ഇപ്പോഴത്തെ പ്രാർത്ഥന ആയുസ് നീട്ടി തരണമെന്നാണ്, ഞാൻ അഹങ്കരിക്കില്ല, പലരും തെറ്റിദ്ധരിക്കുന്നു; താജുദ്ദീൻ വടകര!
ജീവിതം മാറാൻ ഒരു നിമിഷം മതിയെന്ന് പലരും പറഞ്ഞ് കേൾക്കാറുണ്ട്. അത് യഥാർത്ഥത്തിൽ അനുഭവിച്ചിട്ടുള്ള കലാകാരനാണ് താജുദ്ദീൻ വടകര. മാപ്പിളപ്പാട്ട്, ആൽബം ഗാനങ്ങൾ എന്നിവയിലൂടെ പ്രശസ്തനായ താജുദ്ദീൻ വടകരയെ നയന്റീസ് കിഡ്സ് മറക്കാൻ ഇടയില്ല. അത്രയ്ക്കും വൈറലായിരുന്നു താജുദ്ദീൻ പാടി അഭിനയിച്ച നെഞ്ചിനുള്ളില്‍ നീയാണ് ഫാത്തിമ എന്ന മ്യൂസിക്ക് വീഡിയോ. അഭിനയമോഹം അറിവായ പ്രായം മുതൽ താജുദ്ദീനുണ്ടായിരുന്നു.ചില സിനമികളിൽ ചെറിയ കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്.
പക്ഷെ പലപ്പോഴും സിനിമ റിലീസാകുമ്പോൾ താജുദ്ദീൻ അഭിനയിച്ച ഭാഗങ്ങൾ സിനിമയിൽ നിന്നും വെട്ടി നീക്കിയിട്ടുണ്ടാകും. ഇത്തരം അനുഭവങ്ങൾ തുടരെ തുടരെ ആവർത്തിച്ച സമയത്താണ് ഖൽബാണ് ഫാത്തിമയുടെ ഭാഗമായി പ്രവർത്തിക്കാൻ താജുദ്ദീന് അവസരം ലഭിക്കുന്നതും ജീവിതം തന്നെ മാറുന്നതും. അമ്പത്തിരണ്ടുകാരനായ താരത്തിന്റെ വിവാഹം അടുത്തിടെയായിരുന്നു.

ഭാര്യയ്ക്കൊപ്പമുള്ള വീഡിയോകൾ താജുദ്ദീൻ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. മുമ്പ് മരിക്കാൻ ഭയമില്ലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ആയുസ് നീട്ടി കിട്ടണമെന്നാണ് പ്രാർത്ഥനയെന്നും താജുദ്ദീൻ ഫൺ വിത്ത് സ്റ്റാർസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. കല്യാണം കഴിയുന്നതോടെ ഒരു ജീവനും ജീവിതവുമാണ് നമുക്കൊപ്പം വരുന്നത്.
അതിന് മുമ്പ് വരെ എനിക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ലെന്ന ചിന്തയായിരുന്നു. ഉറക്കത്തിൽ മരിച്ചുപോകുന്ന ആളുകളില്ലേ. യാത്രയ്ക്കിടയിൽ മരിക്കുന്നവരില്ലേ. മരിച്ചാൽ എനിക്ക് ആരും ഇല്ലല്ലോ. സ്വന്തങ്ങളായിട്ടുള്ളവരുണ്ട്. പക്ഷെ ഭാര്യയും മക്കളും ഒന്നും ഇല്ലല്ലോ. ഉമ്മയും ഉപ്പയും മരിച്ച് പോയെങ്കിലും സഹോദരങ്ങളും അവരുടെ മക്കളുടെ മക്കളുമെല്ലാം ഉണ്ട്. അവരെ എല്ലം എനിക്ക് വളരെ ഇഷ്ടവുമാണ്.
പക്ഷെ അവർക്ക് അവരുടേതായ കുടുംബമുണ്ട്. പക്ഷെ ഇപ്പോൾ എന്റെ പ്രാർത്ഥന എനിക്ക് ആയുസ് നീട്ടി തരണമെന്നാണ്. വേറൊന്നിനും വേണ്ടിയല്ല. എന്റെ കൂടെ ഒരാളുണ്ടല്ലോ. ഞാൻ ഇല്ലാതായിപ്പോയാൽ അവർക്ക് സങ്കടമാവില്ലേ?. ഇപ്പോൾ പരിപാടിക്ക് പോയാലും എത്രയും വേഗം നാട് പിടിക്കാൻ നോക്കും. എന്നെയും കാത്ത് ഒരു ജീവൻ വീട്ടിലുണ്ടല്ലോ.
അങ്ങനൊരു ടെൻഷനുണ്ട്. ഓടയിൽ നിന്നുള്ള നാറ്റവും സഹിച്ച് ബസ്റ്റാന്റിൽ കിടന്ന് ഉറങ്ങിയിട്ടുള്ളയാളാണ് ഞാൻ. അവിടെ നിന്നാണ് ഇവിടെ വരെ എത്തിയത്. അതുകൊണ്ട് ഒരിക്കലും ഞാൻ അഹങ്കരിക്കില്ല. പലരും എന്നെ തെറ്റിദ്ധരിക്കാറുണ്ട്. പലർക്കും എന്നെ ഇഷ്ടമല്ല. ഞാൻ വളരെ സിംപിളാണെന്നും ഏത് സന്തോഷത്തിലും അനുഗ്രഹത്തിലും ദൈവത്തിന് നന്ദി പറയുന്ന ഒരാളുമാണ് ഞാൻ. ഞാനും ഒന്നുമല്ല.

പരിമിതികൾക്കുള്ളിൽ ജീവിക്കുന്ന കലാകാരനാണ്. പക്ഷെ പടച്ചവൻ എന്നെ ഇവിടെ എത്തിച്ചു. സാമ്പത്തീകമായി രക്ഷപ്പെടുത്തി തന്നു. പ്രശസ്തി ഉണ്ടാക്കി തന്നു. എന്റെ ഓഡിയൻസിനോടും എനിക്കെന്നും കടപ്പാടുണ്ടെന്നും താജുദ്ദീൻ പറയുന്നു. അമ്പത് വയസ് പിന്നിട്ടിട്ടും സൗന്ദര്യം നിലനിർത്തുന്നതിന് പിന്നിലെ കാരണം ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു... എന്റെ ഉപ്പ 92 വയസിലാണ് മരിച്ചത്.
അതിന് ഒരു വർഷം മുമ്പ് വരെ അദ്ദേഹത്തിന് ഒപ്പം നടന്നെത്താൻ എനിക്ക് പ്രയാസമായിരുന്നു. അദ്ദേഹം ചിരിക്കുമ്പോൾ മുഖമൊക്കെ തിളങ്ങുമായിരുന്നു. രോഗിയായശേഷമാണ് അദ്ദേഹത്തിന്റെ സ്കിന്നിൽ മാറ്റം വന്നത്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ശരീരവും ആരോഗ്യവും സൗന്ദര്യവും അത്രയേറെ ശ്രദ്ധിക്കുന്നയാൾ എന്റെ ഉപ്പയാണ്. അദ്ദേഹം വർഷങ്ങളോളം ചുമട്ട് തൊഴിലാളിയായിരുന്നു. മാത്രമല്ല ഏറ്റവും നല്ല ഭക്ഷണങ്ങളാണ് കഴിച്ചിരുന്നത്. ആ രക്തം ശരീരത്തിൽ ഓടുന്നതുകൊണ്ടാകാം ഞാൻ ഇങ്ങനെ ഇരിക്കുന്നത്.
ശരീരം ഒരു തരത്തിലും ശ്രദ്ധിക്കാതെ ഇരുന്നയാളാണ് ഞാൻ. കുറച്ച് വർഷങ്ങളായി ശരീരം ശ്രദ്ധിക്കുന്നുണ്ട്. നേരത്തെ 98 കിലോയായിരുന്നു ഭാരം. ഇപ്പോൾ അത് 73 കിലോയിൽ എത്തിച്ചു. എനിക്ക് ഇപ്പോൾ അമ്പത്തിരണ്ട് വയസ് കഴിഞ്ഞു. മുപ്പത്തിരണ്ടാമത്തെ വയസിലാണ് ഞാൻ ഖൽബാണ് ഫാത്തിമ പാടിയതെന്നും താജുദ്ദീൻ വടകര കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











