജീവിത പോരാട്ടങ്ങളെ കുറിച്ചും മനസ് തുറന്നു.
അഭിനയം എനിക്ക് പണ്ടേ ഇഷ്ടമാണ്. അതുകൊണ്ടാണ് റീൽസുകൾ ചെയ്യുന്നതും. സിനിമയിൽ സ്ത്രീയായി അഭിനയിക്കണം എന്നൊന്നുമില്ല. ട്രാൻസ്ജെന്ററായി തന്നെയാണ് വിളിക്കുന്നതെങ്കിലും ചെയ്യും. ചെറിയ കഥാപാത്രമാണെങ്കിലും അതിന് പ്രാധാന്യം വേണമെന്ന് മാത്രമെ ആഗ്രഹമുള്ളു. നായികയോട് ഒപ്പം നിൽക്കുന്ന റോൾ വേണമെന്നൊന്നും ഇല്ല.

അതുപോലെ ഞങ്ങളുടെ ട്രാൻസ് കമ്യൂണിറ്റിയിലുള്ള ഒരുപാട് പെൺകുട്ടികൾക്ക് സിനിമകളിലേക്ക് നിരവധി അവസരം വരുന്നുണ്ട്. അതിൽ എനിക്ക് സന്തോഷമാണ്. മുമ്പൊക്കെ ട്രാൻസ്ജെന്റർ റോളുകളിലേക്ക് മാത്രമായിരുന്നു ഞങ്ങളെ പോലുള്ളവരെ കാസ്റ്റ് ചെയ്തിരുന്നത്. ഇപ്പോൾ അത് മാറി വരുന്നുണ്ട് ജാസി സംസാരിച്ച് തുടങ്ങി. എന്റെ ലൈഫിൽ തുടക്കത്തിൽ ആൺകുട്ടികൾ സുഹൃത്തുക്കളായി ഉണ്ടായിരുന്നില്ല.
പെൺകുട്ടികൾ പക്ഷെ ഒരു പരിധിക്കപ്പുറം നമ്മളെ സുഹൃത്തായി നിർത്തുകയുമില്ല. അതുകൊണ്ട് തന്നെ നമ്മൾ ഒറ്റയ്ക്ക് ഒതുങ്ങി കൂടി ജീവിക്കാൻ തുടങ്ങും. അങ്ങനെയായ സാഹചര്യത്തിൽ ഞാൻ ഒറ്റയ്ക്ക് ഇരുന്ന് ബുക്ക്സ് വായിച്ച് തുടങ്ങി. വായന എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഹോണ്ട് ചെയ്യുന്ന രീതിയിലുള്ള കഥകൾ വായിക്കാനാണ് ഇഷ്ടം. കള്ളിയങ്കാട്ട് നീലിയുടെ ഒരു ബുക്കാണ് ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നത്.
എന്നിൽ മാറ്റങ്ങൾ കണ്ട് തുടങ്ങിയപ്പോൾ ഞാൻ ആദ്യം കരുതിയത് ഈ ലോകത്ത് ഞാൻ മാത്രമെ ഇങ്ങനെയുള്ളുവെന്നാണ്. കാരണം എന്റെ ചുറ്റുവട്ടത്ത് മറ്റാരേയും ഇതുപോലെ ഞാൻ കണ്ടില്ല. എനിക്ക് മാത്രം എന്താണ് ഇങ്ങനൊരു അവസ്ഥയെന്നും ചിന്തിച്ചിരുന്നു. പിന്നീട് ഒരു സുഹൃത്ത് വഴി മനസിലാക്കിയ കാര്യങ്ങളിലൂടെയാണ് ഞാൻ എന്റെ സ്വത്വം മനസിലാക്കിയത്. എന്റെ വീട്ടിൽ എല്ലാവരും ഭയങ്കര ഓർത്ത്ഡോക്സായി ചിന്തിക്കുന്നവരാണ്.
മാത്രമല്ല ഞാൻ മലപ്പുറം സ്വദേശിയുമാണ്. അതുകൊണ്ട് തന്നെ എന്റെ അവസ്ഥ എങ്ങനെ അവരെ പറഞ്ഞ് മനസിലാക്കും എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. പേടിയായിരുന്നു. അതുകൊണ്ടാണ് കല്യാണം കഴിക്കേണ്ട സാഹചര്യം ഉണ്ടായത്. പിന്നീട് എനിക്ക് തോന്നി അഭിനയിച്ച് ജീവിച്ചിട്ട് കാര്യമില്ല. അങ്ങനെയാണ് തുറന്ന് പറഞ്ഞത്. ഇന്ന് എനിക്ക് സന്തോഷമാണ്. ഇഷ്ടമുള്ള വസ്ത്ര ധരിക്കാനും സഞ്ചരിക്കാനും ഇഷ്ടമുള്ളതുപോലെ ജീവിക്കാനും കഴിയുന്നുണ്ട്.

ആളുകൾ പറയുന്നത് കേട്ട് വിഷമിച്ചിരിക്കുന്നയാളല്ല ഞാൻ. എനിക്ക് എന്റേതായ ലക്ഷ്യങ്ങളുണ്ട്. വളരെ പാവപ്പെട്ട കുടുംബത്തിലാണ് ഞാൻ ജനിച്ചത്. പഠിക്കുന്ന കാലത്തും ചെറിയ ജോലികൾ ചെയ്ത് വരുമാനം കണ്ടെത്തുമായിരുന്നു. ദുബായിൽ പോയാൽ നമ്മുടെ ലൈഫിലേക്ക് ആരും ഇടിച്ചുകയറി വരികയോ ചോദ്യം ചെയ്യുകയോ ഇല്ല. അങ്ങനൊരു ഗുണം ദുബായ് ജീവിതത്തിനുണ്ട്. ഇതുവരെയുള്ള ജീവിതത്തിൽ ഞാൻ ദൈവങ്ങളെ കണ്ടിട്ടുണ്ട്. അതിൽ ഒന്ന് ആഷിയുടെ രൂപത്തിലാണ്. പല അവസരങ്ങളിലും ദൈവം ചില ആളുകളുടെ രൂപത്തിൽ എന്നിലേക്ക് വന്നിട്ടുണ്ട്.
എന്ത് വന്നാലും ആഷി എനിക്കൊപ്പം നിൽക്കും. അവന് എന്നോടുള്ള സ്നേഹം എനിക്ക് അറിയാം. ട്രാൻസായി മാറിയാലേ എനിക്കൊപ്പം നിൽക്കൂ എന്നൊന്നും അവനില്ല. എന്നെ അറിയാത്തവരാണ് മോശം കമന്റുകൾ ഇടുന്നത്. സ്നേഹ ബന്ധമെന്ന് പറയുമ്പോൾ എല്ലാവരും അതിനെ സെക്സുമായി മാത്രമാണ് കണക്ട് ചെയ്യുന്നത്. അതിനും അപ്പുറം ഒരു സ്നേഹമുണ്ട്. ഞാനും ആഷിയും നല്ല ഹാപ്പിയാണ്.
എല്ലാം കൊണ്ടും ഓക്കെയാണ്. ഡൗൺ സർജറി നന്നായി പഠിച്ചശേഷം മാത്രമെ ചെയ്യൂ. ബാക്കിയുള്ളതെല്ലാം ചെയ്യാൻ പ്ലാനുണ്ട്. നല്ല ചിലവ് വരും. ലേസർ ട്രീറ്റ്മെന്റ് മുതൽ നല്ല ചിലവ് വരും. എല്ലാം കഴിഞ്ഞ് ഒരു പൂർണ്ണ സ്ത്രീയാകുമ്പോൾ നല്ലൊരു തുകയാകും. കമ്യൂണിറ്റിയിൽ നിന്ന് ഒരു സഹായവും ഞാൻ വാങ്ങിയിട്ടില്ല. എന്റെ സേവിങ്സ് വെച്ചാണ് ഞാൻ ട്രീറ്റ്മെന്റ് ചെയ്യുന്നത്.
ജാസി പെണ്ണായി മാറിയിട്ടില്ലെന്ന് കമ്യൂണിറ്റിയിൽ നിന്ന് തന്നെ പലരും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. അവർക്ക് വേണ്ടി ഞാൻ എന്തിന് എന്റെ ശരീരഭാഗങ്ങൾ മുറിച്ച് കളയണം?. വേദനയും വിഷമവും ഞാനാണ് സഹിക്കേണ്ടത്. അതുകൊണ്ട് വ്യക്തമായി പഠിച്ചും ആലോലിച്ചുമേ ഞാൻ ചെയ്യു എന്നും ജാസി പറഞ്ഞു.


Click it and Unblock the Notifications











