നടി ഷീല കൗർ വിവാഹിതയായി! ഭർത്താവിനൊപ്പമുള്ള ചിത്രം പുറത്ത് വിട്ട് നടി, ആശംസയുമായി ആരാധകരും
ഈ വര്‍ഷം ഒരുപാട് താരങ്ങളാണ് വിവാഹം കഴിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്നും താരപുത്രന്മാരും പുത്രിമാരുമടക്കം ഒരുപാട് വിവാഹങ്ങള്‍ കണ്ടു. അക്കൂട്ടത്തിലേക്ക് മറ്റൊരു താരവിവാഹ വിശേഷങ്ങള്‍ വരികയാണ്. തെന്നിന്ത്യന്‍ നടി ഷീല കൗര്‍ ആണ് ഇന്ന് വിവാഹിതയായത്. ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയാണ് ഷീലയുടെ വരന്‍. ബുധനാഴ്ച ചെന്നൈയില്‍ വെച്ചുമായിരുന്നു വിവാഹം.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം ഇരിക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് കൊണ്ട് നടി തന്നെയാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു. ഒരിക്കലും താരതമ്യം ചെയ്യാന്‍ പറ്റാത്ത സമയം. സന്തോഷം ഹൃദയത്തിന്റെ ആഴത്തില്‍ വരെ എത്തി. ഞങ്ങള്‍ തമ്മിലുള്ള പുതിയൊരു ദിവസം പുതിയൊരു ജീവിതവുമാണ്. എന്ന് നടി ഫോട്ടോയ്ക്ക് ക്യാപ്ഷനായി കുറിച്ചു.

തമിഴ്, തെലുങ്ക്, മലയാളം, തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തന്നെ അഭിനയിച്ചിട്ടുള്ള നടിയാണ് ഷീല കൗര്‍. പൂവേ ഉനക്കാഗെ എന്ന തമിഴ് ചിത്രത്തിലൂടെ 1996 ല്‍ ബാലനടിയായിട്ടാണ് ഷീല വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് ഒരുപാട് തമിഴ് ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു. അല്ലു അര്‍ജുന്‍ നായകനായിട്ടെത്തിയ പരഗു എന്ന ചിത്രത്തില്‍ നായികയായിട്ടെത്തിയതോടെയാണ് ഷീല തെന്നിന്ത്യയില്‍ വലിയതായി ശ്രദ്ധിക്കപ്പെടുന്നത്.
ഈ ചിത്രം മലയാളത്തിലും മൊഴി മാറ്റി എത്തിയിരുന്നു. നല്ല പ്രതികരണം സ്വന്തമാക്കിയ അല്ലു അര്‍ജുന്‍ സിനിമകളില്‍ ഒന്നായിരുന്നു ഇത്. 2008 ല്‍ മമ്മൂട്ടിയുടെ നായികയായി മായബസാര്‍ എന്ന ചിത്രത്തിലൂടെയാണ് ഷീല മലയാളത്തില്‍ നായികയായിട്ടെത്തുന്നത്. പിന്നാലെ കന്നഡയിലും അഭിനയിച്ചു. 2010 ല്‍ പൃഥ്വിരാജിന്റെ നായികയായി താന്തോന്നി എന്ന സിനിമയിലും ജയറാമിന്റെ നായികയായി മേക്കപ്പ്മാന്‍ എന്ന ചിത്രത്തിലും ഷീല അഭിനയിച്ചിരുന്നു.

2011 ല്‍ ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം ഷീല സിനിമാലോകത്ത് നിന്നും മാറി നിന്നിരുന്നു. പിന്നീട് 2018 ല്‍ ഹൈപ്പര്‍ എന്ന ചിത്രത്തില്‍ നടി അഭിനയിച്ചിരുന്നു. നിലവില്‍ വിവാഹം കൂടി കഴിഞ്ഞതോടെ സിനിമാ ജീവിതത്തിന് താല്‍കാലികമായി ഇടവേള കൊടുത്തിരിക്കുകയാണെന്നാണ് അറിയുന്നത്. വൈകാതെ കൂടുതല്‍ വിശേഷങ്ങളുമായി നടി എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











