സിദ്ധു വീണ്ടും വന്നു! തിരികെ തന്നതിന് നന്ദി പറഞ്ഞ് ഫാന്‍സ്! അന്ന് കാണിച്ചുകൂട്ടിയത് മറന്നില്ല; വിമര്‍ശനം
ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കണ്ടിരുന്ന പരമ്പരയാണ് ഉപ്പും മുളകും. സീസണ്‍ 3 വിജയകരമായി മുന്നേറുകയാണിപ്പോള്‍. ബാലുവും നീലുവും ഇല്ലെങ്കിലും മക്കളിലൂടെയായി പരമ്പര നീങ്ങുന്നുണ്ട്. അപ്രതീക്ഷിത ട്വിസ്റ്റുകളും, രസകരമായ മുഹൂര്‍ത്തങ്ങളുമൊക്കെയാണ് ഇപ്പോഴുള്ളത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ലച്ചുവിന്റെ ഭര്‍ത്താവ് എത്തിയത്. വിവാഹ സമയത്ത് ഡെയ്ന്‍ ഡേവിസായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. അടുത്തിടെയായിരുന്നു സിദ്ധാര്‍ത്ഥ് പ്രഭു എത്തിയത്. തട്ടീം മുട്ടീമിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയതാണ് സിദ്ധാര്‍ത്ഥ്. മികച്ച രീതിയില്‍ തന്നെയായിരുന്നു അദ്ദേഹം അഭിനയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിത സംഭവത്തെ തുടര്‍ന്ന് പരമ്പരയില്‍ നിന്നും മാറ്റുകയായിരുന്നു.
മദ്യലഹരിയില്‍ കാറോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ടിരുന്നു സിദ്ധാര്‍ത്ഥ്. ഗുരുതര പരിക്കേറ്റ അദ്ദേഹം പിന്നീട് മരണപ്പെടുകയായിരുന്നു. ഇതോടെയായിരുന്നു സിദ്ധാര്‍ത്ഥിനെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നത്. വഴിയെ പോവുന്നവരെയും, അപകടത്തില്‍പ്പെട്ട ആളെ ആശുപത്രിയിലേക്ക് മാറ്റുമ്പോഴുമെല്ലാം സിദ്ധാര്‍ത്ഥ് അക്രമാസക്തനാവുകയായിരുന്നു.

ഇതോടെയായിരുന്നു അവിടെയുള്ളവര്‍ നടനെ കൈകാര്യം ചെയ്തത്. സോഷ്യല്‍മീഡിയയിലൂടെയായി വീഡിയോ വൈറലായതോടെയായിരുന്നു സിദ്ധാര്‍ത്ഥിനെ പിന്തുണച്ച് താരങ്ങളെത്തിയത്. ആള്‍ക്കൂട്ടം എന്തിനാണ് അദ്ദേഹത്തെ ഉപദ്രവിച്ചതെന്നായിരുന്നു വിമര്‍ശനം. ആ സമയത്ത് ആരായാലും ഒന്ന് പൊട്ടിച്ചുപോവുന്ന അവസ്ഥയായിരുന്നു. അങ്ങനെയുള്ള കാര്യങ്ങളാണ് സിദ്ധാര്‍ത്ഥ് കാണിച്ചതെന്നായിരുന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞത്.
ഇനി ഉപ്പും മുളകിലേക്ക് വരില്ലേയെന്നായിരുന്നു സിദ്ധാര്‍ത്ഥിനോട് എല്ലാവരും ചോദിച്ചത്. ഞങ്ങള്‍ക്ക് ശരിക്കും മിസ് ചെയ്യുന്നുണ്ടെന്നുള്ള കമന്റുകളുമുണ്ടായിരുന്നു. ഉപ്പും മുളകും നന്നായി പോവുന്നതിനിടയിലാണ് ഇങ്ങനെയൊരു സംഭവം, ഇത് വല്ലാത്തൊരു അവസ്ഥയായിപ്പോയി എന്ന് പറഞ്ഞവരുമുണ്ടായിരുന്നു. ഉപ്പും മുളകും താരങ്ങളെക്കൊണ്ടുള്ള തലവേദന ഇതുവരെ മാറിയില്ലെന്നുള്ള അഭിപ്രായങ്ങളുമുണ്ടായിരുന്നു. ഓഡീഷനിലൂടെയായിരുന്നു സിദ്ധാര്‍ത്ഥ് ഉപ്പും മുളകിലേക്ക് എത്തിയത്. ലച്ചുവുമായുള്ള സ്‌ക്രീന്‍ കെമിസ്ട്രി ശരിയാവുമോയെന്ന തരത്തിലൊക്കെ ആശങ്കയുണ്ടായിരുന്നു തുടക്കത്തില്‍. മികച്ച കോംപോയാണെന്ന വിലയിരുത്തലുകള്‍ വന്നപ്പോഴാണ് ആശ്വാസമായതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു.
നീണ്ടനാളത്തെ ബ്രേക്കിനൊടുവിലായി സിദ്ധാര്‍ത്ഥ് വീണ്ടും പരമ്പരയിലേക്ക് എത്തുകയാണ്. പുതിയ പ്രമോ ഇതിനകം ചര്‍ച്ചയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇന്ന് മുതല്‍ പാറമട വീട് പഴയ പ്രതാപത്തിലേക്ക് എന്നായിരുന്നു പ്രമോയുടെ ക്യാപ്ഷന്‍. കട്ടക്കലിപ്പിലുള്ള ലച്ചുവിനെയാണ് തുടക്കത്തില്‍ കാണുന്നത്. എന്താണ് പ്രശ്‌നമെന്ന് ചോദിച്ചവരോടെല്ലാം ദേഷ്യപ്പെടുകയാണ് ലച്ചു. എല്ലാത്തിനും തറുതല പറയുകയാണ് ലച്ചു. എന്താണ് പ്രശ്‌നമെന്ന് പറയെന്ന് കേശു പറഞ്ഞപ്പോള്‍ ജീവിതം മടുത്തു എന്നായിരുന്നു മറുപടി. അതിനിടയിലാണ് കാറില്‍ വന്നിറങ്ങുന്ന സിദ്ധുവിനെ കാണിച്ചത്.
വെല്‍കം ബാക് സിദ്ധാര്‍ത്ഥ്, തിരികെ കൊണ്ടുവന്നതിന് നന്ദിയെന്നായിരുന്നു ആദ്യത്തെ കമന്റ്. നന്ദിയോ, ഒരാള്‍ മരിച്ചു, അപ്പോഴാണ് നന്ദിയെന്നായിരുന്നു അതിന് താഴെ വന്ന മറുപടി. തിരികെ കൊണ്ടുവന്നതിന് നന്ദി പറഞ്ഞ് നിരവധി പേരാണ് എത്തിയത്. ഉപ്പും മുളകും പ്രേക്ഷകര്‍ കാത്തിരുന്ന പ്രമോയാണ്. ഞങ്ങള്‍ കാത്തിരുന്ന നിമിഷമാണ്. ഫ്‌ളവേഴ്‌സ് ചാനലിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഞങ്ങളുടെ രാജകുമാരന്‍ തിരികെ എത്തിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സിദ്ധാര്‍ത്ഥ് അടക്കം നിരവധി പേരാണ് പ്രമോ വീഡിയോ ലൈക്ക് ചെയ്തിട്ടുള്ളത്.


Click it and Unblock the Notifications











