ഉപ്പുംമുളകില്‍ തനിക്കേറെയിഷ്ടം അവളെയാണെന്ന് അശ്വതി, എല്ലാരുടേയും ടെന്‍ഷന്‍ മാറ്റുന്നതും അങ്ങനെയാണ്
ഉപ്പും മുളകിലെ പുതിയ അതിഥിയായ പൂജ ജയറാമിന് ആരാധകര്‍ മികച്ച പിന്തുണയാണ് നല്‍കുന്നത്. തുടക്കത്തില്‍ വിമര്‍ശനങ്ങള്‍ ഏറെയായിരുന്നുവെങ്കിലും ആ അവസ്ഥ മാറിയിരിക്കുകയാണ് ഇപ്പോള്‍. പാറമട വീട്ടിലെ കുടുംബാംഗങ്ങള്‍ക്കൊപ്പം ചേരാനായതില്‍ ഏറെ സന്തോഷമുണ്ട് തനിക്കെന്നും താരം പറയുന്നു. ജാംഗോ സ്പേസ് ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അശ്വതി നായര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.
ഉപ്പും മുളകിലേക്ക് ചെന്ന് കഴിഞ്ഞാല്‍ അവിടെ കേശുവും ശിവയും റിഷിയും ഞാനുമൊക്കെയായി ഫുള്‍ കളിയും ബഹളവുമാണ്. ഞങ്ങളെല്ലാവരും ഒരേ പ്രായക്കാരെപ്പോലെയാണ് അവിടത്തെ കളി. സ്‌ക്രിപറ്റ് വന്നാല്‍ എല്ലാവരും സീരിയസാവും. അത് പഠിച്ച് പോയി ചെയ്യും. പിന്നെയും പഴയത് പോലെയാവും. ഉപ്പും മുളകില്‍ എല്ലാവരും ഭയങ്കര ആക്ടീവാണ്. താന്‍ ചെന്ന സമയത്ത് പാറുക്കുട്ടി ഉണ്ടായിരുന്നില്ല. താന്‍ ചെന്ന് 7ാമത്തെ എപ്പിസോഡിലായിരുന്നു പാറുക്കുട്ടി വന്നത്. കുട്ടികളെ തനിക്കൊരുപാട് ഇഷ്ടമാണെന്നും അശ്വതി പറയുന്നു.

പാറുവിനെ ആദ്യം കണ്ടപ്പോള്‍
ആദ്യം ചെന്നെടുക്കാന്‍ നോക്കിയപ്പോള്‍ പാറു സമ്മതിച്ചിരുന്നില്ല. അപ്പോള്‍ വല്ലാതെ സങ്കടം തോന്നി. പാറു താനുമായി മിംഗിള്‍ ആവില്ലേയെന്നോര്‍ത്തായിരുന്നു ടെന്‍ഷന്‍. പിറ്റേ ദിവസത്തെ എപ്പിസോഡില്‍ ഞങ്ങളുടെ കോംപിനേഷന്‍ സീനുകളുണ്ട്. അതോര്‍ത്തായിരുന്നു വിഷമിച്ചത്. കുറച്ച് സമയം കഴിഞ്ഞ് ഒരു കോലുമിഠായി കാണിച്ചപ്പോള്‍ അവളിങ്ങ് പോന്നു, അപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നും അശ്വതി പറയുന്നു.

പൂജച്ചേച്ചിയെന്നാണ് വിളിക്കുന്നത്
പൂജച്ചേച്ചി എന്ന് പറഞ്ഞാണ് ഇപ്പോള്‍ ഓടിവരുന്നത്. എന്റെ യഥാര്‍ത്ഥ പേര് അശ്വതിയാണെന്ന് അവള്‍ക്ക് അറിയില്ല. അവളുടെ പൂജ ചേച്ചി എന്ന് പറഞ്ഞ് ഓടിവരും. അവളെ ഒരുപാട് ഇഷ്ടമാണ്. എല്ലാരും ടെന്‍ഷനിലായിരിക്കുമ്പോഴും പാറു എന്തെങ്കിലും ഒപ്പിച്ച് വരും. അപ്പോള്‍ എല്ലാവരും ചിരിക്കും. പാറുവും ശിവയുമാണ് ഉപ്പും മുളകിലെ എന്റര്‍ടൈന്‍മെന്റ് പാക്കേജെന്നും അശ്വതി നായര്‍ പറയുന്നു. പാറുക്കുട്ടിയെ ഒരുപാട് ഇഷ്ടമാണെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്.

അപ്രതീക്ഷിതം
തികച്ചും അപ്രതീക്ഷിതമായിരുന്നു ഉപ്പും മുളകിലേക്കുള്ള വരവെന്നും അശ്വതി പറയുന്നു. ട്രോളിനെക്കുറിച്ച് പറയാനാണെങ്കില്‍ ഒരുപാടുണ്ട്. താന്‍ തള്ളി മറിച്ചതാണെന്നാണ് എല്ലാവരും കരുതിയത്. തള്ളിയതല്ല. സൂര്യ മ്യൂസിക്കില്‍ ആങ്കറിംഗ് ചെയ്യാനായി ചെറിയൊരു വീഡിയോ ചെയ്യാന്‍ പറഞ്ഞിരുന്നു. നീ കുറേ സംസാരിക്കുന്നതല്ലേ, കുറേ സംസാരിക്കൂയെന്നായിരുന്നു ഫ്രണ്ട് പറഞ്ഞത്. അങ്ങനെ ആ ഒരു ഫ്‌ളോയില്‍ സംസാരിച്ചതാണ്. അത് തള്ളിയതല്ല സത്യമാണ്.

തള്ളിയതല്ല അത്
രണ്ടര വയസ്സിലാണ് അമ്മ എന്നെ ഡാന്‍സ് പഠിപ്പിക്കാന്‍ തുടങ്ങിയത്. പാട്ടുപാടും അതെന്റെ സ്വകാര്യ അഹങ്കാരമാണെന്ന് ചുമ്മാ പറഞ്ഞതാണ്. എനിക്ക് പാടാനിഷ്ടമാണ്. ഞാന്‍ പാടുമെന്നാണ് എന്റെ വിചാരം. ഉള്ള സത്യാവസ്ഥ പറഞ്ഞപ്പോള്‍ എല്ലാവരും ട്രോളി. വലിയ വലിയ സിനിമകളിലെ രംഗങ്ങളൊക്കെ എടുത്തായിരുന്നു എനിക്ക് ട്രോള്‍. അതൊക്കെ ഒരുപാട് ഇഷ്ടമായി. ട്രോള്‍ എഡിറ്റ് ചെയ്യുന്നവരുടെ കഴിവ് അസാധ്യമാണ്. കുറേയുണ്ട്, അശ്വതി എസ് നായര്‍ ട്രോള്‍ എന്ന് നോക്കിയാല്‍ കാണാം.


Click it and Unblock the Notifications