ഉപ്പും മുളകിലും പുതിയ അതിഥി വരുന്നു! ലെച്ചുവിന് പിന്നാലെ മുടിയനും പ്രണയവും വിവാഹവും!
ആയിരം എപ്പിസോഡ് മറികടന്നതോടെ ഉപ്പും മുളകും ലെച്ചുവിന്റെ വിവാഹം വലിയ ആഘോഷമാക്കി നടത്തി. എന്നാല്‍ വിവാഹശേഷം ലെച്ചുവിനെ ആരും കണ്ടില്ല. പിന്നാലെ ലെച്ചുവായി അഭിനയിച്ചിരുന്ന നടി ജുഹി റുസ്തഗി ഇനി പരമ്പരയില്‍ ഉണ്ടാവില്ലെന്ന് വെളിപ്പെടുത്തിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. എന്ത് വന്നാലും പരമ്പര ഉപേക്ഷിക്കില്ലെന്ന് പറഞ്ഞിരുന്നെങ്കിലും പെട്ടെന്നുള്ള ഈ മാറ്റം ആരാധകരും നിരാശയിലാക്കി.
ഒരു കഥാപാത്രത്തിന്റെ കുറവ് പരമ്പരയില്‍ നിഴലിക്കാതെ ഇരിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. അതിനുള്ള തയ്യാറെടുപ്പുകളാണ് കഴിഞ്ഞ എപ്പിസോഡുകളില്‍ കാണിച്ചിരുന്നത്. അതില്‍ പ്രധാനം ഉപ്പും മുളകിലേക്കും ഒരു കുഞ്ഞതിഥി കൂടി വരുന്നു എന്നതാണ്. ഒപ്പം മുടിയനും പ്രണയത്തിലാവുന്നു എന്ന കാര്യവും പുറത്ത് കാണിച്ചിരിക്കുകയാണ്.

ബാലുവിന്റെയും നീലുവിന്റെയും ഇളയമകളായി പാറുക്കുട്ടിയുടെ വരവ് ഉപ്പും മുളകിലും വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്. ജനിച്ച് നാല് മാസം മുതല്‍ പാറു പരമ്പരയുടെ ഭാഗമായിരുന്നു. പാറുക്കുട്ടിയുടെ ഓരോ വളര്‍ച്ചയും പ്രേക്ഷകര്‍ക്ക് മുന്‍പിലായിരുന്നു. മാത്രമല്ല പാറുവിനെ കാണാന്‍ വേണ്ടി മാത്രം ഉപ്പും മുളകും കാണുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ പാറുക്കുട്ടി അല്ലാതെ മറ്റൊരു കുഞ്ഞ് കൂടി കുടുംബത്തിലേക്ക് വരികയാണെന്നുള്ള സന്തോഷ വാര്‍ത്തയാണ് ഈ ദിവസങ്ങളില്‍ വരുന്നത്.

ബാലുവിന്റെ അടുത്ത സുഹൃത്തായ ചന്ദ്രനും ബാലുവിന്റെ മാമാന്റെ മകള്‍ കനകവും തമ്മില്‍ വിവാഹിതരായിട്ട് ഏറെ കാലമായി. എന്നാല്‍ ഇരുവര്‍ക്കും കുഞ്ഞുങ്ങള്‍ ഇല്ലാത്തതിനാല്‍ സങ്കടത്തിലായിരുന്നു. കുടുംബക്കാരുടെ കല്യാണത്തിനോ മറ്റോ പോയിട്ട് വന്നാല്‍ അവിടുന്നുള്ള ചോദ്യങ്ങള്‍ കേട്ട് ഇരുവരും കരയുന്നത് നേരത്തെ കാണിച്ചിരുന്നു. എന്നാല്‍ അവരുടെ സങ്കടം തീര്‍ത്ത് കുഞ്ഞ് വരാന്‍ പോവുകയാണ്. കനകം ഗര്‍ഭിണിയാണെന്ന കാര്യം കഴിഞ്ഞ എപ്പിസോഡിലാണ് പുറത്ത് വന്നത്.

കനകത്തിനെ ആശുപത്രിയില്‍ പോയി കാണിച്ച് ഇക്കാര്യം ഉറപ്പ് വരുത്തി. മാത്രമല്ല വീട്ടിലെ സകല ജോലികളും ചെയ്ത് ചന്ദ്രന്‍ മാതൃക ഭര്‍ത്താവായി മാറിയിരിക്കുകയാണ്. കനകം ഗര്‍ഭിണിയായ സന്തോഷത്തിലാണ് കുടുംബം. ഇതിനപ്പുറം പുതിയൊരു വിശേഷം കൂടി പ്രമോ വീഡിയോയില്‍ കാണിച്ചിരിക്കുകയാണ്. മുടിയന്‍ പ്രണയത്തിലാണോ എന്നതാണ് അത്. കേശുവും ശിവയും കൂടിയാണ് ഇത് കണ്ട് പിടിക്കുന്നത്. അച്ഛനെ ഫോണില്‍ വിളിച്ച് മുടിയന്‍ ചേട്ടന്‍ എന്തോ ഗൂഢാലോചനയിലാണെന്ന് പറയുന്നു. ചിറ്റപ്പനാണ് സപ്പോര്‍ട്ടെന്നും കേശു പറയുന്നു.

ലക്ഷണങ്ങളെല്ലാം കണ്ടിട്ട് മുടിയന്‍ ചേട്ടന്‍ ഗായത്രി ചേച്ചിയെ പ്രൊപ്പോസ് ചെയ്യാനുള്ള പ്ലാന്‍ ആണെന്നാണ് തോന്നുന്നതെന്നും കേശു പറയുന്നു. ബാലു സാര്‍ അറിയണ്ടെന്ന് വിഷ്ണു പ്രത്യേകം പറഞ്ഞിട്ടുണ്ടെന്ന് ഒരു കൂട്ടുകാരന്‍ കേശുവിനോടും ശിവയോടും പറയുന്നു. എന്നാല്‍ വിഷ്ണുവിനെ വടിയെടുത്ത് തല്ലികൊണ്ടാണ് ബാലു ഇതില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത്. പിന്നാലെ തന്റെ കണ്‍വെട്ടത്ത് കണ്ട് പോകരുതെന്ന് പറഞ്ഞ് സുരേന്ദ്രനെ അച്ഛന്‍ വിലക്കി. ഇവിടം വരെ ആയ സ്ഥിതിയ്ക്ക് പ്രണയമോ എന്ത് മണ്ണാങ്കട്ടയോ ആയിക്കോളു, ഞാന്‍ നടത്തി തരാമെന്ന് വിഷ്ണുവിനോട് ബാലു പറയുകയാണ്.


Click it and Unblock the Notifications