'സൂരജിന് പകരം ലക്കി മുന്നോട്ട് കൊണ്ട് പോകവെ അടുത്ത കോടാലി; പാടാത്ത പൈങ്കിളിക്ക് സംഭവിച്ചത്'
ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരമ്പരയായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പാടാത്ത പൈങ്കിളി. 678 എപ്പിസോഡുകളിൽ അവസാനിച്ച സീരിയിൽ റേറ്റിംഗിലും മുൻപന്തിയിലായിരുന്നു. പുതുമുഖങ്ങളായ നായകനും നായികയുമാണ് സീരിയലിന്റെ ജനപ്രീതിയെ തുണച്ച വലിയൊരു ഘടകം. ആദ്യം നായകനായെത്തിയ സൂരജ് സൺ സീരിയലിലൂടെ വൻ ആരാധക വൃന്ദം സൃഷ്ടിച്ചു. എന്നാൽ പിന്നീട് നായക നിരയിൽ നിന്നും സൂരജ് പിൻമാറി. ആരോഗ്യ പ്രശ്നങ്ങൾ കാരണമായിരുന്നു ഇത്. പിന്നീട് നടൻ ലക്ജിത്ത് സൈനി നായകനായെത്തി.
ലക്ജിത്തും മാറിയ ശേഷം മനു മാർട്ടിൻ സീരിയലിലെ നായകനായി. നടൻ ദിനേശ് പണിക്കറും പാടാത്ത പൈങ്കിളിയിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. സീരിയലിലെ കാസ്റ്റിംഗിൽ ഇടയ്ക്കിടെ മാറ്റങ്ങൾ വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ദിനേശ് പണിക്കർ. നടൻമാരിൽ പലരും മാറിയെങ്കിലും സീരിയലിനെ ഇത് ബാധിച്ചിരുന്നില്ലെന്ന് ദിനേശ് പണിക്കർ പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൂരജും മനീഷയുമാണ് നായകനും നായികയുമായത്. കുറേ നാൾ സീരിയലിന്റെ കഥ നല്ല ട്രാക്കിൽ പോയി. പെട്ടെന്നൊരു ദിവസം സൂരജിന് ബാക്ക് പെയ്ൻ വന്ന് അദ്ദേഹം സീരിയലിൽ നിന്ന് മാറി. ഒന്ന് രണ്ട് മാസം നായക കഥാപാത്രം മറ്റൊരിടത്ത് പോയെന്ന് പറഞ്ഞ കഥ വലിച്ച് നീട്ടി. പിന്നീട് ലക്കി എന്ന നടൻ സൂരജിന്റെ സ്ഥാനം ഏറ്റെടുത്തു. ഞങ്ങൾക്ക് നല്ല പേടി ഉണ്ടായിരുന്നു.
കാരണം സൂരജ് അന്ന് കത്തി ജ്വലിച്ച് നിൽക്കുകയാണ്. സ്ത്രീകളുടെ ഹരമാണ്. ലക്കി വലിയ കുഴപ്പമില്ലാതെ സീരിയലിനെ മുന്നോട്ട് കൊണ്ട് പോയി. കഥ നല്ല പോലെ മുന്നോട്ട് പോകവെ അടുത്ത കോടാലി വന്നു. സിനിമകൾ വരുന്നു, ദുബായിൽ ജോലി കിട്ടി എന്നൊക്കെയുള്ള കാരണങ്ങളാൽ ലക്കി സീരിയൽ വിട്ടു.

അങ്ങനെ മൂന്നാമത് വന്ന നായകനാണ് അവസാനമായെത്തിയ മനു എന്ന നടൻ. യഥാർത്ഥത്തിൽ സൂരജിന് മുമ്പ് മറ്റാെരു നടനെ നായകനായി പരിഗണിച്ചിരുന്നു. എന്നാൽ അയാളെ മാറ്റി. ചുരുക്കിപറഞ്ഞാൽ 700 എപ്പിസോഡുകൾ പോകുമ്പോൾ തന്നെ നാല് നായകൻമാർ അതിനകത്ത് വന്ന് പോയി.
പാടാത്ത പൈങ്കിളിയിൽ അഭിനയിച്ച നടൻ ശബരിയുടെ മരണ ശേഷം പകരം വന്ന നടൻമാരെക്കുറിച്ചും ദിനേശ് പണിക്കർ സംസാരിച്ചു. സാജൻ സൂര്യയാണ് തന്നെ വിളിച്ച് മരണവിവരം പറയുന്നത്. ചെറുപ്പക്കാരനായ, നല്ല ബോഡിയൊക്കെയുള്ള ശബരി മരിച്ചത് വിശ്വസിക്കാൻ പറ്റിയില്ല. സീരിയലിന്റെ തുടക്കത്തിൽ തന്നെ അത്തരമാെരു ദുഖവാർത്ത വന്നു. ശബരിയുടെ മരണശേഷം നടൻ പ്രദീപിനെയാണ് ആ വേഷത്തിലേക്ക് കാസ്റ്റ് ചെയ്തത്.
ഹീറോ വേഷം അല്ലെന്ന് തോന്നിയത് കൊണ്ടാകാം, ഒരാഴ്ചയ്ക്കുള്ളിൽ ഞാനില്ല എന്ന് പറഞ്ഞ് അദ്ദേഹം സ്ഥലം വിട്ടു. അങ്ങനെ പകരം നവീൻ അറയ്ക്കൽ എന്ന നടനെത്തി. മുന്നൂറ് എപ്പിസോഡോളം വളരെ മനോഹരമായി അദ്ദേഹം കഥപാത്രത്തെ കൊണ്ട് പോയി.
എന്നാൽ നവീൻ അറയ്ക്കലിന് ചെറിയൊരു നെഗറ്റിവിറ്റി പലയിടത്ത് നിന്നും ഫീൽ ചെയ്തു. ഒടുവിൽ പുള്ളിയുടെ കഥാപാത്രം അവസാനിപ്പിക്കേണ്ടി വന്നു. എന്നാൽ സീരിയലിനെ ഇതൊന്നും ബാധിച്ചില്ല. പക്ഷെ പിന്നീട് സീരിയലിന്റെ സമയം പലപ്പോഴായി മാറിയെന്നും ദിനേശ് പണിക്കർ ചൂണ്ടിക്കാട്ടി. സുധീഷ് ശങ്കറാണ് പാടാത്ത പെെെങ്കിളി സംവിധാനം ചെയ്തത്. ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് സീരിയൽ അവസാനിച്ചത്.


Click it and Unblock the Notifications