»   » രത്‌നമ്മ ടീച്ചര്‍ നന്നായി, ജാനിക്കുട്ടിയ്ക്കും അഭിജിത്തിനും കല്യാണം; അങ്ങനെ മഞ്ഞുരുകി തീര്‍ന്നു!!

രത്‌നമ്മ ടീച്ചര്‍ നന്നായി, ജാനിക്കുട്ടിയ്ക്കും അഭിജിത്തിനും കല്യാണം; അങ്ങനെ മഞ്ഞുരുകി തീര്‍ന്നു!!

Posted By: Rohini
Subscribe to Filmibeat Malayalam

മറ്റ് ടെലിവിഷന്‍ പരമ്പരകളെ അപേക്ഷിച്ച് മഴവില്‍ മനോരമയിലുള്ള സീരിയലുകള്‍ അധികം വെറുപ്പിക്കാറില്ല. അതിന് മുന്‍പേ അങ്ങ് അവസാനിക്കും. ജോയിസിയുടെ മഞ്ഞുരുകും കാലം എന്ന പരമ്പര അവസാനിച്ചു. 517 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മഞ്ഞുരുകും കാലം അവസാനിപ്പിച്ചത്.

ദീപ്തി ഐപിഎസും, മന്ത്രി വിആര്‍ ജാനകിയും; ഇവര്‍ക്ക് കുടുംബ പ്രശ്‌നങ്ങളൊഴിഞ്ഞിട്ട് നേരമില്ല!

മനോരമയില്‍ ജോയിസി തന്നെ എഴുതിയ മഞ്ഞുരുകും കാലം നോവലിനെ ആസ്പദമാക്കിയാണ് സീരിയല്‍ ഒരുക്കിയിരിയ്ക്കുന്നത്. ജാനിക്കുട്ടി എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് സീരിയല്‍. കഥയിലൂടെ ഒരിക്കല്‍ കൂടെ തുടര്‍ന്ന് വായിക്കാം..

വിജയരാഘവന്റെയും രത്‌നമയുടെയും മകള്‍

തഹസില്‍ദാറായ വിജയരാഘവന്റെയും രത്‌നമ്മ ടീച്ചറുടെയും മകളായിട്ടാണ് ജാനിക്കുട്ടി എന്ന വിആര്‍ ജാനകി എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. വിജയരാഘവന്റെയും രത്‌നമ്മയുടെയും കണ്ണിലുണ്ണിയായി അവള്‍ ഓടിച്ചാടി നടക്കുന്നു.

വളര്‍ത്തുമകളാണെന്ന തിരിച്ചറിവ്

എന്നാല്‍ പിന്നീട് രത്‌നമ്മ ടീച്ചര്‍ക്കും വിജയരാഘവനും ഒരു മകളും മകനും ജനിക്കുന്നതോടെ ജാനിക്കുട്ടി ആ വീട്ടിലെ വീട്ടുജോലിക്കാരിയാകുന്നു. ചെറിയ പ്രായത്തില്‍ തന്നെ ജാനിക്കുട്ടി വീട്ടുകാരുടെ പീഡനത്തിനിരയാകുന്നു. പിന്നീടാണ് വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മക്കളുണ്ടാകാതിരുന്ന വിജയരാഘവനും രത്‌നമ്മ ടീച്ചറും ഗോവിന്ദന്‍കുട്ടി എന്നയാളുടെ മകളെ ദത്തെടുത്ത് വളര്‍ത്തുകയാണെന്ന സത്യമറിയുന്നത്. പീഡനം സഹിച്ച് ജാനിക്കുട്ടി അവിടെ വളരുന്നു.

അഭിജിത്തിന് പ്രണയം

പഠിക്കാന്‍ മിടുക്കിയായിരുന്നു ജാനിക്കുട്ടി. വീട്ടുജോലികള്‍ ചെയ്യുന്നതിനൊപ്പം പഠനത്തിലും ശ്രദ്ധിച്ചു. ജാനിക്കുട്ടിയുടെ കഥകളെല്ലാം അറിഞ്ഞ സുഹൃത്തിന്റെ സഹോദരന് പ്രണയം തോന്നുന്നു. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ അഭിജിത്തിന് വേണ്ടി അച്ഛന്‍ കോണ്‍ട്രാക്ടര്‍ നടേശന്‍ ജാനിക്കുട്ടിയെ വിവാഹമാലോചിച്ച് വന്നു. എന്നാല്‍ രത്‌നമ്മ ടീച്ചര്‍ ആ വിവാഹം മുടക്കി. പ്ലസ്ടുവിന് ശേഷം ജാനിക്കുട്ടിയുടെ പഠനവും നിന്നു. പിന്നീട് ഗോവിന്ദന്‍ കുട്ടി എത്തി ഈ വിവാഹം നടത്താന്‍ ശ്രമിക്കുമ്പോഴേക്കും അഭിജിത്ത് ജോലി തേടി ദുബായിലേക്ക് പോയിരുന്നു

ഗോവിന്ദന്‍കുട്ടി എത്തുന്നു

മകളെ അന്വേഷിച്ച് ഗോവിന്ദന്‍ കുട്ടി എത്തി. അയാള്‍ അപ്പോഴേക്കും മറ്റൊരു വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തില്‍ ഒരാണും രണ്ട് പെണ്ണും ഉള്‍പ്പടെ മൂന്ന് മക്കളുണ്ട്. ജാനിക്കുട്ടിയെ അങ്ങോട്ടേക്ക് കൂട്ടി കൊണ്ടുപോകുന്നു. അച്ഛന്റെ രണ്ടാം വിവാഹത്തിലുള്ള ഭാര്യ വിജയമ്മയെയും സഹോദരങ്ങളെയും സ്വന്തക്കാരായി ജാനി കണ്ടു. എന്നാല്‍ ഭാര്യാ സഹോദരിയായ ചന്ദ്രമതിയില്‍ നിന്നും മക്കളില്‍ നിന്നും ക്രൂരമായ അനുഭവങ്ങളാണ് ജാനിക്കുട്ടിയ്ക്ക് ഉണ്ടായത്.

ഗോവിന്ദന്‍ കുട്ടിയുടെ മരണം

ചന്ദ്രമതിയും മക്കളും ഒരുക്കിയ ചതിക്കുഴിയില്‍ വീഴുന്ന ഗോവിന്ദന്‍ കുട്ടി ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിച്ചു. അതോടെ അയാളുടെ കടയും സ്വത്തുക്കളും തട്ടിയെടുക്കാന്‍ ചന്ദ്രമതി ശ്രമം നടത്തി. ഇന്‍സ്‌പെക്ടറായ അവരുടെ ഭര്‍ത്താവും കൂടെ വന്നതോടെ ജാനിക്കുട്ടിയുടെയും സഹോദരങ്ങളുടെയും കാര്യം കൂടുതല്‍ വഷളായി. ജാനിക്കുട്ടിയെ ഗുണ്ടകളെ വച്ച് കൊല്ലാന്‍ ശ്രമിച്ചു. അതില്‍ നിന്നും രക്ഷപ്പെട്ട് കൈയ്യും കൈലും ഒടിഞ്ഞ്, സഹായത്തിന് ആരുമില്ലാതെ ആശുപത്രിയിലായി.

ശോഭന ടീച്ചറെ കണ്ടുമുട്ടുന്നു

ആശുപത്രിയില്‍ വച്ചാണ് ജാനിക്കുട്ടി അമ്മയുടെ കളിക്കൂട്ടുകാരിയായ ശോഭന ടീച്ചറെ കണ്ടു മുട്ടുന്നത്. ഓടനാവട്ടത്തുള്ള കൃഷ്ണമംഗലം എന്ന വലിയ തറവാട്ടിലെ കുട്ടിയാണ് ജാനിക്കുട്ടി എന്ന സത്യം ശോഭന ടീച്ചര്‍ അവളെ അറിയിക്കുന്നു. എന്നാല്‍ താഴ്ന്ന ജാതിക്കാരനായ ഗോവിന്ദന്‍ കുട്ടിയെ വിവാഹം കഴിച്ചതോടെ ജാനിക്കുട്ടിയുടെ അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ശോഭന ടീച്ചറില്‍ നിന്ന് അമ്മ വീട്ടുകാരെ കുറിച്ചും അമ്മയെ കുറിച്ചും ജാനി കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കി.

അമ്മവീട്ടിലേക്ക്

ആശുപത്രി വിട്ടുപോകാനുള്ള ബില്ലടയ്ക്കാന്‍ പോലും ജാനിക്കുട്ടിയ്ക്ക് പൈസ ഉണ്ടായിരുന്നില്ല. അവസ്ഥ മനസ്സിലാക്കിയ ശോഭന ടീച്ചര്‍ ഓടനാവട്ടത്തെത്തി ജാനിക്കുട്ടിയുടെ മുത്തശ്ശനായ ബാലകൃഷ്ണ പണിക്കരോട് നടന്നതെല്ലാം പറയുന്നു. മക്കളുടെയും മരുമക്കളുടെയും എതിര്‍പ്പുകള്‍ അവഗണിച്ച് ബാലകൃഷ്ണ പണിക്കര്‍ ജാനിയെ കൃഷ്ണമംഗലം തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. എന്നാല്‍ അവിടെയും ജാനിക്കുട്ടിയ്ക്ക് ശത്രുക്കളേറെയായിരുന്നു. മുത്തശ്ശനും മുത്തശ്ശന്റെ പെങ്ങളും പെങ്ങളുടെ മകന്‍ മധുസൂധന പണിക്കറും ജാനിക്കുട്ടിയെ സ്വീകരിച്ചു. ജാനിക്കുട്ടിയുടെ അമ്മയെ വിവാഹം ചെയ്യാനിരുന്ന ആളായിരുന്നു മധുസൂധനന്‍. ആ കഥയും ജാനി മനസ്സിലാക്കി. മുത്തശ്ശന്‍ തളര്‍ന്ന് വീണതോടെ ജാനിയെ മധു അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നു.

പഠനവും രാഷ്ട്രീയവും

മധുവിന്റെ സഹായത്തോടെ ജാനിക്കുട്ടി തുടര്‍ന്ന് പഠിക്കുന്നു. ഐഎഎസ്സുകാരിയാകണം എന്നാണ് ജാനിയുടെ ആഗ്രഹം. എന്നാല്‍ രാഷ്ട്രീയക്കാരനായ മധുവിന്റെ പിന്തുണയോടെ ജാനി രാഷ്ട്രീയത്തിവലേക്കിറങ്ങുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തതോടെ മന്ത്രിയാകുകയും ചെയ്തു. അതിനിടയില്‍ അസുഖം മൂര്‍ച്ഛിച്ച് ബാലകൃഷ്ണ പണിക്കര്‍ മരണപ്പെട്ടു.

കോടികണക്കിന് സ്വത്തുക്കളുടെ അവകാശി

കിടപ്പിലായപ്പോള്‍ മക്കളും മരുമക്കളും തന്നോട് പെരുമാറിയതൊക്കെ ബാലകൃഷ്ണ പണിക്കറെ വേദനിപ്പിച്ചിരുന്നു. അതോടെ തന്റെ കണക്കില്ലാത്ത സ്വത്തുക്കള്‍ ജാനിക്കുട്ടിയുടെ പേരിലേക്ക് മാറ്റിയെഴുതുകയും ചെയ്തു. മരണ ശേഷമാണ് വില്‍പത്രത്തിന്റെ കാര്യം മുരളിയും മക്കളും അറിയുന്നത്. ജാനിയെ തകര്‍ക്കാന്‍ പല വഴി ശ്രമിച്ചിരുന്ന മുരളിയെയും കുടുംബത്തെയും ജാനി വീട്ടില്‍ നിന്ന് ഇറക്കി വിട്ടു.

ജാനിയുടെ വളര്‍ച്ചയും ശത്രുക്കളുടെ തകര്‍ച്ചയും

മറ്റൊരു വശത്ത് ജാനിക്കുട്ടിയെ ഉപദ്രവിച്ചവര്‍ക്കൊത്തെ തിരിച്ചടി കിട്ടുന്നുണ്ടായിരുന്നു. വിജയരാഘവന്റെയും രത്‌നമ്മയുടെയും മകള്‍ സൂര്യമോള്‍ ഒരാളെ പ്രണയിച്ച് ഒളിച്ചോടി. ആ ജീവിതത്തില്‍ അസ്വസ്തയായ സൂര്യ മോള്‍ ആത്മഹത്യ ചെയ്തു. മകനാകട്ടെ ചീത്ത കൂട്ടുകെട്ടില്‍ പെട്ട് മയക്കുമരുന്ന് കേസിന് അറസ്റ്റിലായി. വിജയമ്മയും മക്കളും സുരേന്ദ്രന്റെയും കുടുംബത്തിന്റെയും പീഡനങ്ങള്‍ സഹിക്ക വയ്യാത്ത അവസ്ഥയിലായിരുന്നു. മൂത്ത മകള്‍ക്ക് ശരീരം വില്‍ക്കേണ്ട അവസ്ഥ പോലും ഉണ്ടായി. മന്ത്രിയായ ശേഷം ജാനിക്കുട്ടി തന്നെ ഉപദ്രവിച്ചവരെയും സ്‌നേഹിച്ചവരെയും സമീപിക്കേണ്ടത് പോലെ സമീപിച്ചു.

അഭിജിത്തിന്റെ രണ്ടാം വരവ്

ഇതിനിടയിലാണ് മന്ത്രി വി ആര്‍ ജാനകിയുടെ ജീവിതം ഡോക്ക്യുമെന്ററിയാക്കാന്‍ ചാനലുകാര്‍ എത്തിയത്. അങ്ങനെ കുഞ്ഞുന്നാള്‍ മുതല്‍ തന്റെ ജീവിതത്തിലൂടെ കടന്നു പോയവരെയെല്ലാം ജാനി വീണ്ടും കണ്ടു മുട്ടുന്നു. ആ യാത്രയിലാണ് പഴയ കാമുകകന്‍ അഭിജിത്തിനെ കണ്ടെത്തുന്നത്. ബിസിനസ് തകര്‍ന്നതോടെ അഭിജിത്തും കുടുംബവും ചെന്നൈയിലേക്ക് താമസം മാറിയിരുന്നു. അഭിജിത്തും ജാനിയും വീണ്ടും കണ്ടുമുട്ടുന്നു. ആ പ്രണയം പറയാതെ വീണ്ടും അറിയുന്നു.

മന്ത്രിസ്ഥാനം രാജിവച്ചു

അഭിജിത്തിനെ കണ്ടതോടെ ജാനി വീണ്ടുമൊരു സാധാരണ ജീവിതം ആഗ്രഹിക്കുന്നു. കലക്ടറാകുയാണ് തന്റെ സ്വപ്‌നം എന്ന് പറഞ്ഞ് മന്ത്രിസ്ഥാനം രാജിവച്ചു. കൃഷ്ണ മംഗലം തറവാട് മുരളിയെ ഏല്‍പിച്ച്, പുതിയ വീട്ടിലേക്ക് താമസം മാറി. അതിനിടയില്‍ അഭിജിത്തിനെയും കുടുംബത്തെയും സഹായിക്കാനുള്ള നീക്കവും മധുവിനോട് പറഞ്ഞ് ജാനി നടത്തി. ജാനിക്കുട്ടിയിലെ മാറ്റത്തിന് കാരണം അഭിജിത്തിന്റെ സാമിപ്യമാണെന്ന് മനസ്സിലാക്കിയ വിജയരാഘവനും മധുവും അവരുടെ വിവാഹം നടത്താന്‍ തീരുമാനിക്കുന്നു.

ശുഭപര്യവസാനം

മുരളിയുടെ മകന് വേണ്ടി ജാനിയെ വിവാഹം ആലോചിച്ചെങ്കിലും ജാനിക്ക് താത്പര്യമുണ്ടായിരുന്നില്ല. എന്നിരുന്നാലും ജാനിയുടെ വിവാഹത്തിന് എല്ലാവരും പങ്കെടുക്കണം എന്ന് പറഞ്ഞ് മധു മുരളിയെയും കുടുംബത്തെയും വന്ന് കാണുന്നു. മുത്തശ്ശന്റെ ആഗ്രഹപ്രകാരം കൃഷ്ണ മംഗലത്ത് വച്ച് വിവാഹ നിശ്ചയം നടത്തി വയ്ക്കാം എന്നും, വിവാഹം ഐഎഎസ് ട്രെയിനിങ് പൂര്‍ത്തിയാക്കിയ ശേഷം മതി എന്നും തീരുമാനിക്കുന്നു. ജാനിക്കുട്ടിയ്ക്ക് ഐഎഎസ് സെലക്ഷന്‍ കിട്ടി. മകള്‍ മരിച്ച വിഷമത്തിലിരിക്കുന്ന രത്മനമ്മ ടീച്ചറെ ജാനി നേരിട്ട് പോയി കാണുകയും താനിപ്പോഴും അമ്മയായി തന്നെയാണ് കാണുന്നത് എന്ന് പറയുകയും ചെയ്യുന്നു. എല്ലാവരുടെയും സാമിപ്യത്തിലും അനുഗ്രഹത്തിലും ജാനിയുടെയും അഭിജിത്തിന്റെയും വിവാഹ നിശ്ചയം കഴിയുന്നു. ശുഭം

അവസാനത്തെ എപ്പിസോഡ്

ഇതാണ് കഥയുടെ ശുഭപര്യവസാനം. അവസാനത്തെ എപ്പിസോഡ് കാണാം. മഞ്ഞുരുകും കാലത്തിന് പകരം 7.30 ന് പുതിയ സീരിയല്‍ മഴവില്‍ മനോരമയില്‍ തിങ്കളാഴ്ച മുതല്‍ സംപ്രേക്ഷണം ചെയ്യ്തു തുടങ്ങും അമ്മുവിന്റെ അമ്മയാണ് പുതിയ സീരിയല്‍.

English summary
Watch last episode of Manjurukum Kalam malayalam serial

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam