ഒരിക്കലും ചേർത്ത് നിർത്തില്ലെന്ന് കരുതിയവർ..., അന്ന് പിരിയാൻ തീരുമാനച്ചതിനെക്കുറിച്ച് പറയാം; സീമ വിനീത്
ട്രാൻസ് സമൂഹത്തിൽ നിന്നും മേക്കപ്പ് ആർട്ടിസ്റ്റായി പേരെടുത്ത് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർന്ന് വന്ന വ്യക്തിയാണ് സീമ വിനീത്. സോഷ്യൽ മീഡിയയിൽ സീമയുടെ മേക്കപ്പ് വീഡിയോകൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഈയടുത്താണ് സീമ വിനീത് വിവാഹ ജീവിതത്തിലേക്ക് കടന്നത്. നിഷാന്ത് എന്നാണ് ഭർത്താവിന്റെ പേര്. കോട്ടയംകാരനാണ് നിഷാന്ത്. സീമ തിരുവനന്തപുരം സ്വദേശിയും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത്.
വിവാഹ ഫോട്ടോകൾ ഏവരുടെയും ശ്രദ്ധ നേടി. ഒന്നിലേറെ ബ്രെെഡൽ ലുക്കുകളിൽ സീമ വിനീത് ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ഇവയെല്ലാം ആരാധകർക്ക് ഇഷ്ടപ്പെട്ടു. മേക്കപ്പ് ആർട്ടിസ്റ്റായ സീമ നിരവധി വധുവരൻമാരെ ഒരുക്കിയിട്ടുണ്ട്. സ്വന്തം വിവാഹത്തിന് സീമ എങ്ങനെ ഒരുങ്ങുമെന്നറിയാൻ ഏവർക്കും ആകാംക്ഷയുണ്ടായിരുന്നു. വധുവായി ഒരുങ്ങിയെത്തിയ സീമ പ്രതീക്ഷ തെറ്റിച്ചില്ലെന്ന് ആരാധകർ പറയുന്നു.

വിവാഹ ഫോട്ടോകൾ ഒന്നിന് പിറകെ ഒന്നായി സീമ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. ഭർത്താവിന്റെ വീട്ടുകാർക്കൊപ്പം വിവാഹ വേദിയിൽ വെച്ചെടുത്ത ഫോട്ടോ പങ്കുവെച്ചിരിക്കുകയാണിപ്പോൾ സീമ. 'ജീവിതത്തിലെ ഏറ്റവും ധന്യനിമിഷം. ജീവിതത്തിൽ ഒരിക്കലും ചേർത്ത് നിർത്തില്ല എന്ന് കരുതിയവർ തന്നെ ചേർത്ത് നിർത്തുകയും ഞങ്ങളെ ചേർത്തുവെക്കുകയും ചെയ്ത മുഹൂർത്തം' എന്നാണ് നിഷാന്തിന്റെ ബന്ധുക്കൾക്കൊപ്പമുള്ള ചിത്രം സീമ വിനീത് പങ്കുവെച്ച് കൊണ്ട് സീമ കുറിച്ചത്.
കഴിഞ്ഞ ദിവസം പങ്കുവെച്ച വ്ലോഗിൽ വിവാഹ ശേഷം സോഷ്യൽ മീഡിയയിൽ വന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ച് സീമ വിനീത് സംസാരിച്ചിരുന്നു. താലി കെട്ടുമ്പോൾ പിറകിൽ നിന്ന ചേച്ചിയും ചേട്ടന്റെ ഭാര്യയ്ക്കും മുഖത്ത് സന്തോഷമില്ലെന്ന് കുറേ ആൾക്കാർ കമന്റ് ചെയ്തിരുന്നെന്ന് സീമ വിനീത് ചൂണ്ടിക്കാട്ടി. ഈ വാദം തെറ്റാണെന്നും സീമ പറഞ്ഞു. ഞാൻ അവിടെ വന്നപ്പോൾ ഏറ്റവും കൂടുതൽ എന്നോട് സംസാരിച്ചതും പിറകെ നടന്നത് കാര്യങ്ങൾ ചോദിച്ചതുമെല്ലാം ചേച്ചിയാണ്. കല്യാണത്തിൽ സന്തോഷമില്ലാത്തവരാണെങ്കിൽ അവർ കല്യാണത്തിന് വരില്ലല്ലോയെന്നും സീമ പറഞ്ഞു.

ഒരു മീഡിയയെയും വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലെന്നും സീമയും ഭർത്താവ് നിഷാന്തും പറഞ്ഞിട്ടുണ്ട്. വിവാഹം ഞങ്ങളുടെ സ്വകാര്യമായ കാര്യമാണ്. ഓൺലെെൻ മീഡിയകൾ സ്വകാര്യതയിലേക്ക് കടന്ന് കയറി വീഡിയോകൾ എടുത്ത് മോശമായ ക്യാപ്ഷനിട്ട് പ്രചരിപ്പിക്കുന്നതിനോട് തനിക്ക് യോജിക്കാനാകില്ലെന്നും സീമ വിനീത് പറഞ്ഞു.
നേരത്തെ നിഷാന്തുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് സീമ വിനീത് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ പിന്നീട് തീരുമാനം മാറ്റി. ഇതേക്കുറിച്ചും സീമ സംസാരിക്കുന്നുണ്ട്. ബ്രേക്കപ്പായെന്ന് പറഞ്ഞിട്ട പോസ്റ്റിനെക്കുറിച്ച് ഞങ്ങൾ ഡീറ്റെയിൽ ആയി ഒരു വീഡിയോ ചെയ്യും. എന്തായിരുന്നു എന്നാണ് എന്നൊക്കെയുള്ളത് നമ്മൾ ഡീറ്റെയിലായി ചെയ്യുമെന്നും സീമ വിനീത് പറഞ്ഞു. ട്രാൻസ് വുമണായി മാറുന്ന കാലത്ത് ഏറെ പരിഹാസങ്ങൾ സീമ വിനീത് നേരിട്ടുണ്ട്.
ഇന്നും സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റുകൾ വരുന്നു. അടുത്തിടെ താൻ കഴിക്കുന്ന ഹോർമോൺ ഗുളികകളെക്കുറിച്ച് സീമ സംസാരിച്ചിരുന്നു. എട്ട് പത്ത് വർഷത്തോളം ഞാൻ മെഡിസിൻ കഴിക്കുന്നുണ്ട്. ഇടയ്ക്ക് നിർത്തും, അത് കഴിഞ്ഞ് വീണ്ടും കഴിക്കും. വട്ടാണ് അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ ആളുകൾ പറയുന്നെങ്കിലും സ്ത്രീയായി മാറാൻ അത്രത്തോളം ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇതെല്ലാം നേരിടുന്നതെന്ന് സീമ വിനീത് അന്ന് പറഞ്ഞു. പലപ്പോഴും വിവാദങ്ങളിലും സീമ വിനീത് അകപ്പെട്ടിട്ടുണ്ട്. വിവാഹം ചെയ്ത് കുട്ടികളായ ശേഷം ട്രാൻസ്ജെൻഡർ ആണെന്ന് പറഞ്ഞ് കുടുംബത്തെ ഉപേക്ഷിക്കുന്നവരെ അംഗീകരിക്കാൻ പറ്റില്ലെന്ന് അടുത്തിടെ സീമ വിനീത് പറഞ്ഞത് വലിയ ചർച്ചയായിരുന്നു.


Click it and Unblock the Notifications











