പതിവുപോലെ ഗുഡ്മോണിങ് അയച്ചിരുന്നു, ആ സത്യം താങ്ങാൻ ആവുന്നില്ല, സീമ ജി നായരുടെ വാക്കുകൾ വൈറലാകുന്നു
മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ വേദനയോടെ ശ്രവിച്ച വിയോഗമായിരുന്നു നടൻ മണി മായമ്പിള്ളിയുടേത്. കഴിഞ്ഞ ദിവസം ചേന്ദമംഗലത്തെ വീട്ടിൽ വെച്ചായിരുന്നു താരത്തിന്റെ അന്ത്യം. മണി മായമ്പിള്ളിയുടെ വിയോഗം ഇനിയും ഉൾക്കൊള്ളാൻ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും കഴിഞ്ഞിട്ടില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി സീമ ജി നായരുടെ കുറിപ്പാണ്. മണിച്ചേട്ടൻ ഇല്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് നടി പറയുന്നത്.

പ്രിയ മണിച്ചേട്ടൻ (മണി മായമ്പിള്ളി) ഞങ്ങളെ വിട്ടു പോയി എന്ന വാർത്ത വിശ്വസിക്കാൻ പറ്റുന്നില്ല. ഇന്ന് രാവിലെയും പതിവുപോലെ ഗുഡ്മോണിങ് മെസേജ് അയച്ച ചേട്ടൻ കുറച്ച് കഴിഞ്ഞു മരിച്ചു എന്ന് പറയുമ്പോൾ താങ്ങാൻ ആവുന്നില്ല. മലയാള നാടക രംഗത്തെ പ്രശസ്ത കലാകാരൻ ആയിരുന്ന ചേട്ടനെ കഴിഞ്ഞ വെള്ളപൊക്ക സമയത്താണ് അടുത്തറിഞ്ഞത്. മനോജ് നായർ മുഖേന. അന്ന് തുടങ്ങിയ ബന്ധം.
ഒരു കൂടപ്പിറപ്പിനോടെന്ന പോലെ എന്നോട് കാണിച്ച സ്നേഹം. ചേട്ടന്റ അമ്മയ്ക്ക് 75 വയസ്സായി. ഇന്നും ആ അമ്മയുടെ ഉണ്ണിക്കണ്ണൻ ആയിരുന്നു അദ്ദേഹം. വളരെ അപൂർവമായാണ് ഇങ്ങനെ ഒരു അമ്മ മകൻ സ്നേഹം കണ്ടിട്ടുള്ളത്. പെട്ടെന്നുള്ള ഈ വിയോഗം ആ അമ്മ എങ്ങനെ താങ്ങും എനിക്കറിയില്ല. ഈ നിമിഷങ്ങൾ എങ്ങനെ തരണം ചെയ്യും എന്റെ ദൈവമേ... സീമാ ജി നായർ ഫേസ്ബുക്കിൽ കുറിച്ചു.
നടി ഉമ നായരും നടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് എത്തിയിരുന്നു. തനിക്കൊരു വല്യേട്ടനെ നഷ്ടപ്പെടമായെന്നാണ് ഉമ ഫേസ്ബുക്കിൽ കുറിച്ചത്. ആദരാഞ്ജലികൾ മണി ചേട്ടാ....വിടപറയാൻ വാക്കുകൾ കിട്ടുന്നില്ല. പ്രായം നോക്കാതെ എല്ലാവരെയും മേനോനെ എന്നു വിളിച്ചുകൊണ്ട്, എപ്പോഴും ഘനഗംഭീര ശബ്ദത്തിൽ തമാശപറഞ്ഞ്, എല്ലാവരോടും സ്നേഹത്തോടെ നിറഞ്ഞു നിന്നു. മുഖം നോക്കാതെ ചിലപ്പോൾ പെരുമാറും. കുറച്ചു കഴിഞ്ഞാൽ പറയും അപ്പോൾ അങ്ങനെ പറഞ്ഞു പോയി, ഒന്നും മനസ്സിൽ വയ്ക്കരുത്. അങ്ങനെ നിഷ്കളങ്കമായി ജീവിച്ച പാവം കലാകാരൻ. മറുപടി കൊടുത്തില്ലെങ്കിലും എന്നും വിളിച്ചും മെസേജ് അയച്ചും കൂടെ ചേർന്നു നിന്ന വല്യേട്ടൻ പോയി. ഇനി പെങ്ങളുട്ടി എന്ന വിളി ഇല്ല.
Recommended Video
പ്രഷനൽ നാടക രംഗത്ത് നിന്നാണ് താരം സീരിയലിൽ എത്തുന്നത്. 2015-16 വർഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകനടനുള്ള അവാർഡ് നേടിയിട്ടുണ്ട്. കുങ്കുമപ്പൂവ്, ഇന്ദുലേഖ, ചന്ദനമഴ, ദേവീ മാഹാത്മ്യം, ഭാഗ്യജാതകം, നിലവിളക്ക് എന്നിങ്ങനെ നിരവധി സീരിയലുകളിലും കുറച്ച് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ദുലേഖ എന്ന പരമ്പരയിൽ അഭിനയിച്ചു വരുകയായിരുന്നു താരം


Click it and Unblock the Notifications