'എനിക്ക് ആരോടും വൈരാഗ്യമില്ല, ഉപ്പും മുളകും നശിപ്പിക്കാതിരുന്നാൽ മതി, ഇങ്ങനൊരു പാര പ്രതീക്ഷിച്ചില്ല'; റിഷി
വർഷങ്ങളായി ഉപ്പും മുളകും മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ്. ബാലുവും നീലുവും അവരുടെ അഞ്ച് മക്കളും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ്. കുഞ്ഞുനാളിലെ എത്തിയതാണ് പാറുക്കുട്ടി. ഇപ്പോൾ ആൾ വലിയ കുട്ടിയായി. പ്രേക്ഷകർക്ക് മുുമ്പിൽ ആയിരുന്നു ഉപ്പും മുളകും പരമ്പരയിലെ കുഞ്ഞുങ്ങളുടെ വളർച്ച എന്ന് വേണമെങ്കിൽ പറയാം.
ഉപ്പും മുളകിലും എത്തിയതോടെയാണ് റിഷി മുടിയൻ എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്നതും. ഇപ്പോഴും ആരാധകാർക്ക് മുടിയനാണ് റിഷി. ഡി ഫോർ ഡാൻസ് ഫെയിമാണ് റിഷി. താരം അഭിനയത്തിലേക്ക് ആദ്യമായി ചുവടുവെച്ചത് ഉപ്പും മുളകിലൂടെയാണ്.
എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി റിഷിയെ ഉപ്പും മുളകിൽ കാണാനില്ല. മുടിയന്റെ വിവാഹം കഴിഞ്ഞശേഷം റിഷിയുടെ കഥാപാത്രത്തെ സീരിയലിൽ നിന്നും പൂർണമായി മാറ്റി നിർത്തിയിരിക്കുകയാണ്.
യുട്യൂബിൽ അപ്പ്ലോഡ് ചെയ്യപ്പെടുന്ന എപ്പിസോഡുകളുടെ താഴെ മുടിയനെ അന്വേഷിച്ചുള്ള കമന്റുകൾ നിറയാറുണ്ടായിരുന്നുവെങ്കിലും സീരിയലിന്റെ അണിയറപ്രവർത്തകർ കൃത്യമായ മറുപടിയൊന്നും മുടിയൻ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട് നൽകിയിരുന്നില്ല.

ചർച്ചകൾ ശക്തമായതോടെ കഴിഞ്ഞ ദിവസം മുടിയനായി എത്തുന്ന റിഷി തന്നെ തനിക്ക് സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി. കരഞ്ഞുകൊണ്ടാണ് ഉപ്പും മുളകും സംവിധായകനിൽ നിന്നും താൻ അനുഭവിച്ച കാര്യങ്ങൾ റിഷി വെളിപ്പെടുത്തിയത്. മുടിയൻ ബാംഗ്ലൂരിലാണെന്നാണ് കഥയിൽ പറഞ്ഞിരിക്കുന്നതെന്നും ഇപ്പോൾ അവിടെ വെച്ച് ഡ്രഗ്ഗ് കേസിൽ അകപ്പെട്ടെന്ന രീതിയിൽ എപ്പിസോഡ് ഷൂട്ട് ചെയ്തെന്നുമാണ് റിഷി ആരോപിച്ചത്.
തന്റെ അറിവില്ലാതെയാണ് ഇങ്ങനെയൊരു എപ്പിസോഡ് ഷൂട്ട് ചെയ്തതെന്നും ഉപ്പും മുളകും ടീമിൽ വിശ്വസിക്കാവുന്ന ഒരാളിൽ നിന്നാണ് താനിത് അറിഞ്ഞതെന്നും റിഷി പറഞ്ഞു. ഇതുവരെ പുറത്തിറങ്ങാത്ത എപ്പിസോഡ് രണ്ട് ദിവസത്തിനുള്ളിൽ സംപ്രേഷണം ചെയ്യുമെന്ന വിവരം താൻ അറിഞ്ഞെന്നും റിഷി വെളിപ്പെടുത്തി.
നല്ലൊരു സീരിയലായിരുന്നു ഉപ്പും മുളകുമെന്നും എന്നാൽ ഇപ്പോൾ സംവിധായകൻ തന്നെ അതിനെ നശിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയതുകൊണ്ടാണ് താൻ എല്ലാം വെളിപ്പെടുത്താൻ തയ്യാറായതെന്നും റിഷി പറയുന്നു. മുടിയൻ എന്ന കഥാപാത്രത്തെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുവെന്നും റിഷി വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തനിക്ക് ആരോടും വൈരാഗ്യമില്ലെന്നും ഉപ്പും മുളകും നശിപ്പിക്കാതിരുന്നാൽ മതിയെന്നും റിഷി കൂട്ടിച്ചേർത്തു. 'പാറുവിനെയും നീലു അമ്മയേയും എനിക്ക് മിസ് ചെയ്യുന്നുണ്ട്. എന്റെ അവസ്ഥയിൽ എനിക്ക് കുഴപ്പമില്ല. പക്ഷെ ഉപ്പും മുളകും നശിപ്പിക്കാതിരുന്നാൽ മതി. ഉപ്പും മുളകും എനിക്ക് എന്റെ ഫാമിലി പോലെയാണ്. ബാലു അച്ഛൻ എന്റെ ഫ്രണ്ടിനെപ്പോലെയാണ് പെരുമാറുന്നത്.'

'ഉപ്പും മുളകും ഇല്ലാതാക്കാൻ നോക്കുന്നു. സിറ്റ്കോം ആയ ഉപ്പും മുളകും ഇപ്പോൾ സീരിയൽ പോലെയായി. ഉണ്ണി സാറിനെ മാറ്റിയിട്ട് എന്നെ വിളിച്ചാൽ അഭിനയിക്കാൻ പോകും. അല്ലാതെ ഞാൻ ഇനി അവിടേക്ക് പോകില്ല. എനിക്ക് വിശ്വാസം നഷ്ടപ്പെട്ടു. ആരും ഫോഴ്സ് ചെയ്തിട്ട് വന്നതല്ല ഞാൻ. മുടിയന്റെ ക്യാരക്ടറിനെ കൊല്ലാൻ നോക്കുന്നുവെന്ന് മനസിലായതുകൊണ്ടാണ് എല്ലാം തുറന്ന് പറഞ്ഞതെന്നും', റിഷി പറയുന്നു.
കഴിഞ്ഞ നാല് മാസക്കാലം യുട്യൂബ്, വെബ് സീരിസ് തുടങ്ങിയവയുമായെല്ലാം താൻ തിരക്കിലായിരുന്നുവെന്നും റിഷി പറയുന്നു. താരത്തിന്റെ വീഡിയോ വൈറലായതോടെ മുടിയനെ തിരിച്ച് ഉപ്പും മുളകിൽ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.


Click it and Unblock the Notifications











