'ഈ പ്രായത്തിൽ എന്തിന് ഇങ്ങനെ നടക്കുന്നു? എന്തിനാണ് ഇങ്ങനെ ഡ്രസ് ചെയ്യുന്നത്?, എനിക്ക് നല്ല തൊലിക്കട്ടിയാണ്'
മാജിക്ക് ഓവൻ എന്ന ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് അവതാരകയും യുട്യൂബറുമെല്ലാമായ ലക്ഷ്മി നായർ. പ്രായം അറുപതിനോട് അടുത്തുവെങ്കിലും അഞ്ച് പേരക്കുട്ടികൾ ഉള്ള മുത്തശ്ശിയാണെങ്കിലും ഓരോ ദിവസവും എഞ്ചോയ് ചെയ്താണ് ലക്ഷ്മിയുടെ ജീവിതം. യാത്രകൾ, പാചകം, ഫാഷൻ, സ്കിൻ കെയർ, ജിം തുടങ്ങി തന്റെ മനസിന് സന്തോഷം നൽകുന്നതെല്ലാം ലക്ഷ്മി ചെയ്യും. പലപ്പോഴും അതിന്റെ പേരിൽ സോഷ്യൽമീഡിയ വഴി വിമർശനവും പരിഹാസവും കേൾക്കേണ്ടി വന്നിട്ടുണ്ട് താരത്തിന്.
പ്രായവുമായി ബന്ധപ്പെട്ട് സമൂഹത്തിനുള്ള കാഴ്ചപ്പാടുകളെ കുറിച്ച് ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിമർശിച്ച് ഒരുപാട് കമന്റുകൾ വരാറുണ്ടെങ്കിലും തന്നെ അതൊന്നും ബാധിക്കാറില്ലെന്നും ലക്ഷ്മി നായർ പറയുന്നു. ഇന്നത്തെ കാലത്ത് ഒരാളുടെ മനസിൽ അയാൾക്ക് എത്ര പ്രായം തോന്നുന്നുവോ അതാണ് അയാളുടെ പ്രായമെന്ന് പറയും.

അതായത് എയ്ജ് ഈസ് ജെസ്റ്റ് എ നമ്പർ... ഇങ്ങനെയൊക്കെ പറയുമ്പോഴും റിയാലിറ്റി എന്നൊന്നുണ്ട്. അതേ കുറിച്ചാണ് ഞാൻ സംസാരിക്കാൻ പോകുന്നത്. സൊസൈറ്റി പ്രായമായവരോട് ഒട്ടും തന്നെ ദയ കാണിക്കാറില്ല. ഭൂരിപക്ഷം ആളുകളും അങ്ങനെയാണ്. പ്രായമായി കഴിഞ്ഞാൽ എന്തൊക്കെ ചെയ്യണം ചെയ്യാൻ പാടില്ല എന്നൊക്കെ സമൂഹത്തിലുണ്ട്. അതിൽ പ്രധാനപ്പെട്ടത് രൂപവും വസ്ത്രധാരണവും വെച്ച് പ്രായം ഗെസ്സ് ചെയ്യുന്നുവെന്നതാണ്.
പ്രായം വെച്ച് പല കാര്യങ്ങളും ജഡ്ജ് ചെയ്യും. ഇത്ര പ്രായമുള്ളവർ എന്തിന് ഇതൊക്കെ ചെയ്യുന്നുവെന്ന ചോദ്യം വരെ അതിൽപ്പെടും. പ്രായമായവർക്ക് എന്ത് എന്തൊക്കെ ചെയ്യാമെന്ന് സൊസൈറ്റി തന്നെ തീരുമാനിച്ചിരിക്കുന്നതുപോലെ. കഴിവുണ്ടോ ഇല്ലയോ എന്നത് പോലും മാനദണ്ഡമല്ല. പ്രായം മാത്രമാണ് സൊസൈറ്റി നോക്കുന്നത്.
കൂടാതെ അമ്പത് വയസ് കഴിഞ്ഞവരുടെ മേൽ പഴയ കീഴ്വഴക്കങ്ങൾ അടിച്ച് ഏൽപ്പിക്കാനും ശ്രമിക്കുന്നു. അമ്പതോ അറുപതോ കഴിഞ്ഞ ആളാണെങ്കിലും ഫിറ്റാണെന്ന് ബോധ്യമുണ്ടെങ്കിൽ ആരോഗ്യത്തോടെ എന്തും ചെയ്യും. എല്ലാ കാര്യത്തിൽ റിട്ടയർ ചെയ്ത് പോകേണ്ട കാര്യമില്ല. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നതാണ്. മുഖത്ത് നോക്കി പറയുന്നില്ലെങ്കിലും എനിക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്റെ സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾ കണ്ടാൽ ദൈവം പോലും സഹിക്കില്ല.
എന്താണ് നല്ല വസ്ത്രം ധരിച്ചാൽ കുഴപ്പം?. സന്തോഷിച്ചാൽ പോലും കുറ്റം. പ്രായമായാൽ പിന്നെ ഒന്നും ചെയ്യരുത് രാമനാമം ജപിച്ച് വീട്ടിൽ ഇരുന്ന് കൊള്ളണമെന്ന സൊസൈറ്റി അടിച്ച് ഏൽപ്പിക്കുകയാണ്. കാലം മാറിയില്ലേ. വിദ്യാഭ്യാസമുള്ളവരാണെന്ന് പറയുമെങ്കിലും പലരും ഇടുങ്ങിയ ചിന്താഗതിക്കാരാണ്.

പ്രായം ചൂണ്ടിക്കാട്ടി ആരുടെയും ഇഷ്ടങ്ങൾക്ക് തടസം നിൽക്കരുത്. അമ്പത് വയസ് കഴിഞ്ഞാൽ എന്ത് ചെയ്യണം ചെയ്യേണ്ടെന്ന് ആരാണ് തീരുമാനിക്കുന്നത്. വീട്ടുകാർ സമ്മതിച്ചാലും നാട്ടുകാർ സമ്മതിക്കില്ല. എനിക്ക് നല്ല തൊലിക്കട്ടിയാണ്. അതുകൊണ്ട് എന്ത് കേട്ടാലും എന്നെ ബാധിക്കാറില്ല. കമന്റ് ബോക്സ് വല്ലപ്പോഴുമാണ് തുറക്കുന്നത്. പക്ഷെ ഒന്നിനോടും പ്രതികരിക്കാറില്ല.
എനിക്ക് ആരോഗ്യമുള്ളിടത്തോളം കാര്യം എനിക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ഞാൻ ചെയ്യും. സ്മാർട്ടായി ലൈഫ് എഞ്ചോയ് ചെയ്യുന്നവരെപോലും ആളുകൾ വെറുതെ വിടുന്നില്ല. ഇവരെന്തിനാണ് ഈ പ്രായത്തിൽ ഇങ്ങനെ നടക്കുന്നത്? ഇത്ര പ്രായമായില്ലെ എന്തിനാണ് ഇങ്ങനെ ഡ്രസ് ചെയ്യുന്നത് എന്നൊക്കെയാണ് ആളുകൾ ചോദിക്കുന്നത്. ഇത്തരത്തിലുള്ള എല്ലാ ചോദ്യത്തിലും പ്രായമാണ് മാനദണ്ഡം.
ആരോഗ്യവും മനസും ഉണ്ടെങ്കിൽ ആർക്കും അവർക്ക് സന്തോഷം നൽകുന്നത് ചെയ്യാം. ഒരു മനുഷ്യനേയും പ്രായം വെച്ച് ജഡ്ജ് ചെയ്യരുതെന്നും ലക്ഷ്മി നായർ കൂട്ടിച്ചേർത്തു. മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാമായിയെങ്കിലും തന്റെ ഇഷ്ടങ്ങൾക്ക് ലക്ഷ്മി സമയം കണ്ടെത്താറുണ്ട്.


Click it and Unblock the Notifications











