ഫഹദിൽ നിന്നും അല്ലുവിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്ന് നടി രശ്മിക മന്ദാന
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ ഒരാളാണ് രശ്മിക മന്ദാന. ഇതുവരെ മലയാള ചിത്രത്തിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും കേരളക്കരയിൽ അടക്കം നിരവധി ആരാധകർ രശ്മിക മന്ദാനയ്ക്കുണ്ട്. ചുരുങ്ങിയ ചിത്രങ്ങളിലൂടെയാണ് നാഷണൽ ക്രഷായി രശ്മിക വളർന്നത്. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം രശ്മിക അഭിനയിച്ച ഗീത ഗോവിന്ദം എന്ന സിനിമയാണ് രശ്മികയെ തെന്നിന്ത്യയിൽ പ്രശസ്തയാക്കിയത്. പ്രണയം പശ്ചാത്തലമാക്കിയ സിനിമ മലയാളത്തിൽ അടക്കം മൊഴിമാറ്റി എത്തിയിരുന്നു.
തെന്നിന്ത്യ കടന്ന് രശ്മിക ഇപ്പോൾ ബോളിവുഡിൽ അരങ്ങേറിയിരിക്കുകയാണ്. ആദ്യ ചിത്രം തന്നെ ഇന്ത്യൻ സിനിമയിലെ ഇതിഹാസമായ അമിതാഭ് ബച്ചനൊപ്പവും. ബോളിവുഡ് അരങ്ങേറ്റം, റിലീസിന് തയ്യാറെടുക്കുന്ന സിനിമകൾ എന്നിവയെ കുറിച്ചുള്ള രശ്മികയുടെ വിശേഷങ്ങൾ താരം സിനിമാ മാധ്യമമായ ബോളിവുഡ് ഹങ്കാമയ്ക്ക് നല്‍കിയ വീഡിയോ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. വിശേഷങ്ങൾ വായിക്കാം...

എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ സിനിമ പുഷ്പയിലെ നായികയും രശ്മികയാണ്. പുഷ്പയെ കുറിച്ചുള്ള വിശേഷങ്ങളും രശ്മിക പങ്കുവെച്ചു. ഇതുവരെയുള്ള മറ്റ് അല്ലു അർജുൻ ചിത്രങ്ങളെ അപേക്ഷിച്ച് ഒരുപാട് വ്യത്യസ്തതകൾ നിറഞ്ഞതാണ് പുഷ്പ. ഇതുവരെ പ്രണയനായകന്റെ വേഷം മാത്രമാണ് അല്ലു അർജുൻ ചെയ്തിട്ടുള്ളത്. എന്നാൽ പുഷ്പ അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ്. മലയാളത്തിന്റെ പ്രിയനടൻ ഫഹദ് ഫാസിലാണ് ചിത്രത്തിൽ നവില്ലൻ വേഷം അവതരിപ്പിക്കുന്നത്. കെട്ടിലും മട്ടിലും പുതുമയുമായാണ് ഫഹദ് ഫാസിലും പുഷ്പയിൽ എത്തുന്നത്.

അല്ലു അര്‍ജുന്‍, വിജയ് ദേവരക്കൊണ്ട, ഫഹദ് ഫാസില്‍ തുടങ്ങിയ നടന്മാര്‍ക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങളും രശ്മിക മന്ദാന പങ്കുവെച്ചു. സിനിമയില്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും ഇതുവരെ ഒപ്പം പ്രവർത്തിച്ചവരിൽ നിന്നെല്ലാം ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും ഇനിയും പഠിക്കാനുണ്ടെന്നും രശ്മിക പറയുന്നു. ഒരു എലവേറ്ററില്‍ ഫഹദ് ഫാസിലിനും അല്ലു അര്‍ജുനും ഒപ്പം കുടുങ്ങിയാല്‍ അവരോട് എന്തിനെ കുറിച്ച് ചോദിക്കുമെന്ന അവതാരകന്റെ ചോദ്യത്തിന് 'സിനിമയിലെ അവരുടെ അനുഭവങ്ങളും നല്ല മനുഷ്യനും നല്ല നടിയുമാകാനുള്ള ഉപദേശങ്ങളും ചോദിക്കും' എന്നായിരുന്നു രശ്മിക നൽകിയ മറുപടി. അല്ലു അര്‍ജുനെ തന്റെ ജീവിതത്തിലെ കോച്ചായാണ് കാണുന്നതെന്നും അല്ലുവിനെ ഒപ്പം അഭിനയിക്കുന്നത് വിസ്മയകരമാണെന്നും രശ്മിക പറയുന്നു.

നാഷണൽ ക്രഷ് എന്ന് അറിയപ്പെടുന്നതിനെ കുറിച്ച് എന്ത് തോന്നുന്നുവെന്ന ചോദ്യത്തിന്, ആ വിളി എവിടെ നിന്നാണ് ഉത്ഭവിച്ചത് എന്നുപോലും അറിയില്ലെന്നാണ് താരം പറയുന്നത്. ആരാധകരുടെ സ്നേഹം വലിയ ആത്മവിശ്വാസം പകരുന്നുണ്ടെന്നും സിനിമയുടെ തിരക്കുകളിൽ പെടുമ്പോൾ കുടുംബത്തെ മിസ് ചെയ്യാറുണ്ടെന്നും രശ്മിക പറയുന്നു. 1996 ഏപ്രിൽ അഞ്ചിനാണ് രശ്മിക മന്ദാനയുടെ ജനനം. തെലുങ്കു, കന്നഡ സിനിമാ ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടിമാരിൽ ഒരാളാണ് രശ്മിക.

2016ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം കിറുക് പാർട്ടിയിലൂടെയാണ് രശ്മികയുടെ സിനിമാ അരങ്ങേറ്റം. ഇപ്പോൾ ഹൈദരാബാദിലും ബോംബെയിലുമായാണ് താമസം. ഗീത ഗോവിന്ദം, ഡിയർ കോംമ്രേഡ് എന്നീ ചിത്രങ്ങളിലൂടെയാണ് നടി ഏറ്റവും കൂടുതൽ ആരാധകരെ നേടിയത്. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം മികച്ച അഭിനയമാണ് ഈ രണ്ട് ചിത്രങ്ങളിലും രശ്മിക കാഴ്ച്ചവെച്ചത്. ചിത്രത്തിന്റെ മലയാളം മൊഴിമാറ്റങ്ങളിലൂടെ നടി കേരളത്തിലും ശ്രദ്ധിക്കപ്പെട്ടു.

മിഷൻ മജ്നു എന്ന ചിത്രത്തിലൂടെയാണ് രശ്മികയുടെ ബോളിവുഡ് അരങ്ങേറ്റം. സിദ്ധാർത്ഥ് മൽഹോത്രയാണ് ചിത്രത്തിൽ നായകൻ. രശ്മികയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രം ഗുഡ് ബൈയിൽ അമിതാഭ് ബച്ചനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അമിതാഭ് ബച്ചനൊപ്പം അഭിനിയിക്കുക എന്നത് വലിയ സ്വപ്‌നമായിരുന്നുവെന്നും അത് സാക്ഷാത്കരിക്കപ്പെടാൻ പോകുന്നതിന്റെ ത്രില്ലുണ്ടെന്നും രശ്മിക പറയുന്നു. പരസ്പരം താങ്ങാകുന്ന ജീവിത പങ്കാളിയെയാണ് വിവാഹത്തിലൂടെ കണ്ടെത്താൻ ആഗ്രഹിക്കുന്നതെന്നാണ് വിവാഹ ജീവിതത്തെ കുറിച്ചുള്ള സ്വപ്നത്തിന് മറുപടിയായി രശ്മിക പറഞ്ഞത്. ബോളിവുഡ് നടി ദീപിക പദുകോണിന്റെ സിനിമാ ജീവിതം വലിയ പ്രചോദനം നൽകിയിട്ടുണ്ടെന്നും രശ്മിക പറയുന്നു.
Recommended Video

അല്ലു അർജുന്റെ പാൻ ഇന്ത്യൻ സിനിമയാണ് പുഷ്പ. മലയാളത്തിലടക്കം ചിത്രം റിലീസിനെത്തും. ഫഹദ് ഫാസിലിന്റെ ആദ്യ തെലുങ്ക് ചിത്രമെന്നതിന്റെ പേരിൽ പ്രഖ്യാപനം മുതൽ മലയാളി സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമ കൂടിയാണ് പുഷ്പ. ഹിന്ദിക്ക് പുറമേ, തമിഴിലും ചുവടുവെച്ചിരിക്കുകയാണ് രശ്മിക. രശ്മിക നായികയായ ആദ്യ തമിഴ് ചിത്രം സുൽത്താൻ മികച്ച പ്രതികരണം നേടിയിരുന്നു. കാർത്തി നായകനായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഭാഗ്യരാജ് കണ്ണനാണ്.


Click it and Unblock the Notifications











