'ആറ് ഫ്ലോപ്പുകൾ നൽകിയിട്ടും രജിനി സാറിന് സിനിമയിൽ അഭിനയിക്കാം, അത് നമ്മൾ വായടച്ച് കാണണം'; വിജയ് ദേവരകൊണ്ട!
പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടനാണ് വിജയ് ദേവരകൊണ്ട. ബോളിവുഡ് മുതൽ ഇങ്ങ് കേരളത്തിൽ വരെ ലക്ഷക്കണക്കിന് ആരാധകർ താരത്തിനുണ്ട്. തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട് കണ്ണടച്ച് തുറക്കും മുമ്പാണ് വിജയ് പാൻ ഇന്ത്യൻ താരമായി മാറിയത്.
അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നടൻ വിജയ് ദേവരകൊണ്ട ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. താരവും സാമന്തയും അഭിനയിച്ച് റിലീസിന് തയ്യാറെടുക്കുന്ന ഖുഷിയുടെ പ്രൊമോഷൻ തിരക്കിലാണ് വിജയ്.
കഴിഞ്ഞ ദിവസം ഒരു പ്രമോഷൻ ഇവന്റിൽ സംസാരിക്കവെ രജിനികാന്തിന്റെയും ചിരഞ്ജീവിയുടെയും സിനിമകളെ കുറിച്ച് വിജയ് ദേവരകൊണ്ട പറഞ്ഞ കാര്യങ്ങൾ പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
രജിനി ആരാധകർ ഇപ്പോൾ വിജയ്ക്ക് നേരെയാണ്. രജിനികാന്തിനെയും ചിരഞ്ജീവിയെയും പോലെയുള്ള സൂപ്പർ താരങ്ങളുടെ താരമൂല്യം ചില പരാജയങ്ങൾ കൊണ്ട് കുറയില്ലെന്നാണ് താരം പറഞ്ഞത്.

'വിജയത്തിനും പരാജയത്തിനും അതീതരാണ് സൂപ്പർ താരങ്ങൾ. ആറ് ഫ്ലോപ്പുകൾ നൽകിയാലും രജിനി സാറിന് അതെല്ലാം പിന്നോട്ട് തള്ളിയിട്ട് 500 കോടി കലക്ഷൻ നേടുന്ന ജയിലർ പോലൊരു സിനിമയിൽ അഭിനയിക്കാൻ കഴിയും. അത് നമ്മൾ വായടച്ച് കാണണമെന്നാണ്', വിജയ് പറഞ്ഞത്.
മെഗാസ്റ്റാർ ചിരഞ്ജീവിയെക്കുറിച്ച് സംസാരിച്ച വിജയ് ദേവരകൊണ്ട പറഞ്ഞത് ഇങ്ങനെയാണ്... 'അദ്ദേഹം ബാക്ക്-ടു-ബാക്ക് ഫ്ലോപ്പുകൾ നൽകിയാലും നല്ല കഴിവുള്ള ഒരു സംവിധായകനെ കണ്ടുമുട്ടിയാൽ സംക്രാന്തിപോലെയുള്ള ഒരു സെൻസേഷണൽ ചിത്രവുമായി അദ്ദേഹത്തിന് വീണ്ടും വരാനും സാധിക്കും. ചിരു സാർ രീതികൾ മാറ്റി... അദ്ദേഹം വന്നപ്പോൾ ആക്ഷൻ സീക്വൻസുകളും നൃത്തവും അഭിനയവും പൂർണ്ണമായും മാറി.'
'അദ്ദേഹം നിരവധി പേരെ ഈ വ്യവസായത്തിലേക്ക് വരാൻ പ്രോത്സാഹിപ്പിച്ചു', എന്നാണ് വിജയ് പറഞ്ഞത്. യുവതാരത്തിന്റെ പ്രസംഗം വൈറലായതോടെ രജിനി ആരാധകർ ഇളകി. വിജയ് ദേവരകൊണ്ടയുടെ പ്രസംഗം രജനികാന്തിന്റെ ആരാധകർക്ക് ഇഷ്ടപ്പെട്ടില്ല.
തലൈവരുടെ ജയിലർ സിനിമയുടെ വിജയം ആഘോഷിക്കുന്ന വേളയിൽ വന്ന വിജയ് ദേവരകൊണ്ടയുടെ പ്രസംഗത്തിൽ ആരാധകർ രോഷാകുലരായി. എപ്പോഴാണ് രജിനികാന്ത് ആറ് സിനിമകൾ തുടർച്ചയായി ഫ്ലോപ്പ് നൽകിയത് എന്നാണ് ഭൂരിഭാഗം പേരും വിജയിയെ വിമർശിച്ച് ചോദിക്കുന്നത്. ദർബാർ, അണ്ണാത്തെഎന്നിവ ശരാശരി ചിത്രങ്ങളാണ്. അല്ലാതെ ഫ്ലോപ്പ് ചിത്രമല്ലെന്നാണ് ഒരു ആരാധകൻ വിജയ്ക്കുള്ള മറുപടിയായി കുറിച്ചത്. ഇത്തരത്തിൽ സംസാരിക്കരുത്. എല്ലാത്തിനും ഒരു അഭിപ്രായം പറയേണ്ടതില്ല.

സൂപ്പർസ്റ്റാറിനെ അഭിനന്ദിക്കുന്ന ഒന്നും ഈ പ്രസംഗത്തിലുണ്ടെന്ന് തോന്നുന്നില്ല എന്നാണ് മറ്റൊരു രജിനി ആരാധകൻ കുറിച്ചത്. ഇന്ത്യയൊട്ടാതെ ആഘോഷിക്കപ്പെടുകയാണ് രജിനികാന്തിന്റെ ജയിലർ. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു രജിനി സിനിമ തിയേറ്ററിലെത്തിയത്.
അതേസമയം ഓഗസ്റ്റ് 10 ന് റിലീസ് ചെയ്ത നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലർ കലക്ഷനില്‍ 550 കോടി എന്ന നാഴികകല്ല് പിന്നിട്ടു. 12 ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള കലക്ഷനിലാണ് ചിത്രം 550 കോടി കടന്നത്. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ 1 കലക്ഷനെ മറികടന്നതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന തമിഴ് ചിത്രമെന്ന പദവി ജയിലർ സ്വന്തമാക്കി.


Click it and Unblock the Notifications











