എല്ലാം നേടിയെടുത്തത് ഉപ്പും മുളകിലൂടെയെന്ന് നിഷ സാരംഗ്; വളർന്ന് പന്തലിച്ച ചിലരുടെ നെറികേട്: ആലപ്പി അഷ്റഫ്
ടെലിവിഷൻ, വാർത്താ രംഗത്തെ പ്രമുഖ വ്യക്തിത്വമായ ശ്രീകണ്ഠൻ നായരെക്കുറിച്ച് സംസാരിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. ഒരുപാട് പേർക്ക് സഹായം ചെയ്ത വ്യക്തിയാണ് ശ്രീകണ്ഠൻ നായരെന്നും എന്നാൽ സഹായം ലഭിച്ച ചിലരിൽ നിന്നും മോശം അനുഭവം ഇദ്ദേഹത്തിന് നേരിടേണ്ടി വന്നെന്ന് ആലപ്പി അഷ്റഫ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ആലപ്പി അഷ്റഫ്.
അദ്ദേഹത്തിന്റെ മുന്നിൽ സഹായം ചോദിച്ചെത്തുന്ന അർഹതപ്പെട്ട ആരെയും അദ്ദേഹം നിരാശപ്പെടുത്താറില്ലെന്ന് പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. കലാകാരൻമാർ ജീവിക്കാൻ നിവൃത്തിയില്ലാതെ അവസരം ചോദിച്ച് ചെന്നാൽ അദ്ദേഹം ഏതെങ്കിലുമൊക്കെ പ്രോഗ്രാമിൽ അവരെ പങ്കെടുപ്പിച്ച് സഹായിക്കും. ഉപ്പും മുളകും എന്ന പരമ്പര പല കലാകാരൻമാർക്കും താങ്ങും തണലുമായിരുന്നു. അതിലെ കേശു എന്ന പയ്യൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അതിൽ അഭിനയിക്കാൻ വരുന്നത്. അന്ന് ആ കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നെന്ന് അവർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

വീട് പോലും ജപ്തിയുടെ വക്കിൽ നിൽക്കുന്ന സമയം. ഈ ഒരൊറ്റ പരമ്പര കൊണ്ട് ആ കുട്ടി തന്റെ കുടുംബത്തിന്റെ 25 ലക്ഷം രൂപയുടെ കടബാധ്യത തീർത്തു. കൂടാതെ പഠന ചെലവുകൾ നടക്കുന്നു, കാർ വാങ്ങുന്നു. അങ്ങനെ ജീവിതം പച്ച പിടിക്കുന്നു. അതിൽ നീനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിഷ സാരംഗ് പറയുന്നു ഞാനെല്ലാം നേടിയെടുത്തത് ഈ ഒരൊറ്റ പരമ്പരയിലൂടെയാണെന്ന്. മുടിയൻ എന്ന കഥാപാത്രത്തിന് പേരും പ്രശസ്തിയും ഉണ്ടാകാൻ വഴി തെളിച്ച് കൊടുത്തതും ഈ പരമ്പര തന്നെയാണ്.
ശ്രീകണ്ഠൻ നായരെന്ന വ്യക്തിയുടെ തണലിൽ ഒരുപാട് മിമിക്രിക്കാർ രക്ഷപ്പെട്ട് ഉന്നതിയിൽ എത്തിയിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെ ഇന്നത്തെ വളർച്ചയിൽ ശ്രീകണ്ഠൻ നായർ വഹിച്ച പങ്ക് വിസ്മരിക്കാവുന്നതല്ല. അത് പോലെ നിരവധി പേർ വേറെയുമുണ്ട്. അദ്ദേഹത്തിന്റെ തണലിൽ വളർന്ന് പന്തലിച്ചവരിൽ നിന്നും നന്ദികേടും നെറികേടും കിട്ടി. ഈയടുത്തുണ്ടായ കയ്പ്പേറിയ അനുഭവം അദ്ദേഹം തന്നെ തുറന്ന് പറഞ്ഞു. ഒരു നടി അദ്ദേഹത്തോട് കാണിച്ച നെറികേടിനെക്കുറിച്ചാണത്. നടി ചെയ്തത് തീർത്തും തെറ്റാണെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഒരു നടിയിൽ നിന്നുണ്ടായ അനുഭവം ശ്രീകണ്ഠൻ നായർ പൊതുവേദിയിൽ പങ്കുവെച്ചത്. കേരളത്തിലെ വളരെ പ്രശസ്തയായ നടി. കേരളത്തിലെ ബഹുമാന്യനായ ആളിന്റെ പരിപാടിക്ക് പോയി. ഞാനായിരൂന്നു ആ അഭിനേത്രിയെ അങ്ങോട്ട് കണക്ട് ചെയ്ത് വിട്ടത്. അദ്ദേഹം ഒരു രണ്ട് ലക്ഷം രൂപയേ തരൂ, നിങ്ങൾക്ക് അതിൽ കൂടുതലൊക്കെയായിരിക്കും വേതനം. അതുകൊണ്ട് അങ്ങ് തൃപ്തിപ്പെടണം എന്ന് പറഞ്ഞു.
അവർ തൃപ്തിപ്പെട്ടു എന്ന് പറഞ്ഞ് പോയി. അവരുടെ പ്രോഗ്രാമൊക്കെ ചെയ്ത് സന്തോഷമായി മടങ്ങി വന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവർ എന്നെ വിളിച്ചു. എനിക്ക് രണ്ട് ലക്ഷം രൂപയുടെ ചെക്ക് വേണ്ട, മൂന്ന് ലക്ഷം രൂപയിൽ കുറച്ച് ഞാൻ വാങ്ങാറില്ലെന്നും പറഞ്ഞു. താൻ നേരത്തെ പറഞ്ഞല്ലേ എന്ന് പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും നടി തയ്യാറായില്ല. അങ്ങനെയെങ്കിൽ ഈ പണം കയ്യിൽ വെച്ചോ എന്ന് നടി പറഞ്ഞു. ഇതോടെ താൻ സംഘാടകരെ വിളിച്ച് മൂന്ന് ലക്ഷം രൂപ അവരുടെ വീട്ടിലേക്ക് അയച്ച് കൊടുത്തെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു.


Click it and Unblock the Notifications











