ഉപ്പും മുളകില്‍ സന്തോഷത്തോടെയാണ് അഭിനയിക്കുന്നതെന്ന് നിഷ സാരംഗ്! ഇവരുടെ പിന്തുണ സഹായിച്ചു!
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രികളിലൊരാളാണ നിഷ സാരംഗ്. ഉപ്പും മുളകും പരമ്പരയിലെ സുപ്രധാന കഥാപാത്രങ്ങളിലൊന്നായ നീലുവിനെ അവതരിപ്പിക്കുന്നത് നിഷയാണ്. സീരിയലിലും സിനിമയിലുമൊക്കെയായി മുന്നേറുന്നതിനിടയിലാണ് ഉപ്പും മുളകിലേക്ക് താരമെത്തിയത്. ഈ പരമ്പരയാണ് നിഷയെ കൂടുതല്‍ പ്രശസ്തയാക്കിയത്. ബാലുവിന്റെ സകല ഉടായിപ്പുകള്‍ക്കും മക്കളുടെ കുസൃതികള്‍ക്കുമൊക്കെ മൗനസമ്മതം നല്‍കുന്ന നീലുവിനെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ മറക്കില്ല. നീലുവിന്റെ ജോലിയാണ് കുടുംബത്തെ മുന്നോട്ട് നയിക്കുന്നത്. ബാലുവിന്റെ മടിയും എടുത്തുചാട്ടവും കാരണം കിട്ടുന്ന പണികള്‍ പരിഹരിക്കാനും നീലു തന്നെയാണ് ഇറങ്ങാറുള്ളത്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായി നിഷയെ ഉയര്‍ത്തിയത് ഉപ്പും മുളകുമാണ്.
തുടക്കത്തില്‍ തങ്ങള്‍ക്കിടയിലെ കെമിസ്ട്രി വിജയിച്ചിരുന്നില്ലെന്നും പിന്നീടാണ് നീലു-ബാലു കോംപിനേഷന്‍ വര്‍ക്കൗട്ടായതെന്നും ബിജു സോപാനം പറഞ്ഞിരുന്നു. മിനിസ്‌ക്രീനിലെ പ്രിയദമ്പതികള്‍ ഇതേ പേരുമായി സിനിമയിലേക്കും എത്തുകയാണ്. ടൊവിനോ തോമസും അഹാന കൃഷ്ണയും നായികനായകന്‍മാരായെത്തുന്ന ലൂക്കയിലൂടെയാണ് അത് സംഭവിക്കുന്നത്. നേരത്തെയും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ബാലുവും നീലുവുമായി ഇവരെത്തുന്നത്. എങ്ങനെയായിരിക്കും അവരുടെ വരവെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും ബോള്‍ഡാണ് നിഷ സാരംഗ്. ഉപ്പും മുളകും പരമ്പരയ്ക്കിടയിലുണ്ടായ പ്രശ്‌നങ്ങളില്‍ സ്വന്തം നിലപാട് താരം കൃത്യമായി വ്യക്തമാക്കിയിരുന്നു. ശക്തമായ ആരാധക പിന്തുണയായിരുന്നു താരത്തിന് ലഭിച്ചതും. ടെലിവിഷന്‍ താരങ്ങളുടെ സംഘടനയായ ആത്മയും ഈ സമയത്ത് തന്നെ പിന്തുണച്ചിരുന്നുവെന്ന് താരം പറയുന്നു. അടുത്തിടെ നടന്ന ആത്മയോഗത്തില്‍ സംസാരിക്കവെയായിരുന്നു നിഷ സാരംഗ് ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

പ്രശ്‌നം വന്നപ്പോള്‍ കൂടെ നിന്നു
സിനിമ-സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോവുന്നവരാണ്. സ്ത്രീകളെ സംബന്ധിച്ച് സുരക്ഷ പലപ്പോഴും ചോദ്യചിഹ്നമായി മാറാറുണ്ട്. മീ ടൂവും കാസ്റ്റിങ് കൗച്ചും പോലെയുള്ള സംഭവങ്ങള്‍ ഇന്നും നടക്കുന്നുണ്ടൈന്ന് പലരും വ്യക്തമാക്കിയിരുന്നു. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. അത്തരത്തിലൊരു പ്രശ്‌നത്തിലൂടെ കടന്നുപോവേണ്ടി വന്നപ്പോള്‍ ആത്മ പിന്തുണച്ചുവെന്നും സംഘടനയുടെ ഇടപെടലുകളിലൂടെയാണ് പ്രശ്‌നം പരിഹരിച്ചതെന്നും നിഷ സാരംഗ് പറയുന്നു. അടുത്തിടെ നടന്ന ജനറല്‍ ബോഡി യോഗത്തിനിടയിലായിരുന്നു നിഷ സാരംഗ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. തന്റെ കാര്യത്തിന് പെട്ടെന്ന് പരിഹാരം കാണാന്‍ സംഘടനയുടെ ഇടപെടല്‍ സഹായിച്ചു, ഇപ്പോള്‍ സന്തോഷത്തോടെ അവിടെ നിന്ന് വര്‍ക്ക് ചെയ്യാന്‍ കഴിയുന്നതും അതുകൊണ്ടാണെന്ന് നിഷ സാരംഗ് പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്നും നിറഞ്ഞ കൈയ്യടിയായിരുന്നു ഉയര്‍ന്നുവന്നത്.

സംവിധായകനില്‍ നിന്നും ദുരനുഭവം
ആത്മയിലെ എല്ലാ അംഗങ്ങള്‍ക്കും താരം നന്ദി അറിയിച്ചിരുന്നു. ഇത്തരത്തിലുള്ള വിഷയങ്ങളുണ്ടാവുമ്പോള്‍ നമ്മളെക്കൊണ്ടാവുന്ന രീതിയില്‍ പരിഹരിക്കാന്‍ ശ്രമിക്കുക, താനും അതിനായി ശ്രമിച്ചിരുന്നു. എന്നാല്‍ തന്നെക്കൊണ്ട് കഴിയാതെ വന്നപ്പോളാണ് സംഘടനയുടെ സഹായം തേടിയത്. ഇതുപോലെ പ്രശ്‌നങ്ങള്‍ അറിയിക്കുകയാണെങ്കില്‍ പരിഹരിക്കാനും നീതി ലഭ്യമാക്കാനും എല്ലാവരും സഹായിക്കും. പ്രൊഫഷണലായാലും വ്യക്തിപരമായാലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമുക്ക് കഴിയുമെന്നും താരം പറഞ്ഞിരുന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളെല്ലാം യോഗത്തില്‍ പങ്കെടുത്തിരുന്നു. ഉപ്പും മുളകും പരമ്പരയുടെ മുന്‍സംവിധായകനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞായിരുന്നു നിഷ സാരംഗ് എത്തിയത്.

ശക്തമായി നേരിട്ടു
സംവിധായകനെ മാറ്റാതെ താന്‍ ഇനി പരമ്പരയിലേക്കില്ലെന്നായിരുന്നു നിഷ സാരംഗ് പറഞ്ഞത്. ഇതിന് പിന്നാലെയായാണ് വിഷയത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചുവെന്നും ഇനി ഇക്കാര്യത്തിലൊരു തീരുമാനം വേണമെന്നും താരം പറഞ്ഞിരുന്നു. സംവിധായകനെ മാറ്റുമെന്നും നീലുവിന് പരമ്പരയില്‍ തുടരാമെന്നും വ്യക്തമാക്കി ചാനല്‍ അധികൃതര്‍ രംഗത്തെത്തിയതോടെയാണ് പ്രശ്‌നം പരിഹരിച്ചത്. അടുക്കളയിലെപ്പോലെ തന്നെ പ്രേക്ഷകരുടെ സ്വീകരണമുറിയിലേയും അവിഭാജ്യ ഘടകമായി മാറിയ പരമ്പരയെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ ആരാധകരും ആശങ്കയിലായിരുന്നു. എന്നാല്‍ ആശയക്കുഴപ്പങ്ങളെല്ലാം കൃത്യമായി പരിഹരിച്ച് പരമ്പരയെ ശക്തമായി മുന്നോട്ട് നയിക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍.

പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തി
നീലുവില്ലാതെ ഇനി പരമ്പര കാണില്ലെന്നും നീലുവിനെ മാറ്റുന്ന കാര്യത്തോട് യോജിക്കാനാവില്ലെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. താരത്തിന് നീതി ലഭ്യമാക്കണെമെന്നും സംവിധായകനെ മാറ്റണമെന്നുമുള്ള ആവശ്യവും ശക്തമായിരുന്നു. ഇതിന് പിന്നാലെയായാണ് സംവിധായകനെ മാറ്റിയെന്ന വിവരമെത്തിയത്. ബാലുവുമായി പിണങ്ങി പടവലത്തേക്ക് പോയ നീലു ഒന്നൊന്നര തിരിച്ചുവരവായിരുന്നു നടത്തിയത്. പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തിയ താരത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. പരമ്പരയിലും ആ മാറ്റം പ്രകടമായിരുന്നു.

വിജയകരമായി മുന്നേറുന്നു
സീരിയല്‍ വിരോധികള്‍ പോലും വിടാതെ കാണുന്ന പരമ്പരയാണ് ഉപ്പും മുളകും. വൈകുന്നേരത്തെ വിനോദത്തിനായി പലരും ആശ്രയിക്കുന്നത് ഈ പരമ്പരയെ ആണ്. സ്വഭാവികമായ അഭിനയമാണ് പരമ്പരയെ വ്യത്യസ്തമാക്കുന്നത്. ഇടയ്ക്കിടയ്ക്ക് അതിഥികളായി എത്തുന്നവരും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. വിജയകരമായി മുന്നേറുകയാണ് പരമ്പര. പ്രമോ വീഡിയോ പുറത്തുവരുമ്പോള്‍ മുതല്‍ത്തന്നെ ചര്‍ച്ചകളും സജീവമായി മാറാറുണ്ട്. താരങ്ങളുടെ പേരിലും പരിപാടിയുടെ പേരിലും ഫാന്‍സ് ഗ്രൂപ്പുകള്‍ സജീവമാണ്.


Click it and Unblock the Notifications