അയാളെ കുറിച്ച് നല്ലത് മാത്രമെ പറഞ്ഞിട്ടുള്ളു എന്നിട്ടും...; എല്ലാം നല്ലതിനെന്ന് കരുതാൻ വീണയോട് ആരാധകർ!
ഏറെ നാളത്തെ പ്രണയത്തിനുശേഷം കഴിഞ്ഞ ദിവസം മൂകാംബികയിൽ വെച്ച് നടി വീണ നായരുടെ മുൻ ഭർത്താവ് ആർജെ അമൻ വിവാഹിതനായിരുന്നു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നടന്ന ലളിതമായ വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ അമന്റെയും സുഹൃത്തുക്കളുടേയും സോഷ്യൽമീഡിയ പേജുകളിലൂടെ പ്രചരിച്ചിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വീണയും അമനും ഔദ്യോഗികമായി വിവാഹബന്ധം വേർപ്പെടുത്തിയത്.
വീണയേയും അമനേയും വർഷങ്ങളായി ഫോളോ ചെയ്യുന്ന പ്രേക്ഷകർക്ക് ഇരുവരുടേയും വിവാഹമോചനം ഒരു ഷോക്കായിരുന്നു. ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തിയശേഷമാണ് വീണയേയും താരത്തിന്റെ വാക്കുകളിലൂടെ അമനേയും പ്രേക്ഷകർ അടുത്തറിയുന്നത്. കണ്ണേട്ടൻ എന്ന് ഹൗസിൽ വെച്ച് നിരന്തരം വീണ പറയുമായിരുന്നു.

അത്രമേൽ സ്നേഹിച്ച് കഴിഞ്ഞിരുന്നവർക്ക് എന്ത് സംഭവിച്ചുവെന്ന ചോദ്യം പ്രേക്ഷകരുടെ മനസിലും ഉണ്ടായിരുന്നു. വേർപിരിയലിന്റെ കാരണം തുറന്ന് പറഞ്ഞില്ലെങ്കിലും താനായിരുന്നില്ല കണ്ണേട്ടന് ചേർന്ന പങ്കാളി എന്ന് ഒറ്റ വാക്കിൽ പറഞ്ഞ് അവസാനിപ്പിക്കുകയാണ് വീണ ചെയ്തത്. അമന്റേയും റീബയുടേയും വിവാഹ വാർത്ത പുറത്ത് വന്നശേഷം വീണ ഒരു സോഷ്യൽമീഡിയ പോസ്റ്റ് പങ്കുവെക്കുകയും അതിനെ ചുറ്റിപറ്റി പ്രേക്ഷകർക്കിടയിൽ ചർച്ച നടക്കുകയും ചെയ്തു.
നമ്മുടെ ജീവിതത്തിൽ രണ്ട് ചിത്രങ്ങളെ നമ്മൾ കാണുന്നു... സ്നേഹിക്കുന്നു. ഒന്ന് നമ്മുടെ പ്രതിബിംബം മറ്റൊന്ന് നമ്മുടെ യഥാർത്ഥ സ്വത്വം. ഞാൻ എന്റെ യഥാർത്ഥ എന്നിലേക്ക് പടിപടിയായി നടക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു... ലവ് യു ഓൾ എന്നായിരുന്നു വീണ കുറിച്ചത്. കുറിപ്പിനൊപ്പം ബസ് യാത്രയ്ക്കിടെ പകർത്തിയ ഒരു വീഡിയോയും നടി പങ്കുവെച്ചു.
വിവാഹമോചനം എത്രത്തോളം വീണയെ ബാധിച്ചുവെന്നത് കുറിപ്പിലെ വരികളിലും നടിയുടെ വീഡിയോയിലെ ഭാവത്തിലൂടെയും വ്യക്തമാണ്. വീണയെ ആശ്വസിപ്പിച്ചും മുന്നോട്ട് പോകാൻ ധൈര്യം പകർന്നും ഉള്ളതാണ് ആരാധകർ കുറിച്ച കമന്റുകൾ ഏറെയും. വീണ വിഷമിക്കാതിരിക്കൂ... നല്ലൊരു ജീവിതം വീണയ്ക്കും ദൈവം കരുതിവെച്ചിട്ടുണ്ടാകും, ചേച്ചി അത്രക്കും ഇഷ്ടപ്പെട്ടതായിരുന്നു ചേച്ചിയുടെ സ്വന്തം കണ്ണൻ ചേട്ടനെ എന്നറിയാം... പിന്നെ എന്താ പറ്റി അറിയില്ല.
എന്തായാലും ചേച്ചി സന്തോഷമായിരിക്കുക, എന്തായാലും ക്ഷമിക്കാൻ പറ്റാത്ത തെറ്റുണ്ടോ?. അങ്ങോട്ടും ഇങ്ങോട്ടും ക്ഷമിക്കാമായിരുന്നു. ചേച്ചിയുടെ മുഖം കണ്ടപ്പോൾ മനസിൽ ഭയങ്കര സങ്കടം. ചേച്ചി ഡിവോഴ്സ് കൊടുത്തത് തന്നെ പാടുപെട്ടാണെന്ന് അറിയാം. ഏത് ഇന്റർവ്യൂവിന് പോയാലും അയാളെ കുറിച്ച് നല്ലത് മാത്രമെ പറയുള്ളു.

എന്നിട്ടും ഈ പാവത്തിനോട് ഇതേ ചെയ്തല്ലോ... മറ്റൊരു മഞ്ജു വാര്യരായി ജീവിച്ച് കാണിക്കുക. സാഹചര്യങ്ങൾ മറികടന്ന് വളരെ ശക്തമായ രീതിയിൽ മുന്നോട്ട് പോവുക എന്നിങ്ങനെ എല്ലാമാണ് വീണയെ ആശ്വസിപ്പിച്ച് ആരാധകർ കുറിച്ചത്. വിവാഹമോചനശേഷം ഏക മകന്റെ സംരക്ഷണം വീണയ്ക്കാണെങ്കിലും തുല്യ ഉത്തരവാദിത്വം അമനും വഹിക്കുന്നുണ്ട്.
മുന്നോട്ട് ഒരുമിച്ച് പോകാൻ കഴിയില്ലെന്ന് മനസിലായപ്പോൾ വളരെ സൗഹാർദ്ദപരമായാണ് ഇരുവരും വേർപിരിഞ്ഞത്. ഇരുവരും പിന്നീട് പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്നും അത് വ്യക്തമാണ്. 2014ൽ ആയിരുന്നു അമന്റേയും വീണയുടേയും വിവാഹം. വൈകാതെ മകനും പിറന്നു. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. അമന്റെ ഇപ്പോഴത്തെ പങ്കാളിയെ കുറിച്ചും അടുത്തിടെ ഒരു അഭിമുഖത്തിൽ വീണ സംസാരിച്ചിരുന്നു.
നല്ല കുട്ടിയാണെന്നും ചേരേണ്ടവർ തന്നെയാണ് ചേരുന്നതെന്നുമാണ് അന്ന് വീണ പറഞ്ഞത്. ഭാവിയിൽ ഒരു പങ്കാളി തന്റെ ജീവിതത്തിലേക്കും കടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും തന്റെ അച്ഛനെപ്പോലെ തന്നെ സ്നേഹിക്കുന്നൊരാൾ പങ്കാളിയായി വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും വീണ പറഞ്ഞിരുന്നു.


Click it and Unblock the Notifications