വ്യൂസിനും കാശിനുമായി പ്രസവം നാട്ടുകാരെ കാണിക്കുന്നു, വിമർശിക്കാൻ തോന്നുന്നില്ല പുരുഷന്മാർ കാണണം; ചർച്ചകൾ!
സ്ത്രീയുടെ ജീവിതത്തിലെ വളരെയധികം സങ്കീര്‍ണമായ ഒരു ഘട്ടമാണ് ഗര്‍ഭധാരണവും പ്രസവവും. ലോകത്തിൽവെച്ച് ഏറ്റവും വലിയ വേദന എന്നാണ് പ്രസവ വേദനയെ കുറിച്ച് പറയാറുള്ളത്. ശരീരത്തിലെ എല്ലുകളെല്ലാം ഒരുമിച്ച് ഒടിഞ്ഞ് നുറുങ്ങിയാൽ എത്രമാത്രം വേദന അനുഭവപ്പെടുമോ അതിനും മുകളിലാണ് ഡെലവറി പെയിൻ. പ്രസവ വേദനയെക്കുറിച്ച് ഇതിലപ്പുറം പറയാൻ പറ്റില്ല. ഗർഭിണിയാണെന്ന് അറിയുന്ന നിമിഷം മുതൽ ഓരോ സ്ത്രീയും ഭയക്കുന്നതും ഈ വേദന തന്നെയാണ്.
പ്രസവ വേദന തന്നെയാണ് ഏറ്റവും സുഖമുള്ളതും എന്നാല്‍ വേദനയുള്ളതുമായ ഒരു വേദന. വളരെ കുറച്ച് നാളുകളെയായുള്ളു ഗർഭിണിയായ സ്ത്രീക്കൊപ്പം ബൈസ്റ്റാന്ററായി ലേബർ റൂമിലേക്ക് ഭർത്താവിനേയും കുടുംബാംഗങ്ങളേയും കയറ്റി തുടങ്ങിയിട്ട്. അതിനും പ്രത്യേകം പണം നൽകി ലേബർ സ്യൂട്ട് ബുക്ക് ചെയ്യുകയും വേണം.

അത്രത്തോളം പണം പ്രസവത്തിന് ചിലവഴിക്കാൻ ഇല്ലാത്തവർക്ക് ഭാര്യയ്ക്കൊപ്പം പ്രസവ സമയത്ത് ഒപ്പം നിൽക്കാനും കഴിയില്ല. കഠിനമായ വേദനയിലൂടെ കടന്ന് പോകുന്ന സമയത്ത് മനകരുത്ത് നൽകുന്നത് പങ്കാളിയുടേയും കുടുംബാംഗങ്ങളുടേയും സാമീപ്യവും ആശ്വാസ വാക്കുകളുമാണ്. എന്നാൽ പല സ്ത്രീകൾക്കും സാഹചര്യങ്ങൾ മൂലം ഇതൊന്നും ലഭിക്കാറില്ല. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാല യാത്രയെന്നാണ് സ്ത്രീകൾ പ്രസവ സമയത്തെ വിശേഷിപ്പിക്കാറുള്ളത്.
ഇപ്പോൾ യുട്യൂബിൽ ഏറ്റവും കൂടുതൽ വൈറലാകുന്നത് ദിയ കൃഷ്ണയുടെ പ്രസവ വീഡിയോയാണ്. താരപുത്രി കഴിഞ്ഞ ദിവസം രാത്രിയാണ് ഡെലിവറി വീഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടത്. പതിനഞ്ച് മണിക്കൂറിനുള്ളിൽ വീഡിയോ മുപ്പത്തിയാറ് ലക്ഷം കാഴ്ചക്കാരെ നേടി. പ്രസവ സമയത്ത് ഓസിക്കൊപ്പം ഭർത്താവും മാതാപിതാക്കളും സഹോദരിമാരുമെല്ലാമുണ്ടായിരുന്നു.
അമ്മയും ഭർത്താവും ഒപ്പമുണ്ടെങ്കിൽ തനിക്ക് ധൈര്യം വരുമെന്ന് മനസിലാക്കി കുടുംബാംഗങ്ങൾക്കും പ്രവേശിക്കാൻ കഴിയുന്ന തരത്തിലുള്ള ലേബർ സ്യൂട്ടാണ് ദിയ ബുക്ക് ചെയ്തത്. പെയിൻ ആരംഭിക്കുന്നത് മുതൽ പൊക്കിൾ കൊടിപോലും മുറിച്ച് മാറ്റാത്ത ചോര മകനെ ദിയയുടെ മാറിൽ ഡോക്ടർ ചേർത്ത് കിടത്തുന്നത് വരെയുള്ള പ്രസവത്തിലെ ഓരോ നിമിഷവും അമ്പത്തിയൊന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ദിയ ഉൾപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ദിയയുടെ ഡെലിവറി വീഡിയോയെ കുറിച്ച് റിയാക്ഷൻ വീഡിയോ ചെയ്ത് ശ്രദ്ധേയനായ യുട്യൂബർ അതുൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ദിയയുടെ ഡെലിവറി വീഡിയോ ഷെയർ ചെയ്ത് തന്ന് ഒരുപാട് പേർ വിമർശിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് പറഞ്ഞാണ് അതുലിന്റെ വീഡിയോ ആരംഭിക്കുന്നത്. വ്യൂസിനും കാശിനുമായി പ്രസവം നാട്ടുകാരെ കാണിക്കുകയാണെന്നും അതിനെ വിമർശിക്കാനും ആവശ്യപ്പെട്ടാണ് ഭൂരിഭാഗം പേരും വീഡിയോ അയച്ച് തന്നതെന്നും അതുൽ പറയുന്നു.

എന്നാൽ വീഡിയോ കണ്ടശേഷം വിമർശിക്കാൻ തോന്നിയില്ലെന്നും അമ്മയോടും മറ്റ് സ്ത്രീകളോടുമുള്ള ബഹുമാനവും സ്നേഹവും പതിന്മടങ്ങായിയെന്നും അതുൽ പറയുന്നു. പ്രസവ സമയത്ത് ദിയ അനുഭവിക്കുന്ന വേദന കണ്ട് കൈകൾ വിറയ്ക്കുകയായിരുന്നു. ആ വീഡിയോ കണ്ട് ഒരു തെറ്റ് പറയാനും തോന്നിയില്ല. ദിയയുടെ കരച്ചിലും നിലവിളിയും കണ്ടപ്പോൾ എന്റെ അമ്മ എന്നെ പ്രസവിച്ചപ്പോൾ എന്തുമാത്രം വേദന സഹിച്ച് കാണുമെന്നാണ് ചിന്തിച്ചത്.
ലൈഫിൽ ഇന്നേവരെ പ്രസവ വീഡിയോ ഞാൻ കണ്ടിട്ടില്ല. ഭയം കൊണ്ടാണ് കാണാതിരുന്നത്. സിസേറിയൻ പോലുമില്ലാതെയാണ് ദിയ കുഞ്ഞിനെ പ്രസവിച്ചത്. എല്ലാ അമ്മമാർക്കും സല്യൂട്ട് കൊടുക്കാനാണ് തോന്നിയത്. എന്നെ പോലുള്ള പുരുഷന്മാർക്ക് വളരെ ഇൻഫോർമേറ്റീവാണ് ദിയയുടെ വീഡിയോ. എന്താണ് പ്രസവ വേദനയെന്ന് അവർക്ക് മനസിലാകും. ഒരിക്കലും സമൂഹത്തിന് ഈ വീഡിയോ നെഗറ്റീവ് ഇംപാക്ട് നൽകില്ല.
ദിയയ്ക്കുള്ള മറ്റൊരു ഭാഗ്യമായി തോന്നിയത് കുടുംബാംഗങ്ങളെല്ലാം ഒത്തൊരുമയോടെ ദിയയ്ക്ക് ഒപ്പം ഉണ്ടായിരുന്നു എന്നതാണ്. കുടുംബാംഗങ്ങളുടെ പിന്തുണ പോലുമില്ലാതെ പ്രസവം എന്ന ഘട്ടം കടന്ന് വന്ന പല സ്ത്രീകളും അവരുടെ വേദനയുള്ള അനുഭവങ്ങൾ ദിയയുടെ വീഡിയോയ്ക്ക് താഴെ കമന്റായി കുറിച്ച് കണ്ടു. അത് വായിച്ചപ്പോഴും വിഷമം തോന്നിയെന്നും അതുൽ പറയുന്നു.


Click it and Unblock the Notifications