ദിവസം ഒന്നര ലക്ഷം വരെ പ്രതിഫലം?; ബിഗ് ബോസിലേക്ക് പലതവണ ക്ഷണം, ഫോണില്ലാതെ ജീവിക്കും പക്ഷെ...; ഗംഗ പറയുന്നു!
യുട്യൂബ് വ്ലോഗിങ്ങിലൂടെ ജീവിതം അടിമുടി മാറ്റി മറിച്ച ബ്യൂട്ടി ഫാഷൻ വ്ലോഗറാണ് ഗ്ലാമി ഗംഗ. തിരുവനന്തപുരം സ്വദേശിനിയായ ഗംഗ വളരെ നിർധന കുടുംബത്തിലെ അംഗമായിരുന്നു. അച്ഛൻ ഉപേക്ഷിച്ച് പോയശേഷം അമ്മയേയും സഹോദരിയേയും സംരക്ഷിച്ചതും കുടുംബം മുന്നോട്ട് പോയതുമെല്ലാം ഗംഗ ഒറ്റയാളുടെ കഠിനാധ്വാനം കൊണ്ടാണ്. എല്ലാവരും ഒരുപോലെ കൊതിക്കുന്ന പ്ലാറ്റ്ഫോമാണ് ബിഗ് ബോസ്.
എന്നാൽ പലതവണ ക്ഷണം ലഭിച്ചിട്ടും ഗംഗ പോയില്ല. അതിനുള്ള കാരണം പോട്രയൽസ് ബൈ ഗദ്ദാഫിക്ക് നൽകിയ അഭിമുഖത്തിൽ ഗ്ലാമി ഗംഗ വെളിപ്പെടുത്തി. ഒന്നര ലക്ഷം വരെ ഗംഗയ്ക്ക് പ്രതിഫലം വാഗ്ദാനം ചെയ്താണ് ബിഗ് ബോസിലേക്ക് ക്ഷണിച്ചതെന്ന് വരെ കേട്ടിരുന്നുവെന്ന് ഗദ്ദാഫി പറഞ്ഞപ്പോഴാണ് ഗംഗ സത്യാവസ്ഥ വെളിപ്പെടുത്തിയത്.

എല്ലാ ബിഗ് ബോസ് സീസൺ ആരംഭിക്കുന്നതിന് മുമ്പും എനിക്ക് വിളി വരുമായിരുന്നു. എനിക്ക് ഒന്നര ലക്ഷം രൂപ വരെ പ്രതിഫലം പറഞ്ഞതാണ് എന്നൊക്കെ പ്രചരിച്ചും ഞാൻ കണ്ടു. ആഹാ കൊള്ളാമല്ലോ എന്നാണ് അത് കേട്ടപ്പോൾ തോന്നിയത്. എനിക്ക് ആ ഷോ പറ്റുമെന്ന് തോന്നുന്നില്ല. ഞാൻ ഒരു ബിഗ് ബോസ് മെറ്റീരിയലാണെന്നും തോന്നിയിട്ടില്ല. ഇരുപത്തിയൊന്നോ ഇരുപത്തിരണ്ടോ വയസിലാണ് ബിഗ് ബോസിലേക്ക് ക്ഷണം വന്നിരുന്നതെങ്കിൽ ഞാൻ ചിലപ്പോൾ പോകുമായിരുന്നു.
അടിയും ഇടിയുമെല്ലാം ഉണ്ടാക്കി നടക്കുകയും ചെയ്തേനെ. പക്ഷെ ഇപ്പോൾ എനിക്ക് അതിനോട് താൽപര്യമില്ല. ഒരു വഴക്കുണ്ടാക്കാൻ താൽപര്യമില്ല. എന്നെ കുറിച്ച് ആരെങ്കിലും ഒരു ആരോപണം ഉന്നയിക്കുകയാണെന്ന് കരുതൂ. ഞാൻ പ്രതികരിക്കില്ല മിണ്ടാതിരിക്കും.
രണ്ട് വർഷം കൊണ്ട് എന്റെ സ്വഭാവത്തിൽ വന്ന മാറ്റം അതാണ്. നീ ഇന്നതാണ് എന്നൊരാൾ പറഞ്ഞാൽ... അതേ ഞാൻ അങ്ങനെയാണ് എന്നങ്ങ് സമ്മതിച്ചേക്കും. കാരണം എനിക്ക് വയ്യ അടിയുണ്ടാക്കി ഞാൻ ശരിയാണെന്ന് തെളിയിക്കാൻ. എനിക്ക് അത് പറ്റില്ല. ബിഗ് ബോസ് എനിക്ക് പറ്റിയ പ്ലാറ്റ്ഫോമല്ല. ഫുഡ് ഇല്ലാതെ കഴിയാൻ എനിക്ക് ബുദ്ധിമുട്ടാണ്. ഫോണില്ലാതെ പിന്നെയും ഞാൻ ജീവിക്കും. അമ്മയുടെ സാന്നിധ്യവും എനിക്ക് വേണം.
ഒരു അഞ്ച് ദിവസം കൂടുമ്പോഴെങ്കിലും ആ ഒരു സ്പർശനം എനിക്ക് വേണം. അതുപോലെ എന്റെ പൂച്ചയും പട്ടികളുമില്ലാതെ എനിക്ക് ജീവിക്കാൻ ഒട്ടും പറ്റില്ല. എവിടെ എങ്കിലും പോയിട്ട് തിരിച്ച് വന്നാൽ എന്റെ പൂച്ചകളെ എടുത്ത് വെച്ച് മണപ്പിക്കുന്നയാളാണ് ഞാൻ. കാറ്റ് ലവ്വേഴ്സിന് ഇതൊക്കെ മനസിലാകുമെന്ന് കരുതുന്നു.

പൂച്ചകളുടെ രോമം അലർജിയുണ്ടെങ്കിലും എന്നാലും അവരെ ഞാൻ എടുത്ത് മണപ്പിക്കും. കാരണം അങ്ങനെ ചെയ്യുമ്പോൾ എനിക്ക് ഭയങ്കര സമാധാനം തോന്നും. മൂന്നാമത്തെ സീസൺ മുതൽ എനിക്ക് വിളി വരുന്നുണ്ട് എന്നും ഗംഗ പറയുന്നു. അടുത്തിടെയായിരുന്നു സുഹൃത്തായ വിഷ്ണുവുമായി ഗംഗയുടെ വിവാഹം. അച്ഛന്റേയും അമ്മയുടേയും ജീവിതമായിരിക്കരുത് തന്റേതെന്ന് ആഗ്രഹിച്ചാണ് ഗ്ലാമി ഗംഗ അപ്പുവിനെ ജീവിതത്തിലേക്ക് തിരഞ്ഞെടുത്തത്.
വിവാഹം ഗുരുവായൂരിൽ വെച്ചായിരുന്നു. കാര്‍ത്തിക് സൂര്യ, ഭാര്യ വര്‍ഷ, ശരണ്യ തുടങ്ങി യൂട്യൂബ് ലോകത്തെ ഗ്ലാമിയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം വിവാഹത്തിന് സാക്ഷിയാകാൻ എത്തിയിരുന്നു. വിവാഹം വളരെ സിംപിള്‍ ആയിരിക്കുമെന്ന് തുടക്കത്തിലേ ഗംഗ പറഞ്ഞിരുന്നു.
വീട്ടുകാര്‍ക്ക് ബാധ്യതയാവുന്ന തരത്തിലുള്ള ചെലവുകള്‍ ഉണ്ടാവില്ല, ഒരു തരി പൊന്ന് ഉണ്ടാവില്ല, വളരെ സിംപിളായിരിക്കും വിവാഹം എന്നാണ് ഗംഗ പറഞ്ഞത്. അതുപോലെ തന്നെയാണ് വിവാഹം നടന്നത്.


Click it and Unblock the Notifications


