അഞ്ച് മക്കളെ നോക്കാൻ എനിക്കെന്തെങ്കിലും തരണമെന്ന് പറഞ്ഞിട്ടില്ല, മുമ്പേ തുടങ്ങിയ പ്രശ്നം: യൂട്യൂബർ സൽഹ
വിവാഹ ബന്ധം അവസാനിച്ച ശേഷം സോഷ്യൽ മീഡിയയിൽ വന്ന അഭിപ്രായങ്ങളോടും പരിഹാസങ്ങളോടും പ്രതികരിച്ച് യൂട്യൂബർ സൽഹ. അഞ്ച് മക്കളുമായി മറ്റൊരു വീട്ടിലേക്ക് മാറി താമസിയിരിക്കുകയാണ് സൽഹ. മക്കൾ തനിക്ക് ബാധ്യതയല്ലെന്ന് സൽഹ പറയുന്നു.
എനിക്കിത്ര മക്കളുണ്ട് എന്ന് പറഞ്ഞ് ഞാൻ ആരോടും പരാതി പറയാൻ വന്നിട്ടില്ല. മക്കളെ നോക്കാൻ നിങ്ങൾ എനിക്കെന്തെങ്കിലും തരണമെന്ന് റിയാക്ഷൻ ചെയ്ത ആൾക്കാരിൽ ആരോടും ഞാൻ പറഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് ഇത്രയും പരിഹാസവും പുച്ഛവുമെന്നും സിലു ചോദിക്കുന്നു. എന്റെ മക്കൾ എന്റെ നിധിയാണ്.
അവരെ സംരക്ഷിക്കാൻ പടച്ചവൻ എന്നെ ഏൽപ്പിച്ചത് ഏറ്റവും നല്ല കാര്യമായാണ് ഞാൻ കാണുന്നത്. എന്റെ മക്കൾക്ക് യാതൊരു കുറവും വരുത്താതെ അവർക്ക് ജീവിക്കേണ്ട ഏറ്റവും നല്ല വെർഷനാണ് ഞാൻ കൊടുത്ത് കൊണ്ടിരിക്കുന്നത്. ഈ പരിഹസിച്ചവർക്ക് അവനവന് ഒരു അനുഭവം ഉണ്ടാകുമ്പോഴേ വേദന അറിയൂ.

സോഷ്യൽ മീഡിയയിൽ വന്നതോടെ കുടുംബ ജീവിതം നശിച്ചു എന്ന് ചിലർ പറഞ്ഞു. അത് ഏത് വിധത്തിലാണെന്ന് എനിക്ക് മനസിലാകുന്നില്ല. സോഷ്യൽ മീഡിയയിൽ വന്ന ശേഷമല്ല എനിക്ക് പ്രശ്നങ്ങളുണ്ടായത്. നേരത്തെ തന്നെ പ്രശ്നങ്ങളുള്ളത് കൊണ്ടാണ് ഞാൻ സോഷ്യൽ മീഡിയയെ എന്റെ വരുമാന മാർഗമാക്കി മാറ്റിയത്.
ഞങ്ങൾ തമ്മിൽ ഒത്ത് പോകാത്ത ചില പേഴ്സണൽ കാര്യങ്ങളുണ്ട്. അതുകൊണ്ട് മാന്യമായി പിരിഞ്ഞു. അതിന് കുത്തുവാക്കുകൾ പറഞ്ഞ് പലരും റിയാക്ട് ചെയ്യുന്നു. മക്കൾ ഉണ്ടായതിന് വരെ വളരെ മോശമായി പറയുന്നു. ഞങ്ങൾ ഇതുവരെ ജീവിച്ച ജീവിതമൊന്നും കളവോ കാര്യങ്ങളോ അല്ല. പഴയ ഫോട്ടോകളോ വീഡിയോകളോ ഒന്നും ഡിലീറ്റ് ചെയ്യുന്നില്ല. കാരണം ഞാനിത്രയും കാലം ജീവിച്ച ആ ജീവിതവും സത്യം തന്നെയാണ്. മക്കളുണ്ടായതിനെയും മക്കളെയുണ്ടാക്കിയതിനെയും ഒരുപാട് പേർ മോശമായി പറഞ്ഞു.
എന്റെ മക്കൾ എനിക്ക് ബാധ്യതയാണെന്നോ ബുദ്ധിമുട്ടാണെന്നോ ഈ നിമിഷം വരെ ഞാൻ പേഴ്സണലായി പോലും ഒരാളോട് പറഞ്ഞിട്ടില്ല. അവരെന്റെ സന്തോഷവും സൗഭാഗ്യവുമാണ്. ഇത്രയും മക്കൾ എനിക്കുണ്ടായത് തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമായി ഞാൻ വിചാരിക്കുന്നതെന്നും സൽഹ പറഞ്ഞു.പല അഭിപ്രായങ്ങൾ വ്ലോഗിന് പിന്നാലെ കമന്റുകളായി വരുന്നുണ്ട്. 'കുറ്റപ്പെടുത്തുന്നവരുടെ മുമ്പിൽ ജീവിച്ചു കാണിക്കൂ അതാണ് അവർക്കുള്ള ഏറ്റവും വലിയ മറുപടി', 'അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉള്ള നാട്ടിൽ എല്ലാവരും പോസറ്റീവ് പറയണം എന്ന് വാശിപിടിക്കരുത്.... നമ്മുടെ പ്രവർത്തി യിൽ സത്യം ഉണ്ടായിരിക്കുക അത് മാത്രം മതി... ദൈവം കൂടെ ഉണ്ടാവും', 'നിങ്ങളുടെ വീഡിയോ കാണുന്നവരെ വെറുതെ ഇങ്ങനെ കുറ്റപ്പെടുത്താതെ നിങ്ങൾ നിങ്ങളുടെ സ്വകാര്യതകൾ പബ്ലിക്കിൽ വന്നു പറയാതെ ഇരിക്കുക. പറയുമ്പോൾ കാണുന്നവർ എന്തങ്കിലുമൊക്കെ കമന്റ് ചെയ്യ്ത് എന്ന് വരും . അല്ലങ്കിൽ കമന്റ് ബോക്സ് ഓഫ് ചെയ്യ്ത് വീഡിയോ ഇടുക'
'യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനത്തെ പുച്ഛിക്കാതിരിക്കുക അത് നമ്മുടെ അധ്വാനത്തിന്റെ പ്രതിഫലമാണ് വെറുതെ ആരും ആർക്കും ഒന്നും തരില്ലല്ലോ. വ്യൂവേഴ്സ് ഉള്ളത് കൊണ്ട് തന്നെയാണ് ഓരോ യുട്യൂബറും നിലനിന്നു പോകുന്നത് എന്ന് ഓർക്കേണ്ടതുണ്ട്. ആരെങ്കിലും എന്തങ്കിലും കമന്റ് ചെയ്യ്ത് എന്ന് കരുതി അതിന് മറുപടി പറഞ്ഞു സമയം കളയാതെ ധീരമായി മുന്നോട്ട് പോകുക', 'വിഷമിക്കേണ്ട നല്ലവരായ കുറേ മനുഷ്യർ താങ്കളോടൊപ്പം ഉണ്ട് അതിലുപരി പടച്ചവന്റെ സഹായവും തനിക്കുണ്ട്' എന്നിങ്ങനെയാണ് കമന്റുകൾ.


Click it and Unblock the Notifications