തമിഴ് ബിഗ് ബോസില്‍ ആദ്യ ആഴ്ചയില്‍ അടിയോടടി! തര്‍ക്കിക്കാന്‍ വന്നയാള്‍ക്ക് കിടിലന്‍ മറുപടിയുമായി വനിത
ബിഗ് ബോസ് റിയാലിറ്റി ഷോയുടെതായി പുറത്തിറങ്ങിയ എല്ലാ പതിപ്പുകള്‍ക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ഹിന്ദിയിലും മറ്റു തെന്നിന്ത്യന്‍ ഭാഷകളിലുമെല്ലാം തരംഗമായ ശേഷമാണ് ഷോ മലയാളത്തിലേക്കും എത്തിയിരുന്നത്. മലയാളത്തിലും വലിയ വിജയമായി റിയാലിറ്റി ഷോ മാറിയിരുന്നു. മലയാളം ബിഗ് ബോസിന്റെ അടുത്ത സീസണിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.
ഇതിനിടെയാണ് തമിഴില്‍ ബിഗ് ബോസിന്റെ മൂന്നാം സീസണും ആരംഭിച്ചിരുന്നത്. ഉലകനായകന്‍ കമല്‍ഹാസന്‍ അവതാരകനായി എത്തുന്ന പരിപാടിയുടെ ആദ്യ രണ്ട് പതിപ്പുകളും വലിയ വിജയം നേടിയിരുന്നു. അടുത്തിടെയായിരുന്നു തമിഴ് ബിഗ് ബോസിന്റെ മൂന്നാം പതിപ്പിനും തുടക്കമായത്. ബിഗ് ബോസ് തമിഴിന്റെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ബിഗ് ബോസ് തമിഴ്
ബിഗ് ബോസ് തമിഴില്‍ ഇത്തവണ 15 മല്‍സരാര്‍ത്ഥികളാണ് പങ്കെടുക്കാന്‍ എത്തിയിരുന്നത്. വിവിധ മേഖലകളില്‍ ശ്രദ്ധേയരായ സെലിബ്രിറ്റികളാണ് ഷോയില്‍ മല്‍സരിക്കുന്നത്. നൂറ് ദിവസം നീളുന്ന പരിപാടിയില്‍ മല്‍സരാര്‍ത്ഥികളുടെ പ്രകടനവും സ്വഭാവ മാറ്റങ്ങളുമെല്ലാം കാണാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. ബിഗ് ബോസ് ഹൗസ് ഇത്തവണയും വലിയ സെറ്റിട്ടായിരുന്നു അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. ബിഗ് ബോസ് തമിഴിന്റെതായി സംപ്രേക്ഷണം ചെയ്ത ആദ്യത്തെ എപ്പിസോഡുകളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു.

ബിഗ് ബോസില്‍ അടിപിടി
ഇപ്പോഴിതാ പരിപാടി തുടങ്ങി ഒരാഴ്ച പിന്നിടുന്നതിന് മുന്‍പേ തന്നെ ബിഗ് ബോസില്‍ അടിപിടി തുടങ്ങിയിരിക്കുകയാണ്. അടുത്തിടെ പിതാവ് വിജയകുമാറിനെതിരെയുളള പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച നടി വനിത വിജയകുമാറും മോഡലായ മീര മിഥുനും തമ്മിലാണ് വഴക്കുണ്ടായിരിക്കുന്നത്. ബിഗ് ബോസിന്റെ ആദ്യ ആഴ്ചയില്‍ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് വനിത വിജയകുമാറിനെയായിരുന്നു.

വനിതയും മീരയും തമ്മില്‍
ബിഗ് ബോസിന്റെ ആദ്യ കുറച്ച് എപ്പിസോഡുകളില്‍ കുഴപ്പമില്ലാതെ വീട് കൊണ്ടുപോകാന്‍ ക്യാപ്റ്റനായ വനിതയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് മല്‍സരാര്‍ത്ഥികള്‍ക്കിടയില്‍ പരസ്പരമുളള തര്‍ക്കങ്ങള്‍ക്ക് തുടക്കമായത്. സംവിധായകനും നടനുമായ ചേരന്‍ തന്നോട് സംസാരിക്കുന്നതില്‍ നിന്ന് അഭിരാമി വെങ്കിടാചലത്തിനെ വിലക്കുന്നത് പുതിയ വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഇതിന് തൊട്ടുപിന്നാലെയാണ് വനിതയും മീരയും തമ്മില്‍ വഴക്കുണ്ടായത്. ബിഗ് ബോസ് ഹൗസില്‍ ഇത്തവണ ക്യാപ്റ്റനായ വനിത കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങള്‍ വീണ്ടും പറയരുതെന്ന് പറഞ്ഞ് മീരയെ വിലക്കുകയായിരുന്നു.

വനിതയുടെ മറുപടി
എന്നാല്‍ ഇതിനിടെ സംസാരിക്കുന്നത് നിര്‍ത്താന്‍ മീര വനിതയോട് പറഞ്ഞു. തുടര്‍ന്ന് തന്റെ കാര്യത്തില്‍ ഇടപെടാന്‍ വരരുതെന്ന് വനിതയും ആവശ്യപ്പെടുകയായിരുന്നു. ഒച്ചയിട്ടാല്‍ രക്തസമ്മര്‍ദ്ദം കൂടുമെന്ന് വനിതയോട് മീര പറഞ്ഞപ്പോള്‍ വായടപ്പിക്കുന്ന മറുപടിയായിരുന്നു വനിത വിജയകുമാര്‍ നല്‍കിയിരുന്നത്. എനിക്ക് രക്തസമ്മര്‍ദത്തിന്റെ പ്രശ്‌നമില്ലെന്നും ഇങ്ങോട്ട് തര്‍ക്കിക്കാന്‍ വരരുതെന്നുമാണ് നടി മീരയോട് പറഞ്ഞത്.


Click it and Unblock the Notifications