സാധാരണക്കാരനായ എന്റെ കല്യാണത്തിന് വന്നല്ലോ, ഞങ്ങൾ ഒരുമിച്ച് സിനിമയൊന്നും ചെയ്തിട്ടില്ല; ഭാമയെ കുറിച്ച് ബിനീഷ്
സിനിമാ-സീരിയൽ ലോകത്ത് തിളങ്ങി നിൽക്കുന്ന ഒട്ടനവധി താരങ്ങൾ ബിനീഷ് ബാസ്റ്റിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കൊച്ചിയിൽ എത്തിയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവാഹം മംഗളമായി നടത്തുന്നതിന്റെ തിരക്കിലായിരുന്നു ബിനീഷ്. സിനിമാ രംഗത്ത് നിന്ന് അധികം പേരെയൊന്നും ബിനീഷ് ക്ഷണിച്ചിരുന്നില്ല. എന്നാൽ ക്ഷണം കിട്ടിയവരെല്ലാം കൃത്യമായി വന്ന് നവദമ്പതികൾക്ക് ആശംസകൾ നേരുകയും ചെയ്തു.
അക്കൂട്ടത്തിൽ ശ്രദ്ധ നേടുന്നത് നടി ഭാമയുടെ സാന്നിധ്യമായിരുന്നു. ബിനീഷിന്റെ വിവാഹവേദിയിൽ നിറഞ്ഞ് നിൽക്കുന്ന ഭാമയെ കണ്ട് ടീമിന്റെ സ്ഥിരം പ്രേക്ഷകർ ആദ്യമൊന്ന് അമ്പരന്നു. ഇരുവരും തമ്മിൽ അത്രമാത്രം സൗഹൃദമുണ്ടോയെന്ന ചോദ്യമാണ് എല്ലാവരുടേയും മനസിലേക്ക് ആദ്യം വന്നത്.

അതിന് കൃത്യമായ മറുപടി വിവാഹവേദിയിൽ വെച്ച് ഭാമയ്ക്ക് നന്ദി അറിയിച്ച് സംസാരിക്കവെ ബിനീഷ് ബാസ്റ്റിൻ പറഞ്ഞു. സാധാരണക്കാരന്റെ കല്യാണത്തിന് ഭാമ വന്നല്ലോ... വളരെ അധികം സന്തോഷം. ഞങ്ങൾ ഒരുമിച്ച് സിനിമ ഒന്നും ചെയ്തിട്ടില്ല. സ്റ്റാർ മാജിക്ക് ഉണ്ടായിരുന്ന സമയത്ത് ഒരുമിച്ച് ഒരു എപ്പിസോഡ് ചെയ്തിട്ടുണ്ട് എന്നാണ് ബിനീഷ് പറഞ്ഞത്.
ആ പരിചയത്തിന്റെയും സൗഹൃദത്തിന്റെയും പുറത്താണ് ഭാമ ബിനീഷിന്റെ കല്യാണത്തിന് എത്തിയത്. ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി. അതിന് മുമ്പ് ഒരു ഫോട്ടോ എടുത്തോട്ടെയെന്നുള്ള ബിനീഷിന്റെ സ്നേഹം നിറഞ്ഞ വാക്കുകൾ ഭാമയുടേയും ഉള്ളം നിറച്ചു. ഭാമയെ കുറിച്ചുള്ള ടീമിന്റെ നിഷ്കളങ്കമായ വാക്കുകൾ പ്രേക്ഷകരും ഏറ്റെടുത്തു. സിനിമാക്കാരുടെ ചടങ്ങുകളിൽ വിരളമായി മാത്രമെ ഭാമ പങ്കെടുക്കാറുള്ളു.
അല്ലെങ്കിൽ അത്രത്തോളം സൗഹൃദം പുലർത്തുന്നവരുടെ ഫങ്ഷനായിരിക്കണം. ഭാമയും കുടുംബത്തോടൊപ്പം എറണാകുളത്താണ് ഏറെ കാലമായി താമസം. ഫോട്ടോ എടുത്തോട്ടെയെന്ന് ഭാമയോട് അനുവാദം ചോദിച്ചശേഷം മാത്രമാണ് ബിനീഷ് പോസ് ചെയ്തത്. വിവേകത്തോടെയുള്ള ആ ചോദ്യത്തിനേയും പ്രേക്ഷകർ അഭിനന്ദിച്ചു. ബിനീഷിന്റേത് നിഷ്കളങ്കമായ വാക്കുകളും പ്രവൃത്തിയും.
ഭക്ഷണം കഴിച്ചിട്ടേ പോകാവൂവെന്ന ഓർമപെടുത്തലിൽ കൊച്ചിക്കാരുടെ സ്നേഹം കാണുന്നു, ഭാമയും ടീമും നല്ല ഹൃദയത്തിന്റെ ഉടമകൾ, ബിനീഷ് വെറും പച്ചയായ മനുഷ്യനാണ് അതാണ് സാധാരണക്കാരന്റെ കല്യാണത്തിന് വന്നതിന് നന്ദിയെന്ന് ഭാമയോട് പറഞ്ഞത്. അല്ലാതെ ഈ ലോകത്ത് എന്ത് സാധാരണക്കാരൻ... നമ്മൾ എല്ലാവരും മനുഷ്യർ അല്ലേ?. നമ്മൾ ഒത്തുചേർന്ന് പങ്കുവെയ്ക്കണം.

ഇതാണ് നടി... ഇങ്ങനെയാവണം. സാധാരണക്കാരെ മനസിലാക്കുന്ന സാധാരണക്കാരുടെ സന്തോഷങ്ങളിൽ പങ്കുകൊള്ളുന്ന ഒട്ടും ജാഡ ഇല്ലാത്ത നടിമാരിൽ ഒരാളാണ് ഭാമ എന്നിങ്ങനെയാണ് വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ട കമന്റുകൾ. ബിനീഷിന്റെ വധു താര അടൂർ സ്വദേശിനിയാണ്. എൻഗേജ്മെന്റ് ലളിതമായിരുന്നതുകൊണ്ടാണ് ബിനീഷ് വിവാഹം ആഘോഷപൂർവം നടത്തിയത്. പള്ളിയിലെ താലികെട്ട് ചടങ്ങിലും വിവാഹ സൽക്കാരത്തിലും എല്ലാം നിറഞ്ഞ് നിന്നത് ബിനീഷിന്റെ സ്റ്റാർ മാജിക്ക് സുഹൃത്തുക്കളായിരുന്നു.
ആറ് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമായിരുന്നു ബിനീഷും താരയും വിവാഹിതരായത്. ബിനീഷിന്റെയും അമ്മച്ചിയുടേയും വീഡിയോകളുടെ സ്ഥിരം പ്രേക്ഷകയായിരുന്നു താര. ആരാധന പിന്നീട് സൗഹൃദമായും പ്രണയമായും മാറുകയായിരുന്നു. സ്ത്രീധനം ഒന്നും തന്നെ വാങ്ങാതെയാണ് താരയെ ബിനീഷ് സ്വന്തമാക്കിയത്.
താരയാണ് തനിക്ക് കിട്ടുന്ന ഏറ്റവും വലിയ ധനമെന്നാണ് സ്ത്രീധനത്തെ കുറിച്ചുള്ള ചോദ്യത്തിന് ബിനീഷ് നൽകിയ മറുപടി. ഭാമ വിവാഹശേഷമാണ് അഭിനയത്തിൽ നിന്നും ബ്രേക്കെടുത്തത്. പക്ഷെ അടുത്തിടെ പുറത്തിറങ്ങിയ സുമതി വളവ് എന്ന സിനിമയിൽ ഗസ്റ്റ് റോളിൽ നടി എത്തിയിരുന്നു. 2020ൽ ആയിരുന്നു ഭായുടേയും അരുണിന്റേയും വിവാഹം. ഇരുവർക്കും ഒരു മകളുണ്ട്. എന്നാൽ 2024ൽ ഒരു സോഷ്യൽമീഡിയ പോസ്റ്റിലൂടെ താൻ സിംഗിൾ മദറാണെന്ന് ഭാമ അറിയിച്ചു.


Click it and Unblock the Notifications











