ഉപ്പും മുളകിനെയും ഹിറ്റാക്കി പാറുക്കുട്ടി! റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് പാറുവിന്റെ മാസ്!
സിനിമാ താരങ്ങള്‍ക്ക് ഉള്ളതിനെക്കാള്‍ ആരാധക പിന്‍ബലമാണ് ടെലിവിഷന്‍ പരമ്പരയായ ഉപ്പും മുളകിനും. 800 എപ്പിസോഡുകള്‍ക്ക് മുകളില്‍ പൂര്‍ത്തിയാക്കി ഉപ്പും മുളകും ഓരോ ദിവസം കഴിയുംതോറും പ്രേക്ഷകരെ ത്രസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറേ കാലമായി കുടുംബത്തിലെ ശ്രദ്ധേയ കേന്ദ്രം ഇളയമകളായ പാറുക്കുട്ടിയാണ്. ഉപ്പും മുളകും കുടുംബത്തില്‍ അഞ്ചാമതും കുഞ്ഞ് പിറന്നത് മുതല്‍ പ്രേക്ഷകരെ ഏറ്റവുമധികം സ്വാധീനിച്ചത് പാറുക്കുട്ടിയായിരുന്നു.
മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രി എന്ന റെക്കോര്‍ഡ് പാറുക്കുട്ടി സ്വന്തമാക്കിയിരിക്കുകയാണ്. ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ പരമ്പരയില്‍ അഭിനയിച്ച് തുടങ്ങിയ പാറു ഇടയ്ക്ക് ഡയലോഗ് വരെ പറഞ്ഞിരുന്നു. പാറുവിന്റെ രസകരവും ഏറ്റവുമധികം തരംഗമായി മാറിയതുമായ ചില നിമിഷങ്ങള്‍ പരമ്പരയില്‍ ഉണ്ടായിരുന്നു. അതൊക്കെ ഏതാണെന്ന് നോക്കാം.

ഉപ്പും മുളകിലെയും പാറുക്കുട്ടി
വിജയകരമായി സംപ്രേക്ഷണം തുടരുന്ന ഉപ്പും മുളകും ഷോ യില്‍ ഏറ്റവും ഇളയകുട്ടിയാണ് പാര്‍വ്വതി എന്ന പേരിലുള്ള പാറുക്കുട്ടി. ബേബി അമേയ ആണ് പാറുക്കുട്ടിയായി അഭിനയിക്കുന്നത്. പാറുക്കുട്ടി കൂടി വന്നതോടെ ഉപ്പും മുളകും ഒന്നും കൂടി സംഭവബഹുലമായിരിക്കുകയാണ്. പ്രേക്ഷകര്‍ കാണാന്‍ ഇഷ്ടപ്പെടുന്നതും പാറുവിന്റെ ദൃശ്യങ്ങളാണ്. ഷോ യിലെത്തിയതിന് ശേഷമാണ് അമേയ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. ഇത്രയും ചെറിയ പ്രായത്തില്‍ അഭിനേത്രിയായ മറ്റൊരു താരവും കേരളത്തില്‍ ഉണ്ടാവില്ല. ബാലതാരങ്ങളായി ഒരുപാട് പേര്‍ വന്ന് പോയിട്ടുണ്ടെങ്കിലും ജനിച്ച് വീണ് നാല് മാസം മുതല്‍ നിരന്തരം ക്യാമറയ്ക്ക് മുന്നില്‍ ജീവിച്ച് കൊണ്ടിരിക്കുന്ന താരമാണ് ബേബി അമേയ.

പാറുവിന്റെ ജനനം
തുടക്കത്തില്‍ ഉപ്പും മുളകിലും നാല് മക്കളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബമായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ബാലചന്ദ്രന്‍ തമ്പിയ്ക്കും നീലിമ ബാലചന്ദ്രന്‍ തമ്പിക്കും അഞ്ചാമത് ഒരു കുഞ്ഞ് കൂടി പിറക്കുന്നത്. മൂത്ത മകന്‍ വിഷുണുവായിരുന്നു ഏറെ കാലം കുഞ്ഞിനെ നോക്കിയിരുന്നത്. ഇതിനാല്‍ പാറുവിനോടും വിഷ്ണുവിനോട് സ്‌നേഹം കൂടുതലുണ്ടെന്ന് നേരത്തെ തെളിയിച്ചിരുന്നു. ഇപ്പോള്‍ കുടുംബത്തില്‍ ഓടി നടന്ന് കളിക്കുന്ന പാറുക്കുട്ടി പതിയെ അഭിനയത്തിലേക്കും വഴി മാറി കൊണ്ടിരിക്കുകയാണ്.

ബേബി അമേയ
ഉപ്പും മുളകും കുടുംബത്തില്‍ പിറന്ന അഞ്ചാമത്തെ മോളുടെ വേഷത്തില്‍ അഭിനയിക്കുന്ന ബേബി അമേയ പാര്‍വ്വതി എന്ന പേരിലാണ് പരമ്പരയില്‍ അറിയപ്പെടുന്നത്. പാറുക്കുട്ടി കൂടി വന്നതോടെ ഉപ്പും മുളകും ഒന്നും കൂടി സംഭവബഹുലമായി എന്ന് വേണം പറയാന്‍. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രിയായിരിക്കും വെറും ഒരു വയസ് മാത്രമുള്ള ഈ പാറുക്കുട്ടി. ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ പ്രിയപുത്രിയായി മാറിയത് പാറുക്കുട്ടിയായിരുന്നു.

അച്ഛനെ പേര് വിളിക്കുന്നു
സാധാരണ കുഞ്ഞുവാവകള്‍ സംസാരിക്കാന്‍ ആരംഭിക്കുമ്പോള്‍ വിളിക്കുന്നത് പോലെ അച്ഛാ, അമ്മേ, ചേട്ടാ ചേച്ചി എന്നിവയൊക്കെ പാറു ശീലിച്ചു. ബാലചന്ദ്രന്‍ തമ്പി എന്ന അച്ഛനെ പേര് ചെറുതാക്കി വിളിക്കാനും പഠിപ്പിച്ചിരുന്നു. അമ്മ വിളിക്കുന്നത് കേട്ട് ബാലു എന്ന് വിളിക്കാന്‍ ശ്രമിച്ചെങ്കിലും വാവു എന്നാണ് പാറുവിന് പറയാന്‍ കിട്ടിയത്. വാവു, വാവു എന്ന് വിളിച്ച് കൊണ്ടിരിക്കുന്ന പാറുവിന്റെ വീഡിയോ അന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മില്യണ്‍ കണക്കിന് ആളുകളായിരുന്നു ഇത് കണ്ടത്.

സ്‌ക്രീപിറ്റിലെ ഡയലോഗ്
മാസങ്ങള്‍ക്ക് മുന്‍പാണ് പാറുക്കുട്ടി ആദ്യമായി സ്‌ക്രീപ്റ്റിലെ ഡയലോഗ് പറഞ്ഞത്. വീട്ടില്‍ നിന്നും പുറത്തേക്ക് പോവാനിറങ്ങുന്ന മുടിയന്‍ പാറുക്കുട്ടിയ്ക്ക് ടാറ്റ കൊടുക്കുമ്പോഴായിരുന്നു പാറുവിന്റെ ആദ്യ സംഭാഷണം. സങ്കടത്തോടെ ഇരിക്കുന്ന മുടിയനെ ചേട്ടാ ചേട്ടാ എന്ന് വിളിക്കുന്ന ഡയലോഗ് ആയിരുന്നു യപാറുക്കുട്ടിയെ കൊണ്ട് പറയിപ്പിച്ചത്. സത്യത്തില്‍ ആ വിളി കേട്ട് മുടിയനും പ്രേക്ഷകരും ഒരുപോലെ വികാരഭരിതരായിരുന്നു. മുടിയന് ഒപ്പമുള്ളത് മാത്രമല്ല മറ്റുള്ള സഹോദരന്മാരോടും പാറുവിന് അതുപോലെ സ്‌നേഹമുണ്ട്.
കേശുവിന് ചോറ് കൊടുക്കുന്നു..
പാറുവിന്റെ മറ്റൊരു സഹോദരനായ കേശുവിന് ചോറ് വാരികൊടുക്കുന്ന പാറുവിന്റെ സ്നേഹമാണ് കേരളക്കര ഏറ്റെടുത്ത കാര്യം. തടി കുറയ്ക്കാന്‍ വേണ്ടി ഡയറ്റ് നോക്കിയ കേശുവിനെ എല്ലാവരും വഴക്ക് പറഞ്ഞ് ഭക്ഷണം കൊടുക്കുകയാണ്. ആദ്യമേ കേശുവിന് ചോറ് വാരി കൊടുക്കുന്നത് പാറുക്കുട്ടിയായിരുന്നു. അടുത്ത് കണ്ടതില്‍ ഏറ്റവും ക്യൂട്ടായ വീഡിയോ ഇതാണെന്നാണ് ആരാധകര്‍ പറയുന്നത്. പുറത്ത് വന്ന ഉടനെ ഇത് സോഷ്യല്‍ മീഡിയ വഴി അതിവേഗം തരംഗമായി മാറിയിരുന്നു.

കുറ്റാന്വേഷകയുടെ റോളില്‍
ഒരു എപ്പിസോഡില്‍ ഒരു കുറ്റാന്വേഷക ആയതിന്റെ സന്തോഷത്തിലായിരുന്നു പാറു. നീലുവിന്റെ അച്ഛന്‍ ബാലുവിനെ വില്‍ക്കാന്‍ ഏല്‍പ്പിച്ച തേങ്ങകളില്‍ ചിലത് കാണാതെ പോയിരുന്നു. ഇത് ആരായിരിക്കും എടുത്തത് എന്ന് അറിയാന്‍ എല്ലാവരും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. ഒടുവില്‍ പാറുക്കുട്ടിയാണ് തേങ്ങയും പൊക്കിപിടിച്ച് കൊണ്ട് വന്ന് കള്ളനെ പിടികൂടിയത്. മുടിയന്റെ മുറിയില്‍ നിന്നുമായിരുന്നു പാറുവിന് തേങ്ങ കിട്ടിയത്. ഇതോടെ തേങ്ങ മോഷ്ടിച്ചത് ആരാണെന്നുള്ള കാര്യത്തിന് ഒരു തീരുമാനമായി. തേങ്ങ കണ്ടുപിടിക്കുകയും കുടുംബത്തില്‍ പുതിയ കുറ്റാന്വേഷകയെ കിട്ടിയതിന്റെയും സന്തോഷത്തോടെയായിരുന്നു ആ ദിവസത്തെ എപ്പിസോഡ് അവസാനിച്ചത്.

പാറുക്കുട്ടി റോക്ക്സ്
ഇന്ന് മലയാളത്തില്‍ ഏറ്റവുമധികം ഫാന്‍സുള്ള താരമായി ബേബി അമേയ മാറിയിരിക്കുകയാണ്. പാറുക്കുട്ടിയുടെ കുസൃതികളും സ്‌നേഹവും കാണാന്‍ വേണ്ടിയാണ് പലരും ഉപ്പും മുളകും കാണാനെത്തുന്നത്. പാറുവിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് ക്ലബ്ബുകളും ആരംഭിച്ചിട്ടുണ്ട്. കേരളക്കരയുടെ സ്നേഹവാത്സല്യങ്ങള്‍ സ്വന്തമാക്കി മുഴുനീള കഥാപാത്രമായി എക്കാലവും പാറു പരമ്പരയില്‍ നിറഞ്ഞ് നില്‍ക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. ചെറുപ്രായത്തില്‍ ഇത്രയുമധികം ആരാധകരെ സ്വന്തമാക്കിയ പാറുവിനെ ട്രോളന്മാരും ഏറ്റെടുത്തിരുന്നു.


Click it and Unblock the Notifications