ബാലതാരമായി അഭിനയിച്ച വിജയ് ദേവരകൊണ്ട; വീഡിയോ വൈറലായതോടെ പ്രതികരണവുമായി നടൻ
തെന്നിന്ത്യ കടന്ന് ബോളിവുഡിലും വൻ ആരാധക വൃന്ദം തീർത്തിരിക്കുകയാണ് നടൻ വിജയ് ദേവരകൊണ്ട. മികച്ച സിനിമകൾക്കൊപ്പം താരമൂല്യം നിലനിർത്താനായും നടന്റെ കരിയർ ഗ്രാഫ് കുതിച്ചുയരാൻ കാരണമായി. പാൻ ഇന്ത്യ തലത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ലൈഗർ ആണ് നടന്റെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ.
ആഗസ്റ്റ് 25 ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടൻ. വിക്കുള്ള ഒരു ബോക്സിംഗ് താരത്തിന്റെ വേഷത്തിലാണ് വിജയ് ദേവരകൊണ്ട സിനിമയിൽ എത്തുന്നത്. അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. നടൻറെ കരിയറിലെ ഏറ്റവും വലിയ സിനിമയായാണ് ലൈഗറിനെ കണക്കാക്കുന്നത്.
ഇപ്പോഴിതാ വിജയ് ദേവരെകാണ്ടയുടെ പഴയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നടൻ ചെറുപ്പത്തിൽ അഭിനയിച്ച ഒരു സീരിയലിലെ സീനുകളാണിത്. സത്യ സായ് ബാബയുടെ ജീവിത കഥയുമായി ബന്ധപ്പെട്ട സീരിയൽ ആയിരുന്നു ഇത്. നടൻ പഠിച്ചിരുന്നത് സത്യ സായ് ഹയർ സെക്കന്ററി സ്കൂളിൽ ആയിരുന്നു. ഇതിനിടെയാണ് സീരിയലിൽ അഭിനയിക്കാൻ നടന് ചെറിയൊരു അവസരം കിട്ടിയത്. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിച്ചതോടെ പ്രതികരണവുമായി വിജയ് ദേവരെകാണ്ട തന്നെ രംഗത്തെത്തി.

ഈ ദൃശ്യങ്ങൾ തന്നെ ഒരുപാട് കാലം പിന്നിലേക്ക് കൊണ്ട് പോയെന്നും അമ്മയ്ക്ക് സന്തോഷമായെന്നും നടൻ ട്വീറ്റ് ചെയ്തു. വീഡിയോ കണ്ട് പിടിച്ചയാൾക്ക് നടൻ നന്ദിയും അറിയിച്ചു. അതേസമയം പ്രധാന വേഷത്തിൽ നടൻ ആദ്യമഭിനയിച്ച സിനിമ 2011 ലെ നുവിലയാണ്. അർജുൻ റെഡ്ഡി എന്ന സിനിമയിലൂടെയാണ് നടന്റെ കരിയർ മാറി മറിയുന്നത്.
വൻ ഹിറ്റായ സിനിമയ്ക്ക് ശേഷം നടന് തെലുങ്കിൽ അമ്പരപ്പിക്കുന്ന ആരാധക വൃന്ദം ഉണ്ടായി. മറുഭാഷകളിലും അർജുൻ റെഡ്ഡി വൻ ഹിറ്റായിരുന്നു. ലൈഗറിന്റെ പ്രൊമോഷൻ പരിപാടികൾക്കായി നടൻ കൂടെക്കൂടെ മുംബൈയിലെത്താറുണ്ട്. ലൈഗറിന് ശേഷം ഖുശി ആണ് നടന്റെ അടുത്ത സിനിമ. ചിത്രത്തിൽ സമാന്ത ആണ് നായിക ആയെത്തുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ആദ്യ സിനിമ ആണിത്.
വിജയ് ദേവരകൊണ്ടയ്ക്ക് യൂത്ത് ഐക്കൺ പദവി നൽകിയ അർജുൻ റെഡ്ഡി തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്തിരുന്നു. കബീർ സിംഗ് എന്ന പേരിലായിരുന്നു ചിത്രം ഹിന്ദിയിലെത്തിയത്. ഷാഹിദ് കപൂർ ആയിരുന്നു നായകൻ. തമിഴിൽ ആദിത്യ വർമ്മ എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്തത്. ധ്രുവ് വിക്രം ആയിരുന്നു ചിത്രത്തിലെ നായകൻ.


Click it and Unblock the Notifications