മാതാപിതാക്കളുടെ തനിനിറം മനസ്സിലാക്കി പത്മിനി! ഗംഭീര ട്വിസ്റ്റുമായി വാനമ്പാടി
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് വാനമ്പാടി. മോഹനനും അനുമോളും പത്മിനിയുമെല്ലാം പ്രേക്ഷകരുടെ കുടുംബത്തിലെ അംഗങ്ങളായി കഴിഞ്ഞിട്ടുണ്ട്. പാട്ടുകാരനായ മോഹൻകുമാറിന്റേയും കുടുംബത്തിന്റേയും ജീവത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഏറെ സംഭവബഹുലമായാണ് വാനമ്പാടി മുന്നോട്ട് പോകുന്നത്. ലോക്ക്ഡൗണിന് ശേഷം അതിഗംഭീരമായിട്ടാണ് പരമ്പര ആരംഭിച്ചിരിക്കുന്നത്.

സ്വന്തം അച്ഛന്റേയും അമ്മയുടേയും യഥാർഥ മുഖം പത്മിനി മനസ്സിലാക്കിയിരിക്കുകയാണ്. മോഹന്റെ മുറിയിൽ നിന്ന് ലഭിച്ച മരുന്നാണ് പത്മിനിയുടെ സംശയത്തിന്റെ അടിസ്ഥാനം. മരുന്നിൽ സംശയം തോന്നിയ പദ്മിനി ഡോക്ടർ ജികെയെ സമീപിക്കുകയാണ്. ഡോക്ടർ അവളോട് ഇത് അപകടകരമായ മരുന്നാണെന്ന് പറയുന്നു. ഈ മരുന്ന് കഴിക്കുന്ന ആർക്കും ഗുരുതരമായ നാഡീ തകരാറുണ്ടാകുമെന്ന് അദ്ദേഹം അവളെ അറിയിക്കുന്നു. ഇതുകേട്ട പത്മിനി നടുങ്ങുന്നു. മോഹനെ ദ്രോഹിക്കാൻ മാതാപിതാക്കൾ പദ്ധതിയിട്ടിരിക്കുകയാണെന്ന് അവൾ മനസ്സിലാവുകയായിരുന്നു.
പത്മിനി സ്വന്തം മാതാപിതാക്കളുടെ തനി നിറം മനസിലാക്കുമ്പോൾ മറുവശത്ത് മോഹനെ ഇല്ലാതാക്കാനുള്ള പദ്ധതി ആലോചിക്കുകയാണ് മേനോനും രുക്മിണിയും. ആരെങ്കിലും ഇത് കണ്ടെത്തിയാൽ അത് ഡോക്ടർ ജികെയുടെ തലയിൽ കെട്ടിവയ്ക്കുമെന്നും മേനോൻ ഭാര്യ രുക്മിണിയോട് പറയുന്നു. പിന്നീട്, മേനോൻ തന്റെ ബിസിനസ്സ് ജീവിതത്തെക്കുറിച്ച് മോഹനുമായി സംസാരിക്കുകയും ചെയ്യുന്നുണ്ട്. മകൾ സത്യം മനസിലാക്കിയ വിവരം ഇതുവരെ മേനോനും ഭാര്യയും മനസ്സിലാക്കിയിട്ടില്ല. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കൊണ്ടാണ് വാനമ്പാടി മുന്നോട്ട് പോകുന്നത്.


Click it and Unblock the Notifications