ഉപ്പും മുളകിനും മുമ്പും എനിക്കൊരു ജീവിതമുണ്ടായിരുന്നു, നിഷ സാരംഗ് തിരിച്ച് വരുന്നു; പക്ഷെ...; നീലു ഇനിയില്ലേ
ഉപ്പും മുളകും എന്ന സിറ്റ് കോം ഹിറ്റാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് നിഷ സാരംഗ് ചെയ്ത നീലു എന്ന കഥാപാത്രമായിരുന്നു. എന്നാലിപ്പോൾ നിഷ ഉപ്പും മുളകിന്റെ ഭാഗമല്ല. സിറ്റ് കോം ഇപ്പോഴും മുന്നോട്ട് പോകുന്നുണ്ട്. അടുത്ത കാലത്ത് നിഷ സാരംഗ് നൽകിയ അഭിമുഖങ്ങളിലെ പരാമർശങ്ങൾ പല വ്യാഖ്യാനങ്ങൾക്കും കാരണമായിട്ടുണ്ട്. പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് നിഷ സംസാരിക്കുന്നു. വൺ 2 ടോക്സിലാണ് പരാമർശം.
ഇപ്പോൾ ഞാൻ ആലോചിക്കുന്നത് മിണ്ടാതിരിക്കാനാണ്. നമ്മൾ ഉത്തരം പറയുമ്പോൾ പല കഥകൾ എഴുതി വരും. തലക്കെട്ട് കൊടുത്തിരിക്കുന്നത് വേറെയായിരിക്കും. അതിലും നല്ലത് അത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയാതിരിക്കുക എന്നതാണ്. ഉപ്പും മുളകിനും മുമ്പേ ലെെഫ് ഉണ്ടായിരുന്നു. 9 വർഷം ഉപ്പും മുളകിൽ നിന്നു. 26 വർഷമായി ഞാൻ ഇൻഡസ്ട്രിയിൽ നിന്നിട്ട്. ഏറ്റവും കൂടുതൽ ലെെഫ് ഉപ്പും മുളകിനും മുന്നേയായിരുന്നു. ഉപ്പും മുളകിനും മുന്നേ എങ്ങനെയായിരുന്നോ അത് പോലെ ഇപ്പോഴും ജീവിതം പോകുന്നു. അതിന് മുമ്പേ ഞാൻ ഒരുപാട് സിനിമകളിലും സീരിയലുകളിലും ബിസിയായിരുന്നു. നൂറോളം സിനിമകൾ ചെയ്തിട്ടുണ്ട്. അമ്പതോളം സീരിയലുകളും ചെയ്തിട്ടുണ്ട്.

എല്ലാ മനുഷ്യർക്കും എപ്പോഴും എവിടെയെങ്കിലും വെച്ച് നല്ലൊരു ബ്രേക്ക് കിട്ടും. അത് പോലെ എനിക്ക് കിട്ടിയതാണ് ഉപ്പും മുളകും. നാച്വറലായി അഭിനയിക്കാനുള്ള പ്ലാറ്റ്ഫോമാണ് അവിടെ കിട്ടിയത്. അതെന്റെ ആക്ടിംഗിന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ഇനിയുള്ള യാത്രകളിൽ എനിക്കാവശ്യം അതാണെന്ന് നിഷ പറയുന്നു. ഞാനാരെക്കുറിച്ചെങ്കിലും എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ. അനാവശ്യ വിവാദങ്ങൾ എന്നെ ബാധിക്കുന്ന കാര്യമല്ല. ആരെങ്കിലും അവർക്ക് ജീവിക്കാൻ വേണ്ടി എഴുതിയും പറഞ്ഞും വിടുമ്പോൾ ഞാൻ അതിനൊക്കെ ഉത്തരം കൊടുത്താൽ എനിക്ക് ജീവിക്കാൻ പറ്റുമോ.
എന്റെ ജീവിതം എന്റെ മാത്രം കെെകളിലാണ്. സിനിമാ രംഗവും ടെലിവിഷൻ രംഗവും ഒരുപോലെ കൊണ്ട് പോകുന്നു. ഇപ്പോഴും ഞാൻ ടെലിവിഷനിലുണ്ട്. അതിപ്പോൾ ടെലികാസ്റ്റിംഗ് ആരംഭിക്കുകയാണ്. സിനിമയിൽ ചെയ്യുന്നുണ്ട്. പഴയത് പോലെ തന്നെ ഇപ്പോഴും പോകുന്നു. ഒരെണ്ണത്തിൽ (ഉപ്പും മുളകും) ഇല്ല എന്ന് മാത്രമേയുള്ളൂ. ഞാൻ ജീവിച്ചത് തന്നെ മക്കൾക്ക് വേണ്ടിയാണ്. ഞാൻ ജീവിക്കുന്ന ഓരോ നിമിഷവും അവർക്ക് വേണ്ടി തന്നെയാണെന്നും നിഷ സാരംഗ് പറയുന്നു. ടെലിവിഷൻ രംഗത്തേക്ക് മടങ്ങി വരുന്നു എന്ന് നിഷ സാരംഗിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഉപ്പും മുളകിലേക്കല്ല തിരിച്ച് വരവ്. പഴയ നീലുവായി ഇനി നിഷയെ കാണാൻ പറ്റില്ലേ എന്നാണ് പ്രേക്ഷകരുടെ ചോദ്യങ്ങൾ.


Click it and Unblock the Notifications











