നാഗ ചൈതന്യയും ശോഭിതയും അവരുടെ വിവാഹവും വിറ്റു! നയന്‍സിനെക്കാളും ഇരട്ടിയലധികം കോടികള്‍ പ്രതിഫലം
തെലുങ്കിലെ പ്രമുഖ താരകുടുംബമാണ് നാഗാര്‍ജുനയുടേത്. നടന് പിന്നാലെ മക്കളും സിനിമയിലേക്ക് എത്തിയതോടെ കുടുംബത്തിലെ ചെറിയ കാര്യങ്ങള്‍ പോലും വലിയ വാര്‍ത്തകളായി. ഇപ്പോഴിതാ നാഗാര്‍ജുനയുടെ രണ്ടു മക്കളും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് പുറത്തുവരുന്നത്.
മൂത്ത മകനും നടനുമായ നാഗ ചൈതന്യയും നടി ശോഭിത ധുലിപാലയും ഡിസംബര്‍ നാലിന് വിവാഹിതരാകും. ഇതിനോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളിലാണ് കുടുംബം. വിവാഹ വിശേഷങ്ങള്‍ ഓരോന്നായി പുറത്തു വരുന്നതിനിടെ റെക്കോര്‍ഡ് തുകയ്ക്ക് താരങ്ങളുടെ വിവാഹം സ്ട്രീമിംഗ് ചെയ്യാനുള്ള അവകാശം നെറ്റ്ഫ്‌ലിക്‌സിന് നല്‍കിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹത്തിന്റെ ദൃശ്യങ്ങള്‍ നെറ്റ്ഫ്‌ലിക്‌സിന് നല്‍കിയതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 25 കോടി രൂപയ്ക്ക് ആയിരുന്നു നയന്‍സ് വിവാഹദൃശ്യങ്ങള്‍ വിറ്റത്. സ്വന്തം വിവാഹം പോലും കോടികള്‍ക്ക് വില്‍ക്കാന്‍ നാണമില്ലേ എന്ന ചോദ്യം നടിക്ക് നേരിടേണ്ടതായി വന്നിരുന്നു.
എന്നാല്‍ നയന്‍താരയെ കടത്തിവെട്ടുന്ന തുകയ്ക്കാണ് നാഗചൈതന്യയും ശോഭിതയും അവരുടെ വിവാഹം വിറ്റതെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ട്രേഡ് അനലിസ്റ്റ് മനോബാല വിജയ ബാലന്‍ ആണ് ഈ കണക്ക് വിവരം പുറത്ത് വിട്ടത്. നയന്‍താര 25 കോടിയാണ് വാങ്ങിയതെങ്കില്‍ അതിന്റെ ഇരട്ടിയായി 50 കോടിയാണ് ആകെ നാഗചൈതന്യയും ശോഭിതയും വാങ്ങിയിരിക്കുന്നത്.
എന്നാല്‍ തങ്ങളുടെ വിവാഹത്തിന്റെ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശങ്ങളെക്കുറിച്ചുള്ള വാര്‍ത്ത താരങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ കുറേ കാലങ്ങളായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നവരാണ് ഇരുവരും. നാഗ ചൈതന്യയും മുന്‍ഭാര്യ സാമന്തയും വിവാഹബന്ധം വേര്‍പ്പെടുത്തിയത് മുതല്‍ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നിരുന്നു.
ശോഭിതയുമായി വിവാഹനിശ്ചയം കഴിഞ്ഞെന്ന് വെളിപ്പെടുത്തിയതോടെ നടന്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. അതിനാല്‍ വിവാഹം എങ്ങനെയായിരിക്കും നടക്കുക എന്നതിനെ കുറിച്ച് വലിയ ആകാംഷ നിലനില്‍ക്കുന്നുണ്ട്. ആയതിനാല്‍ താരങ്ങളുടെ വിവാഹം നല്ല മാര്‍ക്കറ്റുള്ളതിനാല്‍ കോടികള്‍ വാങ്ങിക്കാവുന്നതാണെന്നാണ് ആരാധകരുടെ അഭിപ്രായം.

ഡിസംബര്‍ നാലിന് ഹൈദരാബാദില്‍ വെച്ചാണ് ഇരുവരുടെയും വിവാഹം. ഹൈദരാബാദിലെ തന്റെ കുടുംബത്തിന്റെ അന്നപൂര്‍ണ എന്ന സ്റ്റുഡിയോയില്‍ മുത്തച്ഛന്‍ അക്കിനേനി നാഗേശ്വര റാവുവിന്റെ (എഎന്‍ആര്‍) പ്രതിമയ്ക്ക് മുന്നില്‍ വച്ചായിരിക്കും വിവാഹം നടക്കുകയെന്ന് നടന്‍ വെളിപ്പെടുത്തിയിരുന്നു.
'എന്റെ മുത്തച്ഛന്റെ പ്രതിമയ്ക്ക് മുന്നില്‍ വിവാഹം നടത്താനും അദ്ദേഹത്തിന്റെ അനുഗ്രഹം തേടി ദാമ്പത്യത്തിലേക്ക് കടക്കാനുമുള്ള തീരുമാനം ബോധപൂര്‍വ്വം എടുത്തതാണ്. ഞങ്ങളുടെ കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണെന്നുമാണ'് നാഗ ചൈതന്യ പറഞ്ഞത്.
തെലുങ്ക് ആചാരപ്രകാരമായിരിക്കും നാഗ ചൈതന്യയും ശോഭിതയുടെയും വിവാഹം. ഡെസ്റ്റിനേഷന്‍ വിവാഹമായിരിക്കില്ലെന്നും വളരെ സിംപിളായി വീടിനകത്ത് നടക്കുന്ന ചടങ്ങ് എന്ന നിലയിലായിരിക്കും വിവാഹമെന്നാണ് സൂചന. പ്രൊഫഷണല്‍ ഡിസൈനര്‍മാരില്‍ നിന്നും മാറി പ്രാദേശികമായി ലഭിക്കുന്ന വിവാഹ വസ്ത്രങ്ങളാണ് ഇരുവരും തിരഞ്ഞെടുത്തത്. ഇത്തരത്തില്‍ വ്യത്യസ്തമായൊരു വിവാഹത്തിനാണ് താരങ്ങള്‍ ഒരുങ്ങുന്നത്.


Click it and Unblock the Notifications











