'പ്രസവം അമേരിക്കയിലല്ല.... ഇന്ത്യയിൽ തന്നെ, ഗൈനക്കോളജിസ്റ്റ് വിദേശത്ത് നിന്നും വരും'; പ്രതികരിച്ച് ഉപാസന!
താൻ പ്രസവത്തിനായി അമേരിക്കയിലേക്ക് പോകുന്നില്ലെന്നും പ്രസവം ഇന്ത്യയിൽ തന്നെയായിരിക്കുമെന്നുമാണ് ഉപാസന പറയുന്നത്
തെന്നിന്ത്യൻ നടൻ രാം ചരണും ഭാര്യ ഉപാസന കാമിനേനിയും ഇപ്പോൾ മാതാപിതാക്കളാകാനുള്ള തയ്യാറെടുപ്പിലാണ്. അതിനായുള്ള ഒരുക്കത്തിലും ആവേശത്തിലും താരദമ്പതികൾ. 2012 ജൂൺ 14 നാണ് രാം ചരണും ഉപാസനയും വിവാഹിതരായത്.
പത്ത് വർഷത്തെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവർക്കും കുഞ്ഞ് പിറക്കാൻ പോകുന്നത്. 2022 അവസാനിക്കാറായപ്പോഴാണ് തങ്ങൾക്ക് പത്ത് വർഷത്തിന് ശേഷം ആദ്യത്തെ കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന സന്തോഷം രാം ചരണും ഉപാസനയും ആരാധകരെ അറിയിച്ചത്.
ഇരുവർക്കും ഇടയിലേക്ക് വൈകാതെ ഒരു കുഞ്ഞ് കൂടി എത്തും. നിലവിൽ രാം ചരൺ തന്റെ ആർആർആർ എന്ന സിനിമയുടെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമൊപ്പം ധാരാളം പരിപാടികളിലും അവാർഡ് ചടങ്ങുകളിലും പങ്കെടുക്കുന്നതിനായി അമേരിക്കയിലാണ്.
കഴിഞ്ഞ ദിവസം ഗുഡ് മോർണിങ് അമേരിക്ക പരിപാടിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഡോക്ടർ ജെന്നിഫർ ആഷ്ടണുമായി ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ രാം ചരൺ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഉപാസന പ്രസവത്തിനായി താൻ യുഎസിലേക്ക് പോകുമെന്ന് നേരത്തെ വന്ന ഊഹാപോഹങ്ങളോട് പ്രതികരിച്ചിരുന്നു.

ഡോക്ടർ ജെന്നിഫർ ആഷ്ടണിനെ നേരിൽ കാണാൻ അവസരം ലഭിച്ചപ്പോൾ കുശലം ചോദിക്കുന്നതിനിടെ രാംചരൺ പറഞ്ഞത് ഇങ്ങനെയായിരുന്നു. 'നിങ്ങളെ കണ്ടുമുട്ടിയതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ നിങ്ങളുടെ നമ്പർ എടുക്കും.'
'എന്റെ ഭാര്യ കുറച്ചുനാൾ യുഎസിൽ വരുന്നുണ്ട്' എന്നാണ് രാം ചരൺ പറഞ്ഞത്. ഇതോടെയാണ് ഉപാസനയുടെ പ്രസവം അമേരിക്കയിലായിരിക്കുമെന്ന നിഗമനത്തിലേക്ക് പ്രേക്ഷകർ എത്തിയത്. അതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളും വന്നിരുന്നു.

എന്നാൽ താൻ പ്രസവത്തിനായി അമേരിക്കയിലേക്ക് പോകുന്നില്ലെന്നും പ്രസവം ഇന്ത്യയിൽ തന്നെയായിരിക്കുമെന്നുമാണ് ഉപാസന പറയുന്നത്. മാത്രമല്ല രാം ചരൺ കോൺടാക്റ്റ് ഡീറ്റെയിൽസ് എടുത്ത ഡോക്ടർ ജെന്നിഫർ ആഷ്ടണും ഉപാസനയുടെ പ്രസവമെടുക്കാൻ ഇന്ത്യയിലേക്ക് വരുമെന്നുള്ള ട്വീറ്റും ഉപാസന പങ്കുവെച്ചു.
കൂടാതെ ഡോ.റൂമ സിൻഹയും ഡോ.സുമന മനോഹറും ഉപാസനയുടെ ഡെലിവറിക്ക് നേതൃത്വം കൊടുക്കും. 'ഞങ്ങളുടെ ആദ്യ കുഞ്ഞിനെ നമ്മുടെ മാതൃരാജ്യത്ത് ഇന്ത്യയിൽ പ്രസവിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.'

'ഈ യാത്ര ഞങ്ങൾക്ക് ആവേശകരമായ നിരവധി അനുഭവങ്ങൾ നൽകുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഈ പുതിയ ഘട്ടത്തിനായി ഞങ്ങൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.'
'അപ്പോളോ ഹോസ്പിറ്റലിലെ ഡോ. സുമന മനോഹർ, ഡോ. റൂമ സിൻഹ എന്നിവർ ഉൾപ്പെടുന്ന ലോകോത്തര നിലവാരമുള്ള മെഡിക്കൽ ടീമും ഗുഡ് മോർണിംഗ് അമേരിക്ക ഷോയിൽ നിന്നുള്ള ഡോ.ജെന്നിഫർ ആഷ്ടൺ എന്നിവരും എല്ലാവിധ ചികിത്സയും നൽകി ഞങ്ങൾക്കൊപ്പമുണ്ടാകും എന്നതിലും സന്തോഷമുണ്ട്' എന്നുമാണ് ഉപാസന ട്വീറ്റ് ചെയ്തത്.

രാംചരൺ സിനിമയിലും ഉപാസന ബിസിനസിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു ഇത്രകാലം. തങ്ങൾ തയ്യാറായിയെന്ന് തോന്നുമ്പോൾ മാത്രമെ കുഞ്ഞിനെ കുറിച്ച് ആലോചിക്കൂവെന്ന് ഉപാസന നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
നേരത്തെ നിരവധി തവണ ഉപാസന ഗർഭിണിയാണെന്ന വർത്തകളും പ്രചരിച്ചു. അപ്പോഴെല്ലാം അമ്മയാകുന്നതിനെ കുറിച്ചുള്ള തന്റെ നിലപാട് ഉപസാന വ്യക്തമാക്കുകയും ചെയ്തിരുന്നു.

അപ്പോളോ ആശുപത്രിയുടെ നിലവിലെ വൈസ് ചെയര്‍പേഴ്‌സൺ കൂടിയാണ് ഉപാസന. കുഞ്ഞുങ്ങൾ വേണ്ടെന്നുള്ള തീരുമാനത്തിൽ എത്തിയ ശേഷം സദ്ഗുരുവിനെ ഇരുവരും സന്ദർശിച്ചതും വാർത്തയായിരുന്നു.
കുട്ടികളെ വേണ്ടെന്നുള്ള തങ്ങളുടെ തീരുമാനത്തെ പലരും കുറ്റപ്പെടുത്തുന്നുണ്ടെന്ന സങ്കടം സദ്ഗുരുവിനെ സന്ദർശിക്കാൻ പോയപ്പോൾ ഉപസാന അദ്ദേഹത്തോട് പങ്കുവെച്ചിരുന്നു. അന്ന് സദ്ഗുരു പക്ഷെ ഉപസാനയുടെ തീരുമാനത്തെ പ്രശംസിക്കുകയാണ് ചെയ്തത്.


Click it and Unblock the Notifications