നാളുകൾക്ക് ശേഷം വീണ്ടും യുവാവെത്തി; സമാന്തയ്ക്കൊപ്പമുള്ളത് കാമുകനോ; ചോദ്യങ്ങളുമായി ആരാധകർ
നടി സമാന്തയുടെ വ്യക്തി ജീവിതം പലപ്പോഴും സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്. നാഗ ചൈതന്യയുമായുള്ള വിവാഹവും വേർപിരിയലുമാണ് ഇതിലേറ്റവും കൂടുതൽ ചർച്ചയായത്. ഇരുവരും വേർപിരിയുമെന്ന് ആരാധകർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അത്രയേറെ ജനപ്രീതി നേടിയ താര ദമ്പതികളായിരുന്നു ഇവർ. യെ മ ചെസവ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. ഈ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുകയും ബന്ധം വിവാഹത്തിലേക്ക് എത്തുകയും ചെയ്തു.
2017 ലായിരുന്നു വിവാഹം. എന്നാൽ നാല് വർഷത്തിനുള്ളിൽ ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു. വിവാഹമോചനത്തിന് കാരണം എന്തെന്ന് താരങ്ങൾ വ്യക്തമാക്കിയിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം സമാന്തയുടെ സിനിമാ തിരക്കുകളും വിവാഹ ശേഷം ഗ്ലാമറസായി അഭിനയിച്ചതുമെല്ലാം പ്രശ്നങ്ങൾക്ക് കാരണമായെന്നാണ് സൂചന. എന്നാൽ ഇതേക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല. വിവാഹമോചനത്തിന് ശേഷം നാഗ ചൈതന്യ നടി ശോഭിത ധുലിപാലയുമായി അടുത്തു.

സമാന്തയെക്കുറിച്ചും ഗോസിപ്പുകൾ വന്നു. സമാന്തയുടെ കാമുകനെന്ന പേരിൽ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പ്രീതം ജുകൽക്കർ എന്ന യുവാവിന്റെ ഫോട്ടോയാണ് സമാന്തയ്ക്കൊപ്പം പ്രചരിച്ചത്. എന്നാൽ അഭ്യൂഹങ്ങൾ തള്ളി അന്ന് താരം രംഗത്തെത്തി. തങ്ങൾ സുഹൃത്തുക്കളാണെന്നാണ് ഇരുവരും വ്യക്തമാക്കിയത്. പിന്നീട് കുറേക്കാലം ഇരുവരെയും ഒരുമിച്ച് കണ്ടിരുന്നില്ല. ഇപ്പോഴിതാ വീണ്ടും ഇവർ ക്യാമറക്കണ്ണുകളിൽ പെട്ടിരിക്കുകയാണ്. തിരുമല ശ്രീവരി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതാണ് ഇരുവരും.
ചിത്രങ്ങൾ വൈറലായതോടെ സോഷ്യൽ മീഡിയയിൽ പല അഭിപ്രായങ്ങളും വരുന്നുണ്ട്. സമാന്തയും പ്രീതം ജുകൽക്കറും പ്രണയത്തിലാണോയെന്നാണ് മിക്കവരും ചോദിക്കുന്നത്. അതേസമയം ഇവർ സുഹൃത്തുക്കളായിരിക്കാം, സമാന്തയുടെ സ്റ്റാഫോ മറ്റോ ആയിരിക്കാം എന്ന അഭിപ്രായവും വന്നു. വിവാഹമോചനത്തിന് ശേഷം മറ്റൊരു ബന്ധത്തിലേക്ക് കടക്കാൻ സമാന്ത തയ്യാറായിട്ടില്ലെന്നാണ് വിവരം. വേർപിരിയലിന് പിന്നാലെ മറ്റ് ചില പ്രശ്നങ്ങളും നടിക്ക് അഭിമുഖീകരിക്കേണ്ടി വന്നു.

മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ച നടി ഇതിന്റെ ചികിത്സയിലാണ്. ഒരു വർഷത്തിലേറെയായി ചികിത്സ തുടരുകയാണ് താരം. ഇതിന്റെ ഭാഗമായി കരിയറിൽ നിന്നും ചെറിയ ഇടവേളയും താരമെടുത്തു. പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ട് പോകുന്ന സമാന്തയ്ക്ക് ആശ്വാസമാകുന്നത് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയാണ്.
ഖുശിയാണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് ദേവരകൊണ്ട നായകനായെത്തിയ തെലുങ്ക് ചിത്രം മികച്ച വിജയം നേടി. സിതാഡെൽ എന്ന സീരീസാണ് സമാന്തയുടേതായി റിലീസ് ചെയ്യാനുള്ളത്. വരുൺ ധവാനാണ് സീരീസിലെ നായകൻ. കഴിഞ്ഞ വർഷം സിതാഡെലിന്റെ ഹോളിവുഡ് പതിപ്പ് പുറത്തിറങ്ങിയിരുന്നു. പ്രിയങ്ക ചോപ്രയും റിച്ചാർഡ് മാഡെനുമാണ് ഹോളിവുഡ് പതിപ്പിൽ പ്രധാന വേഷം ചെയ്തത്.
തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ സമാന്ത ഇന്ന് തയ്യാറല്ല. മികച്ച കഥാപാത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് നടി. ഫാമിലി മാൻ എന്ന സീരീസിലൂടെയാണ് സമാന്തയ്ക്ക് പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി ലഭിക്കുന്നത്. ഡിവോഴ്സിന് പിന്നാലെ അല്ലു അർജുൻ ചിത്രം പുഷ്പയിൽ നടി ചെയ്ത ഡാൻസ് നമ്പറും ഹിറ്റായി.


Click it and Unblock the Notifications