'കുടുംബങ്ങൾ തമ്മിൽ മത്സരമുണ്ടായിരുന്നു, പ്രൊഫഷണലാകുമ്പോൾ ജൂനിയർ എൻടിആറിനോട് വൈരാഗ്യമില്ല'; രാം ചരൺ
വർഷങ്ങളായി അടുത്ത പരിചയവും സൗഹൃദവുമുള്ളവരാണ് പാൻ ഇന്ത്യൻ സൂപ്പർ താരങ്ങളായ ജൂനിയർ എൻടിആറും രാം ചരണും. ഏറ്റവും അവസാനം ഇരുവരും ഒരുമിച്ച് അഭിനയിച്ച് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ആർആർആർ.
രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ആർആർആർ ബോക്സ്ഓഫിസിൽ നിന്ന് കോടികളാണ് വാരിയത്. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായാണ് ആർആർആർ തിയറ്ററിലെത്തിയത്. 650 കോടിയാണ് ചിത്രത്തിന്റെ നിർമാണ ചെലവ്.

ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍, ആലിയ ഭട്ട് തുടങ്ങിയവരും അഭിനയിച്ചിരുന്നു. അച്ഛന്‍ കെ.വി. വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്.
സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. തെലുങ്ക് സിനിമാ മേഖലയിൽ വളരെ പ്രശസ്തമായ താര കുടുംബങ്ങളിൽ നിന്നുള്ളവരാണ് രാം ചരണും ജൂനിയർ എൻടിആറും.
കോനിഡേല കുടുംബത്തിലുള്ളതാണ് ചാം ചരൺ. നന്ദമൂരി ഫാമിലിയാണ് ജൂനിയർ എൻടിആർ. രണ്ട് കുടുംബവും തെലുങ്കിലെ കോടീശ്വരന്മാരാണ്. ഇരു കുടുംബങ്ങൾക്കിടയിൽ മൂന്ന് പതിറ്റാണ്ട് നീണ്ട മത്സരമുണ്ടായിരുന്നു. സംഭവം അങ്ങനെയൊക്കെ ആണെങ്കിലും രാം ചരണും ജൂനിയർ എൻടിആറും ആർആർആർ സിനിമയിൽ അസാധ്യ കെമിസ്ട്രിയാണ് കാഴ്ചവെച്ചത്.
ഇപ്പോഴിതാ അടുത്തിടെ ഒരു അഭിമുഖത്തിൽ രാം ചരൺ തങ്ങൾ ഇരുവരുടേയും കുടുംബങ്ങൾ തമ്മിലുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.
'ഇപ്പോൾ ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുകയാണ്. എതിരാളികൾ അല്ല ഞങ്ങൾ. ആരാണ് മികച്ചത് ചെയ്യാൻ പോകുന്നതെന്നും എല്ലാ കാര്യങ്ങളിലും മത്സരം ഉണ്ടാകുമെന്നും എനിക്ക് എപ്പോഴും ആശങ്കയുണ്ടായിരുന്നു.'
'പക്ഷെ പ്രൊഫഷണൽ വൈരാഗ്യം ഞങ്ങൾക്കിടയിൽ ഒരിക്കലും ഉണ്ടായിട്ടില്ല. മാത്രമല്ല ഓഫ് സ്ക്രീനിലെ ഞങ്ങളുടെ ബോണ്ട് മനോഹരമായി ഓൺ സ്ക്രീനിലും കൊണ്ടുവരാൻ രാജമൗലി ശ്രമിച്ചിട്ടുണ്ട്.' രാം ചരൺ പറഞ്ഞു.
ജൂനിയർ എൻടിആർ രാഷ്ട്രീയക്കാരനും നടനുമായ നന്ദമുരി ഹരികൃഷ്ണയുടെ മകനും മുതിർന്ന നടനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ.ടി രാമറാവുവിന്റെ ചെറുമകനുമാണ്. രാം ചരൺ കോനിഡേല ഫാമിലിയിലെ രണ്ടാം തലമുറയിലുള്ള അംഗമാണ്.
താരത്തിന്റെ പിതാവ് ചിരഞ്ജീവിയും അമ്മാവന്മാരായ നാഗേന്ദ്ര ബാബു, പവൻ കല്യാൺ, അല്ലു അരവിന്ദ് എന്നിവരും തെലുങ്ക് സിനിമാ വ്യവസായം അടക്കി വാഴുന്നവരാണ്. അല്ലു അർജുൻ, വരുൺ തേജ്, സായ് ധരം തേജ്, നിഹാരിക കോനിഡേല, അല്ലു സിരീഷ്, പഞ്ച വൈഷ്ണവ് തേജ് തുടങ്ങിയവർ രാം ചരണിന്റെ കസിൻസും സിനിമാ മേഖലയിലെ പ്രമുഖരാണ്.

മാത്രമല്ല രാം ചരണിന്റെ അമ്മയുടെ അച്ഛൻ അല്ലു രാമലിംഗയ്യ പത്മശ്രീ പുരസ്‌കാര ജേതാവായിരുന്നു. രാഷ്ട്രീയം കാരണമാണ് രാം ചരണിന്റേയും ജൂനിയർ എൻടിആറിന്റേയും കുടുംബങ്ങൾക്കിടയിൽ 30-35 വർഷം പഴക്കമുള്ള വൈരാഗ്യം ഉണ്ടായിരുന്നത്. പക്ഷെ പുതുതലമുറയിലെ അംഗങ്ങൾ അതെല്ലാം മറന്നാണ് പരസ്പരം പെരുമാറുന്നത്.
മൂന്ന് തലമുറകൾ നീണ്ടുനിന്ന വൈരാഗ്യത്തിൽ തങ്ങൾക്ക് മടുപ്പ് തോന്നിയതിനാൽ സൗഹൃദത്തിലൂടെ തങ്ങൾ അടുത്തുവെന്നാണ് രാം ചരണും ജൂനിയർ എൻടിആറും ഗോൾഡൺ ഗ്ലോബ് പുരസ്കാര ചടങ്ങിൽ പങ്കെടുക്കവെ മാധ്യമങ്ങളോട് പറഞ്ഞത്.
ഗോൾഡൻ ഗ്ലോബിന് പിന്നാലെ അടുത്തിടെ ക്രിട്ടിക്സ് ചോയ്സ് അവാർഡ് 2023 ആർആർആർ തിളങ്ങിയിരുന്നു. മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ഗാനം എന്നിങ്ങനെ രണ്ട് പ്രധാന പുരസ്കാരങ്ങളാണ് ആർആർആർ സ്വന്തമാക്കിയത്.
ഓസ്കർ ലക്ഷ്യമിട്ട് മുന്നേറുന്ന ചിത്രത്തിന് ക്രിട്ടിക്സ് ചോയ്സ് അവാർഡ് കൂടി ലഭിച്ചതോടെ അണിയറ പ്രവർത്തകരും ഇന്ത്യൻ സിനിമാ പ്രേമികളും വലിയ ആവേശത്തിലാണ്.


Click it and Unblock the Notifications