വണ്ടിയിൽ ഞാൻ വരുമ്പോൾ നീ ഗേറ്റ് തുറക്കുന്ന ദിവസം വരും; പറഞ്ഞതെല്ലാം സംഭവിച്ചു: ബിനു അടിമാലിയുടെ വാക്കുകൾ
ടെലിവിഷൻ രംഗത്ത് വലിയ ജനശ്രദ്ധ നേടാൻ കഴിഞ്ഞ ആർട്ടിസ്റ്റാണ് ബിനു അടിമാലി. കോമഡി ആർട്ടിസ്റ്റായി ഷോകളിൽ കയ്യടി നേടിയ ബിനു അടിമാലി പിന്നീട് സിനിമകളിൽ അഭിനയിച്ചു. ചെറിയ റോളുകളാണ് സിനിമകളിൽ ബിനു അടിമാലി കൂടുതലും ചെയ്തത്. ടെലിവിഷൻ ഷോകളിലെ ബിനു അടിമാലിയുടെ കമന്റുകൾ പലപ്പോഴും വിവാദമായിരുന്നു. ബോഡ് ഷെയ്മിംഗ് പരാമർശങ്ങളാണ് വിവാദങ്ങൾക്ക് കാരണമായത്. എന്നാൽ ഈ വാദങ്ങളെ ബിനു അടിമാലി അംഗീകരിക്കുന്നില്ല.
കലാ രംഗത്തേക്ക് വന്ന ശേഷം തന്റെ ജീവിതത്തിലുണ്ടായ ഉയർച്ചയെക്കുറിച്ച് ഒരിക്കൽ ബിനു അടിമാലി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
അന്ന് എന്ത് സ്വപ്നം കണ്ടോ അതെല്ലാം നടന്നെന്ന് ബിനു അടിമാലി പറയുന്നു. പണ്ട് കൊച്ചിന്റെ കളിപ്പാട്ടമായ ഫോണെടുത്ത് വെറുതെ സംസാരിക്കുമായിരുന്നു. മനസിലെ ആഗ്രഹം കൊണ്ട് പറഞ്ഞതാണ്. എന്താ ബിനു ചേട്ടാ വട്ടായോ എന്ന് ഭാര്യ ചോദിക്കും. എടീ, ഒരിക്കൽ എന്റെ വണ്ടിയിൽ ഞാൻ വരുമ്പോൾ നീ ഗെയ്റ്റ് തുറക്കും എന്ന് അന്ന് ഞാൻ പറഞ്ഞു.

അന്ന് തമാശയ്ക്ക് പറഞ്ഞ കാര്യങ്ങളെല്ലാം പറഞ്ഞ് വെച്ചത് പോലെ ദെെവം സാധിച്ച് തന്നു. എന്നാൽ അതിന് വേണ്ടി താൻ പ്രയത്നിച്ചിരുന്നില്ലെന്നും ബിനു അടിമാലി പറയുന്നു. കലാഭവനിൽ ഷോ ചെയ്യുമ്പോൾ കലാഭവൻ ബിനു എന്ന് പേരിടെന്ന് എന്നോട് പലരും പറഞ്ഞിരുന്നു. എന്നാൽ അത് വേണ്ട ബിനു അടിമാലി എന്ന് മതിയെന്ന് ഞാൻ പറഞ്ഞു. എന്റെ നാടിനെ അത്രയ്ക്ക് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ.
എന്റെ നാടിന്റെ പവിത്രതയിൽ നിന്നും നിഷ്കളങ്കതയിൽ നിന്നും മാറാൻ താൽപര്യമില്ല. ഇപ്പോഴും എന്റെ നാട്ടിൽ ആറേ മുക്കാൽ കഴിഞ്ഞാൽ ബസ് ഇല്ല. ഷോ കഴിഞ്ഞ് രാവിലെയായിരുന്നു നാട്ടിലേക്ക് പോകാറെന്നും ബിനു അടിമാലി ഓർത്തു.

പ്രണയ വിവാഹമായിരുന്നെന്നും ബിനു അടിമാലി പറഞ്ഞു. വിളിച്ചപ്പോൾ തന്നെ അവൾ ഇറങ്ങി വന്നു. അന്ന് വരെ ഒരു സീരിയസ്നെസുമില്ലാതെ ജീവിക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് പ്രണയമുണ്ടായത്. എന്നാൽ ഭാര്യ ജീവിതത്തിലേക്ക് വന്നതോടെ ഐശ്വര്യം വന്നെന്നും നടൻ വ്യക്തമാക്കി. പെയിന്റ് പണിക്ക് പോകുന്ന കാലത്താണ് കൊച്ചിൻ സാരംഗി എന്ന ട്രൂപ്പിൽ പെട്ടെന്ന് കുറേ പ്രോഗ്രാമുകൾ വന്നു.
പിന്നെ അവിടെ നിന്നങ്ങോട്ട് കാര്യമായി ടെൻഷനിക്കേണ്ടി വന്നില്ല. അമ്മച്ചിയും അച്ഛനും ഞാൻ ഈ നിലയിലേക്ക് വരാൻ ആഗ്രഹിച്ചിരുന്നെന്നും ബിനു അടിമാലി പറയുന്നു. മെെെൽ സ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് ബിനു ജനപ്രിയനായി മാറുന്നത്. എന്നാൽ ഈ ഷോയിലെ പല പരാമർശങ്ങളും ബിനുവിന് വിനയായി. പരിഹസിച്ചുള്ള പരാമർശങ്ങൾക്കെതിരെ വ്യാപക വിമർശനം വന്നു. എന്നാൽ വിമർശനങ്ങളെ നടൻ അംഗീകരിക്കുന്നില്ല. സ്റ്റാർ മാജിക്കിൽ നടന്നത് ബോഡി ഷെയ്മിംഗ് ആണെന്ന് പറയാൻ പറ്റില്ല.
അങ്ങനെയാണെങ്കിൽ ചാക്യാർ കൂത്ത് കാണാൻ പറ്റില്ലെന്നാണ് ബിനു അടിമാലി പറയുന്നത്. ധന്യ എന്നാണ് ബിനുവിന്റെ ഭാര്യയുടെ പേര്. മൂന്ന് മക്കളാണ് ബിനുവിന്. ആത്മിക്, മീനാക്ഷി, ആമ്പൽ എന്നിങ്ങനെയാണ് മക്കളുടെ പേര്. കുടുംബവും നാടും വിട്ട് നിൽക്കാൻ ബിനു താൽപര്യപ്പെടുന്നില്ല. ബിഗ് ബോസ് പോലുള്ള ഷോയിൽ പങ്കെടുക്കുക ഇക്കാരണത്താൽ തനിക്ക് സാധ്യമല്ലെന്നും ബിനു അടിമാലി വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത കാലത്ത് ബിനു അടിമാലി ചില വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. ക്യാമറ തല്ലിപ്പൊട്ടിച്ചെന്ന ആരോപണവുമായി ഫോട്ടോഗ്രാഫർ ജിനേഷ് ബിനുവിനെതിരെ രംഗത്ത് വന്നു. തെളിവുകൾ നിരത്തിയായിരുന്നു ആരോപണം. ബിനു തന്നെ മർദ്ദിച്ചെന്നും ഫ്ലവേഴ്സ് ഷൂട്ടിംഗ് സെറ്റിൽ വെച്ചാണ് മർദ്ദനമേറ്റതെന്നും ജിനേഷ് തുറന്ന് പറഞ്ഞു. റിയാലിറ്റി ഷോ നടക്കുന്ന ലൊക്കേഷനിലേക്ക് വിളിച്ച് വരുത്തി റൂമിൽ വെച്ച് മർദ്ദിച്ചെന്നും ക്യാമറ തല്ലി തകർത്തെന്നും ജിനേഷ് ആരോപിച്ചു.
ആരോപണം വലിയ തോതിൽ ചർച്ചയായി. ബിനുവിനെതിരെ മറ്റ് ചില ആരോപണങ്ങളും ഉന്നയിച്ചു. കൊല്ലം സുധിയുടെ മരണ ശേഷം സിംപതി കിട്ടാൻ ആ വീട്ടിലേക്ക് വീൽ ചെയറിൽ പോയി. വീൽ ചെയറൊന്നും വേണ്ടെന്ന് ഡോക്ടർ പറഞ്ഞിരുന്നെന്നും ജിനേഷ് വെളിപ്പെടുത്തി. ബിനുവിന്റെ മുൻ സോഷ്യൽ മീഡിയ പേജ് മാനേജരുമായിരുന്നു ജിനേഷ്. ആരോപണം ബിനു അടിമാലി നിഷേധിക്കുകയുണ്ടായി. ആരോപണങ്ങൾ ഞെട്ടിച്ചെന്നും അടിസ്ഥാന രഹിതമാണെന്നും ബിനു അടിമാലി വാദിച്ചു.
അപകടം കഴിഞ്ഞ് മൂന്ന് മാസത്തോളം വിശ്രമം വേണ്ടിയിരുന്നു. ഡോക്ടർ നിർദ്ദേശിച്ചത് പ്രകാരമാണ് വാക്കറിൽ നടന്നിരുന്നത്. മരിച്ച് പോയ സുധിയുടെ വീട്ടിൽ പോയി പ്രഹസനം കാണിച്ചു എന്ന് പറയുന്നത് ശരിയല്ല. പുള്ളി പറഞ്ഞത് കേട്ട് ഞെട്ടിപ്പോയെന്നും ബിനു അടിമാലി പറഞ്ഞു. ഒരു ചാനലിന്റെ പരിപാടി നടക്കുന്ന സമയത്ത് അവിടെ വെച്ച് ഒരാളെ ഇടിച്ച് അയാളുടെ ക്യാമറ തല്ലിപ്പൊട്ടിച്ചാൽ അയാളെ പിന്നെ ചാനൽ പരിപാടിക്ക് എടുക്കുമോ ആ മാനസികാവസ്ഥയിൽ ഷോ ചെയ്യാൻ പറ്റുമോയെന്നും ബിനു അടിമാലി ചോദിച്ചു.
നടൻ കൊല്ലം സുധി മരണപ്പെട്ട വാഹനാപകടത്തിൽ ബിനു അടിമാലിക്കും പരിക്ക് പറ്റിയിരുന്നു. 2023 ലായിരുന്നു അപകടം. ബിനുവിന്റെ സുഹൃത്തായിരുന്നു ബിനു അടിമാലി. കൊല്ലം സുധിയുടെ മരണം ഏവർക്കും ഞെട്ടലായിരുന്നു. ഫ്ലവേഴ്സ് ചാനലുൾപ്പെടെ പിന്നീട് സുധിയുടെ കുടുംബത്തിന് താങ്ങായി. കൊല്ലം സുധിയുടെ ഭാര്യ രേണു കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. ഫോട്ടോഷൂട്ടും ആൽബം സോങ്സുമെല്ലാമായി തിരക്കുകളിലാണ് രേണു. സുധിയുടെ മരണ ശേഷമാണ് രേണു ലെെം ലെെറ്റിലേക്ക് വരുന്നത്.
വിഷമഘട്ടത്തെ അതിജീവിച്ച് മുന്നോട്ട് പോകുന്ന രേണുവിനെ പിന്തുണയ്ക്കുന്നവരുണ്ടെങ്കിലും വിമർശിക്കുന്നവർ ഏറെയാണ്. രേണുവിന്റെ മാറ്റങ്ങളെ ഇവർ ഉൾക്കൊള്ളുന്നില്ല. സോഷ്യൽ മീഡിയയിൽ വന്ന കമന്റുകളൊന്നും രേണു കാര്യമാക്കുന്നില്ല. നെഗറ്റീവ് കമന്റുകളെ അവഗണിച്ച് രേണു മുന്നോട്ട് പോകുന്നു.
കൊല്ലം സുധിയെക്കുറിച്ചുള്ള ഓർമകൾ ബിനു അടിമാലി ഉൾപ്പെടെയുള്ളവർ പങ്കുവെക്കാറുണ്ട്. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് വരികെയായിരുന്നു അപകടം. സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും കാറിലുണ്ടായിരുന്നു. 2015 ൽ പുറത്തിറങ്ങിയ കാന്താരി എന്ന സിനിമയിലൂടെയാണ് കൊല്ലം സുധി അഭിനയ രംഗത്തേക്ക് വരുന്നത്.
കട്ടപ്പനയിലെ ഋതിക് റോഷൻ, കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, വക തിരിവ്, കേശു ഈ വീടിന്റെ നാഥൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ബിനു അടിമാലിയെ പോലെ വലിയ ജനശ്രദ്ധ നേടിയ കോമേഡിയനായിരുന്നു കൊല്ലം സുധി. ഇന്നും നടനെ ആരാധകർ മറന്നിട്ടില്ല. കൊല്ലം സുധിയുടെ പാത പിന്തുടർന്ന് ഇന്ന് ഭാര്യ രേണുവും അഭിനയ രംഗത്ത് എത്തി. സോഷ്യൽ മീഡിയയിൽ വെെറലാണ് രേണുവിന്റെ റീലുകളും ഫോട്ടോഷൂട്ടും. സുധിയുടെ മരണത്തിന്റെ ആഘാതത്തിലായിരുന്നു രേണു. ഇന്നും ഭർത്താവിനെക്കുറിച്ചുള്ള ഓർമകൾ രേണു പങ്കുവെക്കാറുണ്ട്. സുധിയെ മറന്നു എന്ന കുറ്റപ്പെടുത്തലുകൾക്ക് തക്കതായ മറുപടി രേണു നൽകാറുണ്ട്.


Click it and Unblock the Notifications











