രണ്ട് ഭാര്യമാരുമായി ബിഗ് ബോസില്‍ കാണിച്ച് കൂട്ടുന്നതെന്താണ്? അകത്തും പുറത്തും അര്‍മാനും ഭാര്യമാരും വൈറല്‍
സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ഹിന്ദി ബിഗ് ബോസ് രാജ്യത്ത് വലിയ തരംഗമായി മാറാറുണ്ട്. എന്നാല്‍ ഇത്തവണ സല്‍മാന്‍ ഖാന് പകരം അനില്‍ കപൂറിനെ അവതാരകനാക്കി പുതിയ സീസണ്‍ തുടങ്ങിയിരിക്കുകയാണ്. മലയാളം ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു ഹിന്ദിയില്‍ അടുത്ത ലക്കം തുടങ്ങിയത്. ഇത്തവണ വ്യത്യസ്തമായ രീതിയില്‍ ഒടിടി യിലൂടെയാണ് ഷോ നടക്കുന്നത്.
സാധാരണ നൂറ് ദിവസമായി നടക്കുന്ന ബിഗ് ബോസ് ഷോ ഒടിടി യിലേക്ക് വന്നപ്പോള്‍ അമ്പത് ദിവസമായിരിക്കും ഉണ്ടാവുക. ഷോ തുടങ്ങി ഒരാഴ്ച പിന്നിട്ടതോടെ സംഭവബഹുലമായ കാര്യങ്ങളാണ് നടക്കുന്നത്. അതിലേറ്റവും ശ്രദ്ധേയം രണ്ട് ഭാര്യമാരുമായി മത്സരിക്കാനെത്തിയ അര്‍മാന്‍ മാലിക്കാണ്.

ഹൈദരാബാദില്‍ നിന്നുള്ള യൂട്യൂബര്‍ കൂടിയായ അര്‍മാന്‍ മാലിക്കും അദ്ദേഹത്തിന്റെ ഭാര്യമാരുമാണ് ബിഗ് ബോസില്‍ വന്നിരിക്കുന്നത്. യൂട്യൂബില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള താരമാണ് അര്‍മാന്‍ മാലിക്ക്. താരത്തിന്റെ ഭാര്യമാരായ പായലും കൃതികയും പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതരാണ്. മൂവരും ബിഗ് ബോസില്‍ ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്.
ഈ സീസണിലെ മൊത്തം കണ്ടന്റും അര്‍മാന്‍ മാലിക്കിനെയും അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരുടെയും ചുറ്റുമാണ്. അതേ സമയം ബിഗ് ബോസിനകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ സംഭാഷണമാണ് അര്‍മാന്‍ മാലിക് തൊടുത്ത് വിട്ടിരിക്കുന്നത്. അതിലൊന്ന് പോളിഗമിയെ കുറിച്ചാണ്.
ആദ്യ ദിവസങ്ങളില്‍ അര്‍മാനും സഹമത്സരാര്‍ഥിയായ ജേര്‍ണലിസ്റ്റ് ദീപക് ചൗരസ്യയും തമ്മില്‍ ചില തര്‍ക്കങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെ അര്‍മാന്റെ ഭാര്യമാരെ നേരിട്ടല്ലാതെ ദീപക് പരിഹസിക്കുകയും ചെയ്തു. ഇവര്‍ക്കെതിരെ വീട്ടിന് അകത്ത് പലരും രംഗത്ത് എത്തുകയാണിപ്പോള്‍.
ഏറ്റവും പുതിയതായി അര്‍മാന്‍ മാലിക്കിന്റെ രണ്ട് വിവാഹങ്ങളെക്കുറിച്ച് സന മക്ബുള്ളാണ് ചോദ്യം ചെയ്തത്. തന്റെ ആദ്യ ഭാര്യ പായല്‍ മാലിക് വീണ്ടും അര്‍മാന്‍ അല്ലാതെ മറ്റൊരാളെ വിവാഹം കഴിച്ചാല്‍ അയാള്‍ക്ക് എന്ത് തോന്നും എന്നാണ് സന ചോദിച്ചത്. ഇത് അര്‍മാനെ പ്രകോപിപ്പിക്കുകയും ചെയ്തു. ഇതിന് പുറമേ രണ്ട് ഭാര്യമാരുമായി ബിഗ് ബോസിലേക്കെത്തിയ അര്‍മാനെ ഒളിഞ്ഞും തെളിഞ്ഞും മറ്റ് മത്സരാര്‍ഥികള്‍ കളിയാക്കുകയാണ്.

എന്നാല്‍ അര്‍മാനും ഭാര്യമാര്‍ക്കും പിന്തുണയുമായി നടി ഉര്‍ഫി ജാവേദ് രംഗത്തെത്തി. ഉര്‍ഫി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ അര്‍മാന്റെയും ഭാര്യമാരുടെയും ഫോട്ടോകള്‍ പങ്കുവെക്കുകയും അവര്‍ മൂന്ന് പേര്‍ക്കും ഒരുമിച്ച് പോവുന്നതില്‍ സന്തുഷ്ടരാണെങ്കില്‍ അവരുടെ ബന്ധത്തെ ആരും ചോദ്യം ചെയ്യരുതെന്നാണ് ഉര്‍ഫിയുടെ അഭിപ്രായം. മാത്രമല്ല താന്‍ അവര്‍ക്ക് പിന്തുണ നല്‍കുന്നതായിട്ടും നടി സൂചിപ്പിച്ചു.
ബിഗ് ബോസ് തുടങ്ങി ആദ്യ ആഴ്ചകളില്‍ വലിയ ചര്‍ച്ചയായതിന് പുറമേ ബിഗ് ബോസ് നിര്‍മാതാക്കളെ വിമര്‍ശിച്ച് കൊണ്ടും ചിലരെത്തി. അര്‍മാനെയും ഭാര്യമാരെയും ഈ ഷോ യില്‍ പങ്കെടുപ്പിക്കുന്നതിന് എതിരെയാണ് ടെലിവിഷന്‍ നടി ദേവോലീന ഭട്ടാചാരി എത്തിയത്. 'ഇതൊരു വിനോദമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഇത് വിനോദമല്ലെന്നും തികഞ്ഞ വൃത്തികേടാണെന്നും നടി പറയുന്നു.
ഇത് നിസാരമായി എടുക്കേണ്ട കാര്യമല്ല. കാരണം ഇത് ഒരു റീല്‍ അല്ല, യഥാര്‍ഥ്യമാണ്. ഇവരെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ തന്നെ വെറുപ്പ് തോന്നുന്നുണ്ടെന്നും' ദേവോലീന ഭട്ടാചാരി പറഞ്ഞു. ഇത്തരത്തില്‍ അര്‍മാനെയും ഭാര്യമാരെയും പിന്തുണച്ചും എതിര്‍ത്ത് കൊണ്ടും സോഷ്യല്‍ മീഡിയയില്‍ നിരവധി കമന്റുകളാണ് വരുന്നത്.


Click it and Unblock the Notifications