കേറി കിടക്കാൻ ഒരിടമില്ലായിരുന്നു, ഇന്ന് ബിഎംഡബ്ല്യുവും സ്വത്തുക്കളും, വലിയ വീട് പണിയാത്തതിനെ കുറിച്ച് സുജിൻ!
ഫാമിലി വ്ലോഗുകളും യുട്യൂബ് വീഡിയോകളും സ്ഥിരമായി കാണുന്ന സോഷ്യൽമീഡിയ ഉപയോക്താക്കൾക്ക് സുപരിചിതമായ കുടുംബമാണ് സുജിന്റെ മല്ലു ഫാമിലി. ആറര വർഷമായി ഫാമിലി വ്ലോഗിങ്ങിലൂടെ പത്ത് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സിനെയാണ് സുജിനും കുടുംബവും സമ്പാദിച്ചത്. മല്ലു ഫാമിലിയിലെ അംഗങ്ങളെല്ലാം പ്രേക്ഷകർക്ക് സുപരിചിതരാണ്. അടുത്തിടെ ചില ആപ്പുകളും ഗെയിമുകളും പ്രമോട്ട് ചെയ്തതിന്റെ പേരിൽ സുജിൻ വാർത്തകളിൽ നിറഞ്ഞിരുന്നു.
ഇപ്പോഴിതാ ആരാധകരിൽ ചിലരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് സുജിൻ. വലിയൊരു വീട് പണിയാത്തത് എന്താണെന്നുള്ള തരത്തിൽ നിരന്തരമായി തങ്ങളെ സ്നേഹിക്കുന്നവർ കമന്റുകളും മെസേജുകളും അയക്കാറുണ്ടെന്നും അതിനുള്ള മറുപടിയാണ് വീഡിയോയിലൂടെ പറയാൻ പോകുന്നതെന്നും പറഞ്ഞുകൊണ്ടാണ് സുജിന്റെ വ്ലോഗ് ആരംഭിച്ചത്.

ആറര കൊല്ലമായി ഞാൻ സോഷ്യൽമീഡിയയിൽ അല്ലെങ്കിൽ യുട്യൂബിൽ സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. ഒന്നര വർഷമായാണ് കൃത്യമായ ഇടവേളകളിൽ യുട്യൂബിൽ വീഡിയോകൾ ഇടുന്നത് കുറഞ്ഞത്. അതിന് കാരണം വേറെ കുറച്ച് പരിപാടികൾ കൂടി ചെയ്ത് തുടങ്ങി എന്നതുകൊണ്ടാണ്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എല്ലാം നല്ല രീതിക്ക് മുന്നിലേക്ക് പോകുന്നുണ്ട്.
വീഡിയോ ഞാൻ കൃത്യമായി പോസ്റ്റ് ചെയ്യാറില്ലെന്ന് ഞങ്ങളുടെ ചാനൽ ശ്രദ്ധിക്കുന്നവർക്ക് അറിയുമായിരിക്കുമെന്ന് കരുതുന്നു. ഇൻസ്റ്റഗ്രാമിൽ പ്രമോഷൻ പോലുള്ളവ പോലും കറക്ടായി ഞാൻ ചെയ്യുന്നില്ല. ഇപ്പോൾ ഈ വീഡിയോ ചെയ്യുന്നത് കമന്റ്സിന് മറുപടി പറയാൻ വേണ്ടിയാണ്. ഒന്നുമില്ലായ്മയിൽ നിന്നും ഒരുത്തൻ പൊന്തി വരുമ്പോൾ മറ്റുള്ളവർക്കുള്ള കണ്ണുകടിയും പ്രാക്കും എല്ലാം ഞാൻ യുട്യൂബ് തുടങ്ങിയശേഷം മനസിലാക്കി.
കേരളത്തിൽ ഒരുപാട് ഫാമിലി വ്ലോഗേഴ്സ് ഉണ്ടെങ്കിലും അവരൊന്നും അനുഭവിക്കാത്ത കാര്യങ്ങൾ വരെ ഞാൻ അനുഭവിച്ചു. ഞാൻ എന്ത് വാങ്ങിയാലും അത് തെറ്റായി കാണുന്നു. വണ്ടി വാങ്ങിയാലും എല്ലാം അത് പ്രശ്നങ്ങളാണ്. നമ്മൾ നന്നാവുന്നത് ഇഷ്ടമല്ലാത്തവരാണ് നമ്മുടെ കൂടെയുള്ള ആളുകൾ. അത് തിരിച്ചറിയാൻ വൈകിയെന്നുള്ളതാണ് സത്യം.
അതുകൊണ്ടാണ് ഞാൻ എന്തെങ്കിലും ചെയ്യാൻ പോവുകയാണെങ്കിൽ അത് വീഡിയോയായി നേരത്തെ തന്നെ കാണിക്കാത്തത്. എന്റെ വായില്‍ നിന്നും വരുന്ന വാക്ക് വെച്ച് വരെ നെഗറ്റീവുകള്‍ വരുന്നുണ്ട്. പലരും റിയാക്ഷന്‍ വീഡിയോകള്‍ ചെയ്യുന്നത് കണ്ടിട്ടുണ്ട്. എന്തിനാണ് ഞാനായിട്ട് അവര്‍ക്ക് കണ്ടന്റ് കൊടുക്കുന്നത്. ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത് ഞങ്ങളുടെ തന്നെ സ്വന്തം വീട്ടിലാണ്. വീടിനെക്കുറിച്ച് ഞാന്‍ ഇതുവരെ വീഡിയോ ചെയ്തിട്ടില്ല.

അതുപോലെ കഴിഞ്ഞ ദിവസത്തെ വീഡിയോ കണ്ടശേഷം വീടിനോട് ചേർന്ന് കണ്ട പോർച്ചിനെ കുറിച്ച് കമന്റുകൾ കണ്ടു. അതും ഞങ്ങളുടേത് തന്നെയാണ്. സ്ഥലം വാങ്ങി പണിതതാണ്. വേറെയും സ്ഥലങ്ങൾ ഞങ്ങൾ വാങ്ങിയിട്ടുണ്ട്. ഇതൊക്കെ വീഡിയോയിലൂടെ നേരത്തെ പറയാത്തത് നമ്മൾ നശിച്ച് പോകാൻ ആഗ്രഹിക്കുന്നവർ ഉണ്ടെന്നുള്ളതുകൊണ്ടാണ്.
അതുപോലെ നമ്മൾ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് നടന്ന് കഴിഞ്ഞശേഷം മാത്രം പുറത്ത് അറിയിക്കുക. ബിഎംഡബ്ലു കാർ വാങ്ങാൻ തീരുമാനിച്ചപ്പോൾ അത് പുറത്ത് അറിയിക്കാതിരുന്നതിന് കാരണവും ഇത് തന്നെയാണ്. വണ്ടി കയ്യിൽ കിട്ടി ഒരാഴ്ച കഴിഞ്ഞാണ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്. സുജിനെ നിങ്ങള്‍ വലിയൊരു വീട് വെച്ച് കാണണമെന്ന് പറയുന്നവരുണ്ട്. ഇത്രയൊക്കെ വാങ്ങി കൂട്ടാൻ പറ്റുമെങ്കിൽ ഒരു വലിയ വീട് വെക്കാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. യുട്യൂബ് ചാനൽ തുടങ്ങിയ സമയത്ത് കേറി കിടക്കാൻ ഒരു കൂര പോലും എനിക്കുണ്ടായിരുന്നില്ല.
അതെല്ലാം ഇന്ന് എന്റെ കയ്യിലുണ്ട്. വീടും വണ്ടികളുമെല്ലാം. എല്ലാ കാര്യങ്ങളും നമ്മുടെ കയ്യിൽ ഭദ്രമാണ്. പക്ഷെ വീടിന്റെ തറയിടുന്നതോ വാര്‍ക്കയോ ഒന്നും ഞാന്‍ കാണിക്കില്ല. ഇതുവരെ കാണിക്കുന്നത് പോലെ എല്ലാം സെറ്റായതിനുശേഷം അതും കാണിക്കും. കയ്യിലുള്ള എല്ലാ പൈസയും ഇട്ട് കൊട്ടാരം പണിതാൽ ശരിയാവില്ല. വേറെയും കാര്യങ്ങൾ ചെയ്യാനുണ്ടെന്നും സുജിൻ പറഞ്ഞു.


Click it and Unblock the Notifications











