എന്റെ പ്രിയപ്പെട്ട നടന്‍; ഫാമിലി സ്റ്റാര്‍ പ്രൊമോഷനില്‍ ദുല്‍ഖറിനെ പ്രശംസിച്ച് മൃണാള്‍ താക്കൂര്‍
ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് മൃണാള്‍ താക്കൂര്‍. 2022ല്‍ പുറത്തിറങ്ങിയ സീതാരാമം ആണ് തെന്നിന്ത്യയിലും നടിക്ക് ഇത്രയും വലിയ ആരാധകരെ സൃഷ്ടിച്ചത്. ദുല്‍ഖറിനൊപ്പമുള്ള സിനിമ തെന്നിന്ത്യയില്‍ വലിയ ഓളം തന്നെ സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ തെലുഗുവില്‍ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ഫാമിലി സ്റ്റാര്‍ എന്ന ചിത്രമാണ് മൃണാള്‍ താക്കൂറിന്റേതായി റിലീസ് ചെയ്യാനുള്ള ഏറ്റവും പുതിയ ചിത്രം.
നാനി നായകനായെത്തിയ ഹായ് നന്നയിലും മൃണാള്‍ നായികയായി എത്തിയിരുന്നു. 2012ല്‍ ഹിന്ദി സീരിയിലില്‍ അഭിനയിച്ചുകൊണ്ടായിരുന്നു മൃണാള്‍ താക്കൂറിന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. മുച്‌സേ കുച്ഛ് കെഹ്തി..യെഹ് ഖാമോഷിയാന്‍, കുംകും ഭാഗ്യ തുടങ്ങിയ സീരിയലുകളിലായിരുന്നു നടി അഭിനയിച്ചത്.

തുടര്‍ന്ന് സീരിയലില്‍ നിന്ന് സിനിമയിലേക്ക് എത്തുന്നത് മറാഠി ചിത്രങ്ങളിലൂടെയാണ്. ലവ് സോണിയ എന്ന ചിത്രത്തിലൂടെയാണ് 2018ല്‍ നടി ഹിന്ദി സിനിമയിലേക്കെത്തുന്നത്. ഈ ചിത്രത്തിലെ മൃണാള്‍ താക്കൂറിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് സൂപ്പര്‍ 30, ബാട്‌ല ഹൗസ് തുടങ്ങിയ ചിത്രങ്ങളും മൃണാളിനെ അഭിനേത്രിയെന്ന രീതിയില്‍ അടയാളപ്പെടുത്തി.
തുടര്‍ന്നാണ് 2022ല്‍ സീതാരാമത്തില്‍ അഭിനയിക്കുന്നത്. 2023ല്‍ പുറത്തിറങ്ങിയ ലസ്റ്റ് സ്റ്റോറീസ് 2 വിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. തെന്നിന്ത്യയില്‍ എല്ലാ ഭാഷകളിലും മൊഴിമാറ്റം നടത്തി റിലീസ് ചെയ്ത സീതാരാമം തെന്നിന്ത്യ മുഴുവന്‍ ഹിറ്റായിരുന്നു. സിനിമയിലെ സീതാമഹാലക്ഷ്മി/ രാജകുമാരി നൂര്‍ജഹാന്‍ ആയി വേഷമിട്ട മൃണാളും റാം ആയി വേഷമിട്ട ദുല്‍ഖറും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.
സീതാരാമം ജോഡിയ്ക്ക് തന്നെ ഇന്നും വലിയ ആരാധകരാണ്. ഈ ചിത്രത്തിലെ പാട്ടുകളും സീനുകളും ഇന്നും ഇന്‍സ്റ്റഗ്രാം റീലുകളിലും മറ്റുമായി ഉപയോഗിക്കുന്നുണ്ട്. ഹിന്ദിയില്‍ ചുപ്, കാര്‍വാന്‍, ദ സോയ ഫാക്ടര്‍ തുടങ്ങിയ ഹിന്ദി സിനിമകളിലും അഭിനയിച്ചെങ്കിലും ദുല്‍ഖറിന് പാന്‍ ഇന്ത്യന്‍ ലെവലില്‍ ആരാധകരെ സൃഷ്ടിച്ചതും സീതാരാമമാണ്.
ഇപ്പോഴിതാ തന്റെ കൂടെ അഭിനയിച്ചതില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട നടന്‍ ദുല്‍ഖര്‍ ആണെന്ന് പറയുകയാണ് നടി മൃണാള്‍ താക്കൂര്‍. ഫാമിലി സ്റ്റാറിന്റെ പ്രമോഷനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. കൂടെ അഭിനയിച്ചതിലെ ഏറ്റവും പ്രിയപ്പെട്ട സഹതാരം ആരാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടി.

'സഹതാരങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടയാളെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ കുറച്ച് ബുദ്ധിമുട്ടായിരിക്കും. എന്നാലും സീതാരാമത്തിന്റെ ഷൂട്ടിനിടെ എന്നെ പ്രോത്സാഹിപ്പിച്ചത് ദുല്‍ഖറാണ്. അദ്ദേഹം പല ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹം എനിക്ക് വലിയ പ്രചോദനമായിരുന്നു. ദുല്‍ഖര്‍ എന്റെ വഴികാട്ടിയും പ്രിയപ്പെട്ട നടനുമാണ്,' മൃണാള്‍ താക്കൂര്‍ പറഞ്ഞു.
നേരത്തെയും മൃണാള്‍ താക്കൂര്‍ ദുല്‍ഖര്‍ സല്‍മാനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ദുല്‍ഖറിന്റെ ജന്മദിനത്തില്‍ താരത്തിന് പിറന്നാളാശംസകള്‍ നേര്‍ന്ന് മൃണാള്‍ താക്കൂര്‍ എത്തിയിരുന്നു. 'സൂപ്പര്‍ ഗ്രൗണ്ടഡ്, സൂപ്പര്‍ ഹംബിള്‍, സൂപ്പര്‍ ടാലന്റഡ്, സൂപ്പര്‍ സ്റ്റാറിനെ പരിചയപ്പെടാന്‍ സാധിച്ചതില്‍ സീതാരാമം നിര്‍മാതാക്കളോട് എനിക്ക് നന്ദി പറയാതിരിക്കാനാവില്ല,' എന്നായിരുന്നു മൃണാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാക്കുകള്‍.


Click it and Unblock the Notifications











