എനിക്കും തെറ്റ് പറ്റി; അമ്മ എന്നോട് പറഞ്ഞത്; അച്ഛനും അമ്മയും ഇല്ലെങ്കിൽ അനാഥർ; പൊട്ടിക്കരഞ്ഞ് ഇന്ദ്രജ
മലയാളി സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് ഇന്ദ്രജ. ഇന്ദ്രജ ചെയ്ത കഥാപാത്രങ്ങൾ പലതും ശ്രദ്ധിക്കപ്പെട്ടു. ക്രോണിക് ബാച്ചിലർ എന്ന സിനിമയിൽ ഇന്ദ്രജ ചെയ്ത കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. ഉസ്താദ്, എഫ്ഐആർ, മയിലാട്ടം തുടങ്ങിയ സിനിമകളും എടുത്ത് പറയേണ്ടതാണ്. തമിഴ്, തെലുങ്ക് സിനിമാ ലോകത്ത് ഒരു കാലത്തെ തിരക്കേറിയ നടിയായിരുന്നു ഇന്ദ്രജ. 90 കളിൽ തിളങ്ങിയ ഇന്ദ്രജ വിവാഹ ജീവിതത്തിലേക്ക് കടന്നതോടെ കരിയറിൽ നിന്ന് മാറി നിന്നു. പിന്നീട് തിരിച്ച് വന്നെങ്കിലും പഴയത് പോലെ മികച്ച സിനിമകൾ ഇന്ദ്രജയ്ക്ക് ലഭിച്ചില്ല.
ടെലിവിഷൻ ഷോകളിൽ താരം ഇന്ന് സാന്നിധ്യം അറിയിക്കുന്നു. ഇന്ദ്രജ ജഡ്ജായെത്തുന്ന തെലുങ്ക് റിയാലിറ്റി ഷോയാണ് ശ്രീദേവീസ് ഡ്രാമ കമ്പനി. ഷോയിൽ നിന്നുള്ള ദൃശ്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പുതിയ എപ്പിസോഡിൽ വ്യക്തിപരമായ ചില കാര്യങ്ങളെക്കുറിച്ച് സംസാരിക്കവെ ഇന്ദ്രജ പൊട്ടിക്കരഞ്ഞു. മാതൃദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക എപ്പിസോഡിലാണ് സംഭവം നടന്നത്. മരിച്ച് പോയ തന്റെ അമ്മയെക്കുറിച്ച് ഇന്ദ്രജ സംസാരിച്ചു.

നമുക്ക് എത്ര ബന്ധങ്ങൾ ഉണ്ടെങ്കിലും അച്ഛനും അമ്മയും ഇല്ലെങ്കിൽ നമ്മൾ അനാഥരാണ്. അച്ഛനും അമ്മയ്ക്കും വേണ്ടി ഒന്നും ചെയ്ത് കൊടുക്കാതെ വേറെ എന്ത് ചെയ്തിട്ടും കാര്യമില്ല. തനിക്കും ഇതിൽ തെറ്റ് പറ്റിയിട്ടുണ്ടെന്ന് ഇന്ദ്രജ തുറന്ന് പറഞ്ഞു. ഒരു ക്ഷേത്രത്തിലേക്ക് തന്നെ കൊണ്ട് പോകാൻ അമ്മ എന്നോട് ഒരുപാട് തവണ പറഞ്ഞിരുന്നു. എന്നാൽ തനിക്കത് സാധിച്ച് കൊടുക്കാൻ പറ്റിയില്ലെന്ന് ഇന്ദ്രജ പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞു. ഷോയിലുള്ള മറ്റുള്ളവരും ഇത് കേട്ട് വികാരഭരിതരായി.
ഇന്ദ്രജയുടെ വ്യക്തി ജീവിതം നേരത്തെ വാർത്തയായിരുന്നു. മുസ്ലിം മതസ്ഥനായ അബ്സറാണ് ഇന്ദ്രജയുടെ ഭർത്താവ്. ഇരവരും പ്രണയിച്ച് വിവാഹം ചെയ്തതാണ്. ഇതേക്കുറിച്ച് നേരത്തെ നടി തുറന്ന് സംസാരിച്ചിട്ടുണ്ട്. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം ചെയ്തത്. മുസ്ലിമായ ഒരാളെ വിവാഹം ചെയ്തതിൽ വീട്ടിൽ നിന്ന് എതിർപ്പില്ലായിരുന്നു.

ഞാൻ നടിയായത് കൊണ്ട് ശരിക്കും പ്രണയമായിരിക്കുമോ എന്ന സംശയം അദ്ദേഹത്തിന്റെ വീട്ടുകാർക്കുണ്ടായിരുന്നു. പിന്നീട് ഇതും മാറിയെന്ന് ഇന്ദ്രജ വ്യക്തമാക്കി. അദ്ദേഹം പ്രൊപ്പോസ് ചെയ്തപ്പോൾ ഇരുപത് ദിവസത്തോളം ഞാൻ ആലോചിക്കാൻ സമയം എടുത്തു. രണ്ട് അനിയത്തിമാരാണ് എനിക്ക്. അവർക്ക് ഞാനൊരു മോശം ഉദാഹരണമാകാൻ പാടില്ല.
വിവാഹ ജീവിതം പരസ്പര ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്ന് ഇന്ദ്രജ വ്യക്തമാക്കി. രണ്ട് പേരും തങ്ങളുടെ വിശ്വാസത്തിൽ ഇടപെടാറില്ല. വീട്ടിൽ പൂജ മുറിയുണ്ട്. ഞാൻ എന്റെ പൂജയപം കാര്യങ്ങളുമൊക്കെ അതിൽ ചെയ്യും. അവർക്ക് മറ്റൊരു സ്ഥലമുണ്ട്. താൻ നോൺ വെജ് കഴിക്കാറില്ല. അദ്ദേഹത്തിന് നോൺ വെജ് കഴിക്കണമെങ്കിൽ അമ്മയ്ക്കരികിൽ പോകുമെന്നും ഇന്ദ്രജ വ്യക്തമാക്കി.


Click it and Unblock the Notifications











