അഞ്ച് സ്റ്റിച്ചുകൾ പൊട്ടി, നടക്കാൻ പോലും കഴിയാത്ത അവസ്ഥ, ഗർഭിണികളോട് അൽപ്പം ദയ കാണിക്കുക; അസ്ല മാർലി
യുട്യൂബർ, വ്ലോഗർ, ഇൻഫ്ലൂവൻസർ എന്നീ ലേബലുകളിൽ സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വമാണ് അസ്ല മാർലി. ഇൻഫോർമേറ്റീവായ വീഡിയോകളാണ് അസ്ലയുടെ ഹൈലൈറ്റ്. പലരും സംസാരിക്കാനും ബോധവത്കരിക്കാനും മടിക്കുന്ന വിഷയങ്ങളെ കുറിച്ച് വരെ വ്യക്തമായും കൃത്യമായും അസ്ല സംസാരിക്കും. അടുത്തിടെയായിരുന്നു അസ്ലയ്ക്ക് പെൺകുഞ്ഞ് പിറന്നത്.
ആദ്യമായി അമ്മയായതിന്റെ ത്രില്ലിലാണെങ്കിലും പോസ്റ്റ്പാർട്ടം അൽപ്പം കടുപ്പമേറിയതായിരുന്നുവെന്ന് പറയുകയാണിപ്പോൾ അസ്ല. നോർമൽ ഡെലിവറി ആയിരുന്നുവെങ്കിലും താൻ ഒന്ന് നടക്കാൻ തുടങ്ങിയത് രണ്ടാഴ്ച പിന്നിട്ടശേഷമാണെന്ന് അസ്ല പറയുന്നു. രണ്ടാഴ്ച മുമ്പായിരുന്നു എന്റെ പ്രസവം. പക്ഷെ ഞാൻ ശരിക്കൊന്ന് നടക്കാൻ തുടങ്ങിയത് ഇന്ന് മുതലാണ്. ഓടി ചാടി നടത്തമൊന്നുമല്ല.

സുഖമായി ചെറുതായി ഒന്ന് വീട്ടിനുള്ളിൽ തന്നെ നടന്ന് തുടങ്ങിയതിനെ കുറിച്ചാണ് ഞാൻ പറയുന്നത്. പഴയതുപോലെ ആയില്ലെങ്കിലും കുറച്ച് ഉഷാറാണ്. ആശുപത്രിയിൽ വെച്ച് എനിക്ക് സ്റ്റിച്ചിന് വലിയ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. ശക്തമായൊരു പനി വന്നാണ് ആശുപത്രിയിൽ ഞാൻ അഡ്മിറ്റായത്. അതിന്റെ കൂടെ ഗിഫ്റ്റെന്നത് പോലെ ചുമയും വന്നു. ഒരു മിനിറ്റിൽ തന്നെ ഒരുപാട് തവണ ചുമയ്ക്കും. നോർമൽ ഡെലിവറി കഴിഞ്ഞ് രണ്ട് ദിവസം പിന്നിട്ടപ്പോൾ ഡിസ്ചാർജായി ഞാൻ വീട്ടിൽ വന്നു.
മാത്രമല്ല സ്റ്റിച്ചിൽ ഭയങ്കരമായ വേദനയും അനുഭവപ്പെട്ട് തുടങ്ങി. നടക്കാൻ പോലും പറ്റുന്നില്ല. നോർമൽ ഡെലിവറിയാണെങ്കിൽ സ്റ്റിച്ചിൽ വേദനയുണ്ടാവില്ലെന്ന് പറയുന്നത് കേൾക്കാം. വേദന വന്നപ്പോൾ ഡോക്ടറോട് അക്കാര്യം പറഞ്ഞു. ആ സമയത്ത് പനിയുടേയും ചുമയുടേയും എല്ലാം മരുന്നും ഞാൻ കഴിക്കുന്നുണ്ട്.
മൂന്ന്, നാല് ദിവസം കഴിഞ്ഞപ്പോൾ മൂത്രമൊഴിക്കാൻ പോലും പറ്റുന്നില്ല. ക്ലോസറ്റിൽ ഇരിക്കാൻ കഴിയുന്നില്ല. പച്ചമാസത്തിൽ ബ്ലെയ്ഡ് വെച്ച് കീറുന്ന വേദന. അങ്ങനെ ആശുപത്രിയിലേക്ക് ഞാൻ വീണ്ടും പോയി. ഒരുവിധം വേദന ഞാൻ സഹിക്കുന്നയാളാണ്. അതുകൊണ്ട് തന്നെ വേദന ഗുരുതരമാണെന്നത് വീട്ടുകാർക്കും ഡോക്ടർക്കും മനസിലായി. അങ്ങനെ ആശുപത്രിയിൽ ചെന്ന് പരിശോധിച്ചപ്പോഴാണ് അഞ്ചോളം സ്റ്റിച്ച് പൊട്ടിയെന്ന് മനസിലായത്.
ചുമയായിരുന്നു കാരണം. അടക്കിപിടിച്ച് ചുമക്കാനൊന്നും പറ്റുന്ന അവസ്ഥയായിരുന്നില്ല. റീ സ്റ്റിച്ച് ചെയ്യാൻ പറ്റുന്ന ഏരിയയുമല്ല. അതുകൊണ്ട് ഇൻഫക്ഷൻ വരാതെ നോക്കണം. ഇളംചൂടുവെള്ളത്തിൽ കല്ലുപ്പിട്ട് ഇരിക്കാനാണ് ഡോക്ടർ നിർദേശിച്ചത്. ഒപ്പം കുറച്ച് മരുന്നും തന്നു. കല്ലുപ്പിൽ ഇരിക്കാൻ എനിക്ക് പേടിയായിരുന്നു.

ഡോക്ടർ അടക്കം എല്ലാവരും മോട്ടിവേറ്റ് ചെയ്തിട്ടും എനിക്ക് ഭയമായിരുന്നു. ഞാൻ വിഷമിച്ചിരിക്കുമ്പോൾ എന്നെ ഫെയ്സ് ചെയ്യാൻ ഉപ്പയ്ക്ക് ഇഷ്ടമല്ല. കല്ലുപ്പിലിരിക്കാനുള്ള ഭയംകൊണ്ട് ഞാൻ കുഞ്ഞുങ്ങളെപ്പോലെ കരയുമായിരുന്നു. യൂട്രസ് ചുരുങ്ങുന്നതിന്റെ വേദന വേറെയും. ഇൻഫക്ഷൻ വരുമോയെന്ന ടെൻഷനായിരുന്നു ഡോക്ടർക്ക്. ബ്ലീഡിങ്ങിന് പാഡ് എപ്പോഴും എനിക്ക് ഉപയോഗിക്കാൻ കഴിയില്ല. അത് എനിക്ക് അലർജിയാണ്.
ഇപ്പോഴാണ് ഞാൻ സ്പീഡിൽ നടന്ന് തുടങ്ങിയത്. ഉപ്പുവെള്ളത്തിൽ ഇരിക്കാനും ആന്റിബയോട്ടിക്സും എടുക്കാൻ തുടങ്ങിയതോടെ ഒരുപാട് ആശ്വാസമുണ്ട്. നോർമൽ ഡെലിവറിയാണെങ്കിലും പലർക്കും പലതരത്തിലാകും പോസ്റ്റ്പാർട്ടം. ഈ സമയവും കടന്ന് പോകും എന്ന് ചിന്തിച്ചാൽ മതി. ഞാൻ പൊട്ടിക്കരഞ്ഞ ദിവസങ്ങളുണ്ട്. ഒരു പ്രസവവും അണ്ടർസ്റ്റിമേറ്റ് ചെയ്യരുത്. ഒരോ പ്രസവവും ഗർഭിണികളും വ്യത്യസ്തരാണ്. അവരോട് കുറച്ച് ദയ കാണിക്കുക. ഏറ്റവും പ്രധാനം ലവ്വും സപ്പോർട്ടും കെയറുമാണ്.
പാവം കുഞ്ഞാണ് എന്റെ പീക്കു. അസുഖങ്ങളൊന്നുമില്ല. അവളെ കാണുമ്പോഴാണ് സമാധാനം. അവൾ എന്റെ നിധിയാണ്. ആ നിധിക്ക് വേണ്ടി കുറച്ച് കഷ്ടപ്പെട്ടു എന്നേ കരുതുന്നുള്ളു എന്നും അസ്ല മാർലി പറയുന്നു.


Click it and Unblock the Notifications