ഭാര്യയെ ചേര്‍ത്ത് പിടിച്ച് മുടിയന്‍; ക്യൂട്ട് ലുക്കില്‍ ഐശ്വര്യ! ഹണിമൂണ്‍ ആഘോഷിക്കുകയാണെന്ന് പറഞ്ഞ് താരങ്ങൾ
ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് റിഷി എസ് കുമാര്‍. ഇക്കഴിഞ്ഞ ബിഗ് ബോസ് ഷോ യിലും സജീവ സാന്നിധ്യമായിരുന്ന റിഷി വിവാഹിതനായിരിക്കുകയാണ്. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു റിഷിയും നടിയും ഡോക്ടറുമായ ഐശ്വര്യ ഉണ്ണിയും വിവാഹിതരാവുന്നത്.
സോഷ്യല്‍ മീഡിയ ഏറ്റവുമധികം ആഘോഷമാക്കിയ വിവാഹത്തിന് പിന്നാലെ ഹണിമൂണ്‍ യാത്രകളിലാണ് താരങ്ങളിപ്പോള്‍. ഭാര്യയെ ചേര്‍ത്ത് പിടിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് ഹണിമൂണിനെ കുറിച്ച് റിഷി തന്നെയാണ് തുറന്ന് സംസാരിച്ചിരിക്കുന്നത്. പിന്നാലെ കമന്റുമായി എത്തിയിരിക്കുകയാണ് ആരാധകരും.

റിഷിയും ഐശ്വര്യയും മാലിദ്വീപിലേക്കാണ് അവരുടെ ഹണിമൂണ്‍ ആഘോഷിക്കാനായി പോയിരിക്കുന്നത്. ബീച്ചിനോട് ചേര്‍ന്ന് ഐശ്വര്യയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന പ്രണയാതുരമായ ഫോട്ടോസാണ് റിഷി പോസ്റ്റ് ചെയ്തത്. മാലിദ്വീപിലാണ് ഹണിമൂണെന്ന് ഈ പങ്കുവെച്ച ചിത്രത്തിന് ക്യാപ്ഷനില്‍ കൊടുത്തിരുന്നു. ഫോട്ടോസ് പുറത്ത് വന്നതോടെ നവതാരദമ്പതിമാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള കമന്റുകളുമായി ആരാധകരും എത്തി.
വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ആരും ചോദിച്ചില്ലെന്നതാണ് രസകരം. എന്നാല്‍ പലര്‍ക്കും റിഷിയോട് ചോദിക്കാനുള്ളത് വേറൊരു കാര്യമാണ്. ഉപ്പും മുളകിനെയും മുടിയന്‍ മറന്നോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. എന്നാല്‍ ഒരിക്കലും അത് മറക്കാന്‍ പറ്റില്ലെന്നും അതെന്റെ കുടുംബമാണെന്നുമാണ് റിഷി പറഞ്ഞിരിക്കുന്നത്. പിന്നാലെ റിഷിയോട് ഉപ്പും മുളകിലേക്കും തിരിച്ച് വരണമെന്നും നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും ഒരാള്‍ പറയുന്നു. അവര്‍ക്കും നടന്‍ മറുപടി കൊടുത്തിട്ടുണ്ട്.

ഉപ്പും മുളകും പരമ്പരയിലെ വിഷ്ണു എന്ന മുടിയനായിട്ടാണ് റിഷി എസ് കുമാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. തല നിറയെ ചുരുണ്ട മുടികള്‍ ഉള്ളതിലൂടെ മുടിയന്‍ എന്ന പേരും ലഭിച്ചു. വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ സാധിച്ച റിഷി നല്ലൊരു നര്‍ത്തകന്‍ കൂടിയാണ്.
അഭിനയത്തിന് പുറമേ നൃത്തം ചെയ്യാനുള്ള കഴിവും റിഷിയെ വേറിട്ട് നിര്‍ത്തി. ഏറ്റവുമൊടുവില്‍ ബിഗ് ബോസിലും താരം പങ്കെടുത്തിരുന്നു. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണിലായിരുന്നു റിഷിയും മത്സരിച്ചത്. തുടക്കം മുതല്‍ വലിയ ജനപ്രീതി സ്വന്തമാക്കാന്‍ സാധിച്ച താരം നൂറ് ദിവസവും വീടിനകത്ത് നിന്നതിന് ശേഷം ഫിനാലെയിലൂടെയാണ് പുറത്തേക്കിറങ്ങുന്നത്.
ബിഗ് ബോസിന് ശേഷമാണ് താന്‍ പ്രണയത്തിലാണെന്ന കാര്യം റിഷി പുറംലോകത്തോട് വ്യക്തമാക്കുന്നത്. വൈകാതെ നടി കൂടിയായ ഐശ്വര്യയാണ് വധുവെന്നും താന്‍ വിവാഹിതനാവുകയാണെന്നും നടന്‍ വെളിപ്പെടുത്തി. ഏറെ കാലമായി പ്രണയത്തിലായിരുന്ന താരങ്ങള്‍ വീട്ടുകാരുടെ സമ്മതത്തോട് കൂടിയാണ് വിവാഹിതരാവുന്നത്. വിവാഹത്തിന് ശേഷവും കരിയറുമായി മുന്നോട്ട് പോകാനാണ് ഇരുവരുടെയും തീരുമാനമെന്നാണ് സൂചന.


Click it and Unblock the Notifications











