'എപ്പോഴാണ് വിവാഹിതരാവുക എന്നത് മാത്രമല്ല ആദ്യരാത്രി എപ്പോഴാണെന്ന് വരെ ചോദിക്കും'; വിദ്യ പ്രദീപ് പറയുന്നു!
താരങ്ങളോടോ അവർ അഭിനയിക്കുന്ന സിനിമയോടോ സീരിയലിനോടോ ആരാധനയും ഇഷ്ടവും കാരണം പലപ്പോഴും നിരവധി ചോദ്യങ്ങളും സ്നേഹ പ്രകടനങ്ങളും ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ട്.
ഒരു തരത്തിൽ സ്നേഹം കൊണ്ടാണെങ്കിലും ചിലപ്പോഴൊക്കെ അത് താരങ്ങളും മനുഷ്യരാണെന്ന ചിന്തപോലും ഇല്ലാത്ത രീതിയിലേക്ക് വഴിവിട്ട് പോകാറുണ്ട്. നടന്മാരെക്കാൾ ദുരനുഭവങ്ങളും മോശം ചോദ്യങ്ങളും ഏറ്റവും കൂടുതൽ നേരിടാറുള്ളത് നടിമാരാണ്.
സോഷ്യൽമീഡിയ വഴിയും അല്ലാതെയും അത്തരം ചില അതിരുവിട്ട ചോദ്യങ്ങൾ കാരണം വേദന അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് തമിഴ് സിനിമാ-സീരിയൽ താരം വിദ്യ പ്രദീപ്. അവൾ പെരും തമിഴരശി എന്ന ചിത്രത്തിലൂടെയാണ് വിദ്യ പ്രദീപ് തമിഴ് സിനിമയിൽ നടിയായി അരങ്ങേറ്റം കുറിച്ചത്. മലയാളം, കന്നഡ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ശൈവം, പസംഗ 2, ഇരവുക്ക് ആയിരം കൺകൾ, കളരി, മാരി 2, തടം തുടങ്ങി നിരവധി ചിത്രങ്ങളിലും വിദ്യ അഭിനയിച്ചിട്ടുണ്ട്. ഒതൈക്ക് ഒതായി, അസുരകുലം, കണ്ണഗി തുടങ്ങിയ ചിത്രങ്ങളിലാണ് ഇപ്പോൾ താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
2018-2020 കാലഘട്ടത്തിൽ തമിഴിൽ നായകി എന്നൊരു സീരിയലിൽ വിദ്യ അഭിനയിച്ചിരുന്നു. സൺ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയൽ അക്കാലത്ത് വളരെ പോപ്പുലറായിരുന്നു. ഇന്നും കുടുംബപ്രേക്ഷകർക്കിടയിൽ വിദ്യയ്ക്ക് സ്വീകാര്യത ലഭിക്കുന്നത് നായകി എന്ന സീരിയലിലൂടെയാണ്.
നായകിയിൽ അഭിനയിച്ച ശേഷം വളരെ മോശമായ തരത്തിലുള്ള നിരവധി ചോദ്യങ്ങൾ തനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ടെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ വിദ്യ പറഞ്ഞത്. 'നായകി എന്ന സീരിയലിൽ അഭിനയിച്ചപ്പോൾ നായകനും ഞാനും എപ്പോൾ വിവാഹിതരാകും എന്ന ചോദ്യം എവിടെ പോയാലും ആളുകൾ ചോദിക്കുമായിരുന്നു.'
'അത് കുഴപ്പമില്ലാത്ത ഒരു ചോദ്യമാണ്. എന്നാൽ നിനക്കും നായകനും ആദ്യരാത്രി എപ്പോഴാണെന്ന് ആളുകൾക്കിടയിൽ നിന്നും ചോദ്യം വരുമ്പോൾ ബുദ്ധിമുട്ട് തോന്നാറുണ്ട്. ആ സമയത്ത് എല്ലാം വളരെ ബുദ്ധിമുട്ടായിരിക്കും.'

'പക്ഷെ ഞാൻ അഭിനയിച്ച സീരിയൽ പ്രേക്ഷകരാണ് വളർത്തിയത്. മാത്രമല്ല എന്റെ പ്രകടനം എത്രത്തോളം ആളുകളുടെ ഉള്ളിൽ പതിഞ്ഞുപോയി എന്നതും ഇത്തരം ചോദ്യങ്ങൾ വരുമ്പോൾ മനസിലാകാറുണ്ടെന്നും', വിദ്യ പ്രദീപ് പറയുന്നു.
നടി എന്നതിലുപരി ഒരു സൈന്റിസ്റ്റ് കൂടിയാണ് വിദ്യ. അമേരിക്കയിൽ ശാസ്ത്രജ്ഞയായി താരം ജോലി ചെയ്യുന്നുണ്ടെന്നാണ് വിക്കിപീഡിയയിൽ നിന്നും ലഭിക്കുന്ന വിവരം. ബയോടെക്‌നോളജിയിൽ മാസ്റ്റർ ഓഫ് സയൻസ് ബിരുദം നേടിയ ശേഷം വിദ്യാ പ്രദീപ് ചെന്നൈയിലെ ഒരു കണ്ണാശുപത്രിയിൽ സ്റ്റെം സെൽ ബയോളജിയിൽ പിഎച്ച്ഡി പൂർത്തിയാക്കിയിരുന്നു.
ഒക്കുലാർ സ്റ്റെം സെല്ലിലാണ് താരം പഠനം നടത്തുന്നത്. ഇന്റർനാഷണൽ ജേണൽ ഓഫ് കോർണിയ, ഇന്റർനാഷണൽ ജേണൽ ഓഫ് സെൽ തെറാപ്പി എന്നിങ്ങനെയുള്ള വിദ്യയുടെ രണ്ട് വർക്കുകൾ അടുത്തിടെ പബ്ലിഷ് ചെയ്തിരുന്നു. കുട്ടിക്കാലം മുതൽ ഭരതനാട്യം അഭ്യസിച്ചിട്ടുള്ള വിദ്യ പിഎച്ച്ഡിക്ക് പഠിക്കുമ്പോഴാണ് മോഡലിങിലേക്കും ശ്രദ്ധ കൊടുത്ത് തുടങ്ങിയത്.
നിരവധി പത്ര, ടെലിവിഷൻ പരസ്യങ്ങളിൽ പിന്നീട് താരം പ്രത്യക്ഷപ്പെട്ടു. പരസ്യങ്ങളുടെയും സിനിമകളുടെയും ലോകത്തേക്കുള്ള തന്റെ കടന്നുവരവ് ആകസ്മികമാണെന്നാണ് വിദ്യ പറയാറുള്ളത്. അന്തരിച്ച മലയാളത്തിലെ പ്രശസ്ത സംവിധായകൻ ലോഹിതദാസിന്റെ ഒരു സിനിമയിൽ ഒരു വേഷം ചെയ്യാൻ വിദ്യയെ കരാർ ചെയ്തിരുന്നെങ്കിലും ആ ചിത്രം പിന്നീട് യാഥാർത്ഥ്യമായില്ല.
ഇൻഫിനിറ്റി, ഇക്കോ എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന വിദ്യ പ്രദീപിന്റെ സിനിമകൾ. 2010 മുതൽ അഭിനയത്തിൽ സജീവമായുള്ള വിദ്യ ആലപ്പുഴയിൽ ജനിച്ച് വളർന്ന മലയാളിയാണ്.


Click it and Unblock the Notifications