അന്ന് ഇത്ര മനക്കട്ടി എനിക്ക് ഇല്ലായിരുന്നു; എന്റെ കല്യാണം കഴിഞ്ഞത് ഞാന്‍ പോലും അറിഞ്ഞില്ലെന്ന് ജുഹി റുസ്തഗി
ഉപ്പും മുളകിലെയും ലെച്ചു അങ്ങനെയാണ് നടി ജുഹി റുസ്തഗി അറിയപ്പെടാറുള്ളത്. അഞ്ച് വര്‍ഷത്തോളം നീണ്ട് നിന്നിരുന്ന പരമ്പരയിലെ പ്രധാന കഥാപാത്രം ജുഹി കൂടി ആയിരുന്നു. പെട്ടെന്നാണ് താന്‍ പിന്മാറുകയാണെന്ന് അറിയിച്ച് ജുഹി വന്നത്. പിന്നീട് യാതൊരു വിവരങ്ങളും ഇല്ലാതായി. ഇപ്പോള്‍ വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഒരു വാഹനാപകടത്തില്‍ ജുഹിയുടെ മാതാവ് അന്തരിച്ചതും വലിയ വാര്‍ത്തയായിരുന്നു.
അമ്മയുടെ വേര്‍പാടിന് ശേഷം അഭിനയ രംഗത്തേക്ക് എത്തിയിരിക്കുകയാണ് നടി. ഇതിനിടെ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ജുഹി റുസ്തഗി. എല്ലാവരും ചോദിക്കാറുള്ള തന്റെ പ്രത്യേകതകളെ കുറിച്ചും കല്യാണം കഴിഞ്ഞെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളെ കുറിച്ചുമൊക്കെ നടി മറുപടി പറയുന്നു.

'കൂടുതല്‍ ആളുകളും എന്റെ കണ്ണിനെ കുറിച്ചാണ് പറയാറുള്ളത്. ഇതെന്താണ് ഇങ്ങനെത്തെ കണ്ണ് എന്നാണ് പലരും ചോദിക്കുന്നത്. കാരണം ഉള്ളിലേക്ക് കുഴിഞ്ഞ മൂങ്ങയെ പോലെയാണ് തന്റെ കണ്ണ് ഇരിക്കുന്നത്. പഴയ സീരിയലില്‍ ഉള്ളവരും അല്ലാത്തവരുമൊക്കെ ചെല്ലപ്പേരായി എന്നെ വെള്ളിമൂങ്ങ എന്നാണ് വിളിക്കുന്നത്. ലെച്ചു എന്ന് കൂടാതെ വെള്ളിമൂങ്ങ എന്ന പേരുമുണ്ട്. പണ്ട് എനിക്കീ കണ്ണ് ഇഷ്ടമല്ലായിരുന്നു. പക്ഷേ ഇപ്പോള്‍ എന്റെ ഐഡന്റിറ്റി ഈ കണ്ണാണ്. മാസ്‌ക് വെച്ച് പോയാലും ഇത് ആ കൊച്ച് തന്നെയാണോ എന്ന് ആളുകള്‍ നോക്കും.

പിന്നെ എന്താണ് ജുഹി റുസ്തഗി എന്നുള്ള പേരാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ആ പേരില്‍ ഇതുവരെ ഒരാളെ കണ്ടിട്ടില്ല. ജുഹി എന്ന പേര് ഒരുപാടുണ്ട്. ജുഹി റുസ്തഗി ഇല്ല. റുസ്തഗി ഞങ്ങളുടെ കാസ്റ്റ് ആണ്. എങ്കിലും ചിലര്‍ക്ക് എന്റെ ഒര്‍ജിനല്‍ പേരും അറിയില്ല. പ്രേക്ഷകരും അമ്മയുടെ കുടുംബാംഗങ്ങള്‍ പോലും എന്നെ ലെച്ചു എന്നാണ് വിളിക്കുന്നത്. എന്റെ സ്വന്തം പേര് എല്ലാവരും മറന്നു. പിന്നെ ഗുഡിക എന്നാണ് വീട്ടില്‍ വിളിക്കുന്ന മറ്റൊരു പേര്. അത് പപ്പ വിളിച്ചിരുന്ന പേരായിരുന്നു എന്നാണ് നടി വ്യക്തമാക്കുന്നത്.

അതേ സമയം ഉപ്പും മുളകില്‍ നിന്നും പിന്മാറിയതിനെ പറ്റി പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. അന്ന് ജുഹി സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന വാര്‍ത്തകളായിരുന്നു വന്നത്. ഇതിനെ പറ്റിയുള്ള ചോദ്യത്തിനും നടി മറുപടി പറഞ്ഞു. 'ഒരു സീരിയലില്‍ നിന്നും പിന്മാറിയത് മറ്റൊരു സിനിമയില്‍ അഭിനയിക്കാന്‍ എന്നായിരുന്നു വാര്‍ത്ത. പക്ഷേ ഇതൊന്നും താന്‍ അറിഞ്ഞിരുന്നില്ല എന്നാണ് നടി പറയുന്നത്. യൂട്യൂബില്‍ കുറേ ഫേക്ക് ന്യൂസുകള്‍ വരുന്നുണ്ട്. അതിലൊന്ന് എന്റെ കല്യാണം കഴിഞ്ഞു എന്നതാണ്. എന്റെ കല്യാണം കഴിഞ്ഞത് ഞാന്‍ പോലും അറിഞ്ഞിട്ടില്ല. ആരെങ്കിലും അറിയുകയാണെങ്കില്‍ പറയണേ എന്നുമാണ് ജുഹി അതിന് മറുപടി നല്‍കുന്നത്.

മനസില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളെ കുറിച്ച് വാര്‍ത്ത വരുമ്പോള്‍ ദേഷ്യമല്ല, സങ്കടമാണ് വരുന്നത്. ഇവരിത് എഴുതി പിടിപ്പിച്ചിട്ട് അവര്‍ക്ക് എന്താണ് കിട്ടുന്നത്. സത്യം പറഞ്ഞാല്‍ പുഛം. അല്ലാതെ ദേഷ്യം വന്നിട്ടെന്താണ് കാര്യം. ഒരു വാര്‍ത്തകളോടും പ്രതികരിക്കാറില്ല. ഒരു അബ്യൂസിനെ കുറിച്ച് മാത്രം പ്രതികരിച്ചിരുന്നു. അത് കേസ് കൊടുക്കുകയും ചെയ്തു. വേറെ ഒരാളുടെ വീഡിയോ എന്റേതാണെന്ന തരത്തില്‍ പ്രചരിപ്പിച്ചിരുന്നു. അതിനെതിരെയാണ് കേസ് നല്‍കിയത്.
Recommended Video

തുടക്കത്തില്‍ ഇതൊക്കെ കേള്‍ക്കുമ്പോള്‍ തളര്‍ന്നിരുന്നു. അന്ന് ഇത്രയും മനക്കട്ടി ഇല്ലായിരുന്നല്ലോ. ആദ്യമൊക്കെ സങ്കടം വരുമ്പോള്‍ ഞാന്‍ കരയുമായിരുന്നു. ഇപ്പോള്‍ പറയേണ്ടവര്‍ക്ക് പറയാം, ഞാനത് മൈന്‍ഡ് ചെയ്യാറില്ലെന്നാണ് ജുഹി പറയുന്നത്. നിലവില്‍ എരിവും പുളിയും എന്ന പേരില്‍ ആരംഭിക്കുന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജുഹി. ഉപ്പും മുളകിലെയും അതേ താരങ്ങള്‍ അണിനിരക്കുന്നു എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.


Click it and Unblock the Notifications











