നായിക ആരാണെന്നറിയാൻ കാത്തിരുന്നു; കീർത്തിയാണെന്നറിഞ്ഞപ്പോൾ പ്രതീക്ഷ പോയി; തുറന്ന് പറഞ്ഞ് നടൻ
താരപുത്രിയുടേതായ പ്രിവിലേജുകളാണ് കീർത്തി സുരേഷിന്റെ ഇന്നത്തെ ഉയർച്ചയ്ക്ക് കാരണമെന്ന് വാദിക്കുന്ന നിരവധി പേരുണ്ട്. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളായ കീർത്തിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യം സിനിമ തന്നെ പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി. മോഹൻലാൽ നായകനായ സിനിമയ്ക്ക് റിലീസിന് മുമ്പ് ഹൈപ്പ് ലഭിച്ചെങ്കിലും സിനിമ കാര്യമായ ചലനമൊന്നും ഉണ്ടാക്കിയില്ല. കന്നഡ ചിത്രം ചാരുലതയുടെ തനിപ്പകർപ്പാണ് ഗീതാഞ്ജലിയെന്ന് വിമർശനം വന്നു.
തമിഴകത്താണ് കീർത്തി സുരേഷ് കൂടുതൽ ശ്രദ്ധ നൽകിയത്. പെട്ടെന്ന് തന്നെ തമിഴ് പ്രേക്ഷകരുടെ മനം കവരാൻ കീർത്തിക്ക് കഴിഞ്ഞു. വൻ ആരാധക വൃന്ദം കീർത്തിക്ക് തമിഴകത്തുണ്ട്. തെലുങ്കിലേക്ക് കടന്നപ്പോഴും നടിക്ക് മികച്ച സിനിമകൾ ലഭിച്ചു. 2018 ൽ പുറത്തിറങ്ങിയ മഹാനടി എന്ന തെലുങ്ക് സിനിമയാണ് കീർത്തിക്ക് കരിയറിൽ വഴിത്തിരിവാകുന്നത്. മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മഹാനടിയിലൂടെ കീർത്തിയെ തേടി വന്നു.

കീർത്തിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസായാണ് മഹാനടി ഇന്നും അറിയപ്പെടുന്നത്. കീർത്തിയെക്കുറിച്ച് തെലുങ്ക് നടൻ ശ്രീനിവാസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മഹാനടിയിലേക്ക് കീർത്തിയെ തെരഞ്ഞെടുത്തപ്പോൾ അത് തെറ്റായ തീരുമാനമാണെന്ന് താൻ കരുതിയിരുന്നെന്ന് ശ്രീനിവാസ് തുറന്ന് പറഞ്ഞു. മഹാനടിയിൽ നായികയെ തീരുമാനിക്കുന്നതിന് മുമ്പ് സംവിധായകൻ നാഗ് അശ്വിൻ തന്നെ കാണാൻ വന്നിരുന്നു. സംവിധായകൻ എൽവി പ്രസാദിന്റെ റോൾ ചെയ്യാനാണ് എന്നെ കണ്ടത്. ഞാൻ ഓക്കെ പറഞ്ഞു.
മഹാനടി സാവിത്രിയെ അവതരിപ്പിക്കാൻ നാഗ് ആരെ തെരഞ്ഞെടുക്കുമെന്നറിയാൻ ഞാൻ ആകാംക്ഷയോടെ കാത്തിരുന്നു. കീർത്തി സുരേഷിനെ നായികയാക്കിയെന്ന് ഒരു ദിവസം ഞാനറിഞ്ഞു. കീർത്തി ഒരു കൊമോഴ്ഷ്യൽ നായികയാണെന്ന അഭിപ്രായമായിരുന്നു എനിക്ക്. സാവിത്രിയെ പോലെ ദുഖവും മറ്റും ഭാവങ്ങളും പ്രകടിപ്പിക്കാൻ സാവിത്രിക്ക് കഴിയുമോ, അത് ബുദ്ധിമുട്ടായിരിക്കും, നാഗ് അശ്വിന്റേത് തെറ്റായ തീരുമാനമാണെന്നൊക്കെ തനിക്ക് തോന്നിയെന്ന് ശ്രീനിവാസ് പറയുന്നു.

എന്നാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നപ്പോൾ തന്റെ അഭിപ്രായം മാറിയെന്നും സിനിമയിൽ മികച്ച പ്രകടനം നടി കാഴ്ച വെച്ചെന്നും ശ്രീനിവാസ് വ്യക്തമാക്കി. കീർത്തിക്ക് മുമ്പ് നിത്യ മേനോനെയാണ് മഹാനടിയിലേക്ക് ആദ്യം പരിഗണിച്ചത്. അഭിനയ മികവിന്റെ പേരിൽ നേരത്തെ തന്നെ പ്രശംസ നേടിയ നിത്യ മികച്ച കാസ്റ്റിംഗ് ആണെന്ന് അന്ന് അഭിപ്രായം വന്നു. എന്നാൽ ചില കാരണങ്ങളാൽ നിത്യ സാവിത്രിയായി മഹാനടിയിൽ എത്തിയില്ല.
ഒരുകാലത്ത് തെലുങ്ക് സിനിമാ ലോകത്തെ താര റാണിയായിരുന്ന സാവിത്രിയുടെ ബയോപിക്കാണ് മഹാനടി. അസാമാന്യ അഭിനയ പ്രതിഭയായിരുന്ന സാവിത്രിക്ക് ജീവിതത്തിൽ പക്ഷെ കയ്പേറിയ അനുഭവങ്ങളുണ്ടായി. നടൻ ജെമിനി ഗണേശനെയാണ് സാവത്രി വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ രണ്ട് മക്കളും പിറന്നു. വിവാഹബന്ധത്തിലെ പ്രശ്നങ്ങൾ കാരണം നടി മദ്യത്തിന് അടിമപ്പെട്ടു. ഇതിനിടെ കരിയറിൽ നടിക്ക് വീഴ്ചയും സംഭവിച്ചു. ഇന്നും സാവിത്രിയുടെ ജീവിതം സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്.


Click it and Unblock the Notifications