പ്രണയം മാത്രമല്ല വിവാഹ ജീവിതം...; നിങ്ങൾക്ക് കല്യാണം കഴിച്ചൂടെ എന്ന ചോദ്യം വിവാഹത്തിലെത്തി: മൃദുല വിജയ്
മലയാള ടെലിവിഷൻ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ നടി മൃദുല വിജയ്ക്ക് സാധിച്ചിട്ടുണ്ട്. സീരിയലുകളിലും ഷോകളിലും ശ്രദ്ധേയ സാന്നിധ്യമാകാൻ മൃദുലയ്ക്ക് കഴിഞ്ഞു. ഓഫ് സ്ക്രീനിലും മൃദുല ഏവർക്കും പ്രിയങ്കരിയാണ്. സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടൻ യുവ കൃഷ്ണയാണ് മൃദുലയുടെ ഭർത്താവ്. 2021 ജൂലെ മാസത്തിലാണ് ഇരുവരും വിവാഹിതരായത്. ഇരുവർക്കും ഒരു മകളുമുണ്ട്. ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും സംസാരിക്കുകയാണ് നടിയിപ്പോൾ. സീരിയിൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
സിനിമാ രംഗത്തേക്ക് വരാനായിരുന്നു തന്റെ ആഗ്രഹമെന്ന് മൃദുല പറയുന്നു. സീരിയൽ എനിക്കിഷ്ടമില്ലാതിരുന്ന ഫീൽഡാണ്. സിനിമയെന്ന് പറഞ്ഞ് നടന്ന ആളാണ് ഞാൻ. ചെറുപ്പം മുതലേ ഡാൻസിനോട് ഇഷ്‌ടമാണ്. പിന്നീട് സിനിമയോട് ഇഷ്ടം തോന്നി. അമ്മയ്ക്ക് എന്നെ സിനിമയിലേക്ക് വിടാൻ താൽപര്യമുണ്ടായിരുന്നു. ബാല താരങ്ങളെ ആവശ്യമുണ്ടെന്ന് പേപ്പറിൽ പരസ്യം കണ്ടു. അവിടെ പോയി. പക്ഷെ ആ സിനിമ മുന്നോട്ട് പോയില്ല. പക്ഷെ അവിടെ നിന്നും കോൺടാക്ടുകൾ ലഭിച്ചു. തമിഴിലും മലയാളത്തിലും ചില സിനിമകൾ ചെയ്തു. ചിലതൊക്കെ റിലീസായി. ചിലത് റിലീസായിട്ടില്ല.

അങ്ങനെ നിൽക്കുന്ന സമയത്താണ് അച്ഛനും അമ്മയ്ക്കും ആക്സിഡന്റ് പറ്റുന്നത്. ജീവിക്കാനുള്ള വഴി ഇല്ല. ഞാനന്ന് പ്ലസ് ടുവിന് പഠിക്കുകയാണ്. ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് ജനാർദ്ദനൻ സാറിന്റെ സീരിയലിലേക്ക് എന്നെ വിളിക്കുന്നത്. അതിന് മുമ്പ് സീരിയൽ ഓഫറുകൾ വേണ്ടെന്ന് വെച്ചതായിരുന്നു. വേറൊരു നിവൃത്തിയില്ലാത്തതിനാൽ സീരിയൽ ചെയ്യെന്ന് അമ്മ പറഞ്ഞു. ജനിച്ച അന്ന് മുതൽ ഞങ്ങൾ വാടക വീട്ടിലാണ്. സ്വന്തമായാെരു വീട് വെക്കുക എന്നതായിരുന്നു ഏറ്റവും വലിയ സ്വപ്നം. അത് തനിക്ക് സാധ്യമായെന്നും മൃദുല പറയുന്നു.
ജീവിതത്തിൽ എന്തൊക്കെ നേരിട്ടിട്ടുണ്ടെങ്കിലും ദെെവം തനിക്ക് തന്ന സമ്മാനമാണ് ഭർത്താവെന്ന് മൃദുല പറയുന്നു. എക്സ്പെക്ടേഷൻ ഇല്ലായിരുന്നു. ഓരോ വ്യക്തികളും ഓരോ ക്യാരക്ടറുകളാണ്. എനിക്കും ആൾക്കും നെഗറ്റീവുകൾ ഉണ്ടാകും. പക്ഷെ ആ നെഗറ്റീവിനെ കണ്ട് കൊണ്ട് ഇഷ്ടപ്പെടുമ്പോഴാണ് അത് യഥാർത്ഥ സ്നേഹമാകുന്നത്.

ഞാൻ പ്രതീക്ഷിച്ച പോലൊരാളെ വേണമെങ്കിൽ അത് പോലൊരാളെ നമ്മൾ ഉണ്ടാക്കേണ്ടി വരും. ഏറ്റക്കുറച്ചിലുകൾ ഇല്ലാതായിട്ട് ആരുമില്ലെന്നും മൃദുല വിജയ് വ്യക്തമാക്കി. ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നില്ല. അറേഞ്ച്ഡ് മാര്യേജ് ആണ്. ഞങ്ങൾക്ക് കോമൺ ഫ്രണ്ടുണ്ടായിരുന്നു. പുള്ളിക്കാരിയാണ് നിങ്ങൾക്ക് കല്യാണം കഴിച്ചൂടെ എന്ന് ചോദിച്ചത്. അത് വരെയും ബ്രോ എന്നാണ് ഭർത്താവിനെ വിളിച്ചിരുന്നത്.
ഒന്നോ രണ്ടോ വർഷമായുള്ള പരിചയം. ഇങ്ങനെ പറഞ്ഞപ്പോൾ ആലോചിക്കാമെന്നായി. വീട്ടുകാർ തമ്മിൽ സംസാരിച്ചു. ജാതകമെല്ലാം നോക്കിയ ശേഷം കല്യാണം നടക്കുകയായിരുന്നെന്നും മൃദുല പറയുന്നു. പ്രണയമല്ല വിവാഹ ജീവിതം. പ്രണയം ഒരു പാർട്ടാണ്. പ്രണയത്തിന് പ്രാധാന്യം കൊടുത്ത് കല്യാണം കഴിക്കരുതെന്നേ ഞാൻ പറയൂ.
പ്രണയമെന്നത് മാറ്റി വെച്ച് കഴിഞ്ഞാൽ ഈ വ്യക്തിക്ക് എന്തൊക്കെ ക്വാളിറ്റിയുണ്ടെന്ന് നമ്മൾ നോക്കണം. അത് നോക്കിയ ശേഷം കല്യാണം കഴിക്കുക. വിവാഹ ജീവിതത്തിൽ നല്ല സെൻസിലുള്ള അഡ‍്ജസ്റ്റ്മെന്റ് വേണം. എന്തും ത്യാഗം ചെയ്ത് നിൽക്കലല്ല. ഒരേ ഫീൽഡായതിനാൽ ഷൂട്ടിംഗ് നീണ്ട് പോകുന്നതും വെെകി വീട്ടിലേക്ക് വരുന്നതും ഭർത്താവിന് മനസിലാക്കാൻ കഴിയുന്നുണ്ടെന്നും മൃദുല വ്യക്തമാക്കി.


Click it and Unblock the Notifications











