എല്ലാം കെട്ടടങ്ങി; സോഷ്യൽമീഡിയയിൽ തിരിച്ചെത്തി സിദ്ധാർത്ഥ് പ്രഭു, കേസ് ഒത്ത് തീർപ്പാക്കിയോയെന്ന് ചോദ്യങ്ങൾ!
അടുത്തിടെ ഏറ്റവും കൂടുതൽ ചർച്ചയായ ഒന്നായിരുന്നു സീരിയൽ താരം സിദ്ധാർത്ഥ് പ്രഭു സൃഷ്ടിച്ച വാഹനാപകടം. ഡിസംബർ 24ന് രാത്രിയിലാണ് അപകടം നടന്നത്. കോട്ടയം ഭാഗത്ത് നിന്ന് എത്തിയ സിദ്ധാര്‍ത്ഥ് ഓടിച്ച കാര്‍ ലോട്ടറി വില്‍പ്പനക്കാരനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. നടൻ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. അപകടം ശ്രദ്ധയിൽപ്പെട്ട് ഓടി കൂടിയ നാട്ടുകാർ നടനെ ചോദ്യം ചെയ്തപ്പോൾ നാട്ടുകാരേയും ഇടപെടാനെത്തിയ പോലീസിനെയും താരം ആക്രമിച്ചതായും പരാതി ഉയർന്നിരുന്നു.
പിന്നീട് ബലംപ്രയോഗിച്ചാണ് സിദ്ധാര്‍ത്ഥിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന സിറ്റ്കോമിൽ സിദ്ധു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയായിരുന്നു താരം. അതിനിടയിലാണ് അപകടവും കേസും വിവാദങ്ങളും ഉണ്ടായത്.

സിദ്ധാർത്ഥ് സൃഷ്ടിച്ച അപകടത്തിൽ പരിക്കേറ്റ അമ്പത്തിമൂന്നുകാരനായ തങ്കരാജ് അഞ്ച് ദിവസത്തിനുശേഷം മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. നാട്ടകം സ്വദേശിയായിരുന്നു തങ്കരാജ്. കേസും വിവാദവുമായശേഷം സോഷ്യൽമീഡിയ അടക്കം സിദ്ധാർത്ഥ് പ്രഭു ഡീആക്ടിവേറ്റ് ചെയ്തിരുന്നു.
സംഭവം നടന്ന് ഒന്നര മാസം പിന്നിടുമ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ തിരികെ എത്തിയിരിക്കുകയാണ് യുവ നടൻ. ജയ് ശ്രീ റാം എന്ന എഴുത്താണ് സിദ്ധാർത്ഥിന്റെ പുതിയ ഇൻസ്റ്റഗ്രാം പ്രൊഫൈൽ പിക്ചർ. കമന്റ് ബോക്സെല്ലാം ഓഫാക്കിയിട്ടുമുണ്ട്. പുതിയ പോസ്റ്റൊന്നും പങ്കിട്ടിട്ടില്ല. ഒന്നര ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാം പേജായിരുന്നു സിദ്ധാർത്ഥിന്റേത്.
അപകടം നടന്ന് കേസും വിവാദങ്ങളുമുണ്ടായപ്പോൾ താരം പ്രൊഫൈൽ ഹൈഡ് ചെയ്യുകയായിരുന്നു. പ്രൊഫൈൽ ആക്ടീവാക്കിയതോടെ കേസ് ഒതുക്കി തീർപ്പാക്കിയോ?, കേസുമായി ബന്ധപ്പെട്ട് തുടർ നടപടികൾ നടന് നേരിടേണ്ടി വരില്ലേയെന്നുള്ള എന്നുള്ള ചോദ്യങ്ങളാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. ബാലതാരമായി അഭിനയരംഗത്ത് എത്തിയതാണ് സിദ്ധാർത്ഥ് പ്രഭു.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന തട്ടീം മുട്ടീം എന്ന സിറ്റ്കോമിൽ മഞ്ജു പിള്ളയുടെ മകന്റെ വേഷമായിരുന്നു സിദ്ധാർത്ഥിന്. നടന്റെ സഹോദരി ഭാഗ്യലക്ഷ്മിയും സിറ്റ്കോമിൽ ഭാഗമായിരുന്നു. 2012ൽ ആരംഭിച്ച ഈ സിറ്റ്കോം അവസാനിച്ചത് 2023 ജൂലൈയിലാണ്. മൂന്ന് സീസണുകളാണ് ഉണ്ടായിരുന്നത്. സിദ്ധാർത്ഥ് കണ്ണൻ എന്ന കഥാപാത്രത്തെയും സഹോദരി ഭാഗ്യലക്ഷ്മി മീനാക്ഷി എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചിരുന്നത്.

തട്ടീം മുട്ടീക്കുശേഷം സിനിമ ട്രൈ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു സിദ്ധാർത്ഥ്. അതിനിടയിലാണ് ഉപ്പും മുളകിലേക്ക് ക്ഷണം ലഭിച്ചത്. ജൂഹി റുസ്തഗി അവതരിപ്പിക്കുന്ന ലച്ചു എന്ന കഥാപാത്രത്തിന്റെ ഭർത്താവിന്റെ റോൾ ആയിരുന്നു സിദ്ധാർത്ഥ് ചെയ്തിരുന്നത്. സിദ്ധാർത്ഥിന്റെ കഥാപാത്രം പ്രേക്ഷകർ സ്വീകരിക്കുകയും അതുവരെ റേറ്റിങിൽ പിന്നിലായിരുന്നു സിറ്റ്കോം വളരെ പെട്ടന്ന് ട്രെന്റിങിൽ കയറുകയുമായിരുന്നു.
സിദ്ധു-ലെച്ചു കോമ്പോ കാണാൻ വേണ്ടി മാത്രം ഉപ്പും മുളകും എപ്പിസോഡുകൾക്ക് പ്രേക്ഷകർ കാത്തിരിക്കുന്ന സാഹചര്യത്തിലേക്ക് വരെ കാര്യങ്ങൾ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി സിദ്ധാർത്ഥിന്റെ പേരിൽ കേസും വിവാദങ്ങളും ഉണ്ടായത്. കേസ് ഉൾപ്പെട്ട ആർട്ടിസ്റ്റായതിനാൽ സിദ്ധാർത്ഥിനെ സിറ്റ്കോമിൽ നിന്നും മാറ്റിയെന്നും ഇനി തിരിച്ചെടുക്കാൻ സാധ്യതയില്ലെന്ന തരത്തിലുമാണ് റിപ്പോർട്ടുകൾ.
അതേസമയം ഉപ്പും മുളകിൽ പുതിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ശിവാനിയുടെ കോളേജ് സീനിയറുടെ റോളിൽ എത്തുന്നത് ബിഗ് ബോസ് മലയാളം സീസൺ അഞ്ച് ഫെയിം വിഷ്ണു ജോഷിയാണ്. പ്രമോയും എപ്പിസോഡും ഇതിനോടകം തന്നെ ഹിറ്റായി മാറി കഴിഞ്ഞു. അഭിനയ മോഹം ഉള്ളിലുള്ളയാളാണ് വിഷ്ണു. അതുകൊണ്ട് തന്നെ ജനപ്രിയ സിറ്റ്കോമായ ഉപ്പം മുളകിലെ റോൾ വിഷ്ണുവിന്റെ കരിയറിന് ഗുണം ചെയ്യും.


Click it and Unblock the Notifications











