ഇപ്പോൾ സ്വപ്നത്തിൽ ഞാൻ പഴയ ആൺകുട്ടി, എന്തുകൊണ്ടെന്ന് ചിന്തിച്ചു; പാെട്ട് തൊടാറില്ല: നാദിറ മെഹ്റിൻ
ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർന്ന് വന്ന് തന്റെ കമ്മ്യൂണിറ്റിക്ക് അഭിമാനമായി മാറിയ വ്യക്തിയാണ് നാദിറ മെഹ്റിൻ. ബിഗ് ബോസ് ഷോയാണ് നാദിറയുടെ ജീവിതം മാറ്റി മറിക്കുന്നത്. വലിയ സ്വീകാര്യത ലഭിച്ചപ്പോഴും ചിലർ നാദിറയെ അധിക്ഷേപിച്ചു. സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകൾ അവഗണിച്ച് നാദിറ തന്റെ ജീവിതം കെട്ടിപ്പടുത്തു. ഈയടുത്താണ് നാദിറ സ്വന്തമായി വീട് വെച്ചത്. ലെെം ലെറ്റിൽ സജീവ സാന്നിധ്യമാണ് നാദിറ. താൻ തന്റെ സ്വത്വം തിരിച്ചറിഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് നാദിറയിപ്പോൾ. ഫറ ഷിബ്ലയുമായുള്ള അഭിമുഖത്തിലാണ് നാദിറ മനസ് തുറന്നത്.
പ്ലസ് ടുവിൽ പഠിക്കുന്ന കാലത്താണ് ഫോണും ഫേസ്ബുക്ക് അക്കൗണ്ടുമെല്ലാം ഉണ്ടാകുന്നത്. പണ്ടത്തെ ട്രാൻസ് വ്യക്തികളൊക്കെ നോർത്ത് ഇന്ത്യ വിട്ട് കേരളത്തിലേക്ക് മടങ്ങി വരുന്ന സമയമാണത്. ഞാനിങ്ങനെയാണെന്ന് അന്നും ഞാൻ വിചാരിക്കുന്നില്ല. ഹോമോസെക്ഷ്വൽ ബോയ് ആണ് ഞാനെന്നാണ് അന്ന് വിചാരിച്ചത്. കുറേക്കഴിയുമ്പോൾ ഞാൻ തിരിച്ചറിഞ്ഞ് തുടങ്ങി. എനിക്കെന്റെ വസ്ത്രങ്ങളോട് താൽപര്യമില്ല. ഭയങ്കര ക്രിയേറ്റീവ് ആണ് ഞാൻ. കസിൻസിനൊക്കെ ഡ്രസ് എടുക്കാൻ പോയാൽ ഞാൻ സെലക്ട് ചെയ്ത് കൊടുക്കും.

എനിക്ക് പറ്റുന്നില്ലല്ലോ അവരെങ്കിലും ഉടുക്കട്ടെ എന്ന് വിചാരിക്കും. എന്റെ ആഗ്രഹങ്ങളും പ്രണയങ്ങളും ഞാൻ സ്വപ്നം കാണുന്നത് ഒരു പെൺകുട്ടിയായിട്ടാണെന്ന് ഞാൻ മനസിലാക്കി. പക്ഷെ ഇപ്പോൾ ഞാൻ സ്വപ്നം കാണുന്നത് പഴയ ആൺകുട്ടിയായാണ്. അതെന്താണെന്ന് എനിക്കിപ്പോഴും അറിയില്ല. ഇക്കഴിഞ്ഞ ദിവസം പോലും സ്വപ്നം കാണുമ്പോൾ പണ്ടത്തെ ഞാനാണ്. എനിക്കെന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് തോന്നിയെന്നും നാദിറ ചിരിയോടെ പറയുന്നു.
താൻ മുസ്ലിം വിശ്വാസ പ്രകാരം ജീവിക്കാനാഗ്രഹിക്കുന്ന ആളാണെന്നും മരിച്ചാൽ മതപരമായി തന്നെ അടക്കണമെന്നാണ് ആഗ്രഹമെന്നും നാദിറ പറയുന്നുണ്ട്. കുട്ടിക്കാലത്ത് നന്നായി ഖുർആൻ ഓതുമായിരുന്നു. മതം വിട്ട് ഒരു കളിയുണ്ടായിരുന്നില്ല. പൊട്ട് വെച്ച് തരട്ടേ എന്ന് ചിലർ ചോദിക്കും. വേണ്ടെന്ന് ഞാൻ പറയും. ഉമ്മ എപ്പോഴും പറയുന്ന കാര്യം നീ പൊട്ട് മാത്രം വെക്കരുതെന്നാണ്. നേരെ മറിച്ച് ഒരു ക്യാരക്ടർ ആവശ്യപ്പെടുന്നുണ്ടെങ്കിൽ പൊട്ട് വെക്കുന്നതിൽ കുഴപ്പമില്ല. അല്ലാത്ത ഇടങ്ങളിൽ നാദിറയായി ഇരിക്കുമ്പോൾ പൊട്ട് ഉണ്ടാകാറില്ല.

ഹോർമോൺ ട്രീറ്റ്മെന്റുകളെക്കുറിച്ചും നാദിറ സംസാരിച്ചു. ഹോർമോണിന്റെ ബുദ്ധിമുട്ട് വലുതാണ്. ശാരീരികമായി വലിയൊരു തയ്യാറെടുപ്പ് വേണം. ദെെവം സഹായിച്ച് എനിക്ക് ഫീമെയിൽ ഹോർമോണുകൾ അത്യാവശ്യം കൂടുതലുള്ളത് കാെണ്ടായിരിക്കാം വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ കടന്ന് പോകുന്നു. ഞാൻ ഹെൽത്തിയാണ്. ബിഗ് ബോസിലെ ടാസ്ക് കണ്ടപ്പോൾ മനസിലായില്ലേ. ഞാൻ ഓടുകയും ചാടുകയുമൊക്കെ ചെയ്യുന്നുണ്ട്. ഹോർമോൺ എടുക്കുന്നുമുണ്ട്. ഉള്ളിൽ സ്ത്രീ ഹോർമോൺ കൂടുതൽ ഉള്ളത് കൊണ്ടായിരിക്കും. എനിക്ക് ഹെയർ അധികം വരാറില്ല.
കെെ കാണുമ്പോൾ ആളുകൾ പെണ്ണുങ്ങളേക്കാളും ഭംഗിയുണ്ട് കെെയും കാലുമെന്ന് പറയുമെന്നും നാദിറ പറഞ്ഞു. താൻ മതവിശ്വാസിയാണെന്ന് നാദിറ നേരത്തെയും വ്യക്തമാക്കിയതാണ്. മതത്തിൽ വിശ്വസിക്കുന്ന ആളാണ് താൻ. മതം എന്നെ അംഗീകരിക്കുന്നുണ്ടോ എന്നറിയില്ല. പക്ഷെ താൻ മതവിശ്വാസത്തിനനുസരിച്ച് ജീവിക്കുന്ന ആളാണെന്നും നാദിറ അന്ന് പറഞ്ഞു. സിനിമാ രംഗത്ത് നാദിറ സാന്നിധ്യം അറിയിക്കുന്നുണ്ട്. മരണമാസ് ആണ് നാദിറയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമകൾ ചെയ്യുകയെന്നതാണ് തന്റെ ആഗ്രഹമെന്നാണ് നാദിറ പറയുന്നത്.


Click it and Unblock the Notifications











