ഞങ്ങൾക്കൊന്നും അറിയില്ല; ആദിപുരുഷ് ട്രോളുകൾക്കിടെ വിശദീകരണവുമായി വിഎഫ്എക്സ് കമ്പനി
തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാർ ആണ് നടൻ പ്രഭാസ്. ഒരു തെലുങ്ക് നടൻ എന്നതിനപ്പുറം ഇന്ന് ഇന്ത്യയാെട്ടാകെ ശ്രദ്ധിക്കപ്പെടുന്ന പ്രഭാസ് ബാഹുബലി എന്ന സിനിമയുടെ വിജയത്തോടെയാണ് ഈ നേട്ടം കൈവരിച്ചത്. പാൻ ഇന്ത്യൻ തലത്തിൽ ഒരുപിടി സിനിമകളാണ് നടന്റെ പേരിൽ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ആദിപുരുഷ് ആണ് നടന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ. കൃതി സനോൻ, സെയ്ഫ് അലി ഖാൻ തുടങ്ങിയ താരനിര സിനിമയിൽ അണിനിരക്കുന്നു.

കരിയറിൽ ബാഹുബലിക്ക് ശേഷം വലിയൊരു ഹിറ്റ് പ്രഭാസിന് ലഭിച്ചിട്ടില്ല. ബാഹുബലി ദ കൺക്ലൂഷന് ശേഷം ഇറങ്ങിയ രാധേ ശ്യാം, സാഹോ എന്നീ സിനിമകൾ വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. അതിനാൽ തന്നെ ആദിപുരുഷിന്റെ വിജയം നടനെ സംബന്ധിച്ച് അത്യാവശ്യം ആണ്. എന്നാൽ ചിത്രത്തിന്റെ ടീസറിന് നേരെ വ്യാപക ട്രോളുകളാണ് ഉയർന്ന് വരുന്നത്.
വിഎഫ്എക്സ് കാർട്ടൂൺ പോലെയുണ്ട് എന്നാണ് സോഷ്യൽ മീഡിയയിലെ ട്രോളുകൾ. കേരളത്തിലും നിരവധി യൂട്യൂബർമാർ ആദിപുരുഷ് ടീസറിനെ ട്രോളുന്നുണ്ട്. എന്നാൽ ടീസർ കണ്ട് സിനിമയെ വിലയിരുത്തരുതെന്ന് പ്രഭാസിന്റെ ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

ആദിപുരുഷ് സിനിമ പ്രഖ്യാപിച്ച ശേഷം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ സിനിമയ്ക്കായി കാത്തിരുന്നത്. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ മറ്റൊരു ചരിത്ര സിനിമ എന്നതായിരുന്നു ഇതിന് കാരണം. എന്നാൽ ബാഹുബലിയുടെ ഏഴയലത്ത് ആദിപുരുഷിനെ വെക്കാൻ പറ്റില്ലെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം.

ആദിപുരുഷ് ടീസറിന് ഏറ്റവും കൂടുതൽ ട്രോളുകൾ വന്നത് അതിന്റെ വിഎഫ്എക്സിന്റെ പേരിലാണ്. കൊച്ചു ടിവിയിലെ കാർട്ടൂണിന്റെ നിലവാരമേ ഉള്ളൂ എന്നാണ് ഉയർന്ന വിമർശനം. ഇതിനിടെ സിനിമയുമായി ബന്ധപ്പെട്ട് പ്രചരിച്ച വാർത്തയിൽ വിശദീകരണം നൽകിയിരിക്കുകയാണ് പ്രമുഖ വിഎഫ്എക്സ് കമ്പനിയായ എൻവൈ വിഎഫ്എക്സ് വാല. ആദിപുരുഷിന്റെ വിഎഫ്എക്സ് ചെയ്തത് തങ്ങൾ അല്ലെന്ന് ഈ കമ്പനി പറയുന്നു.

മാധ്യമങ്ങൾ ആദിപുരുഷ് സംബന്ധിച്ചുളള ചോദ്യങ്ങൾ ചോദിച്ചതിനാലാണ് വിശദീകരണം നൽകുന്നതെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നടൻ അജയ് ദേവ്ഗണിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ആണിത്. ആദിപുരുഷിന്റെ സംവിധായകൻ ഓം റൗത്ത് ആണ് അജയ് ദേവ്ഗണിന്റെ തനാജി ദ അൺസങ് വാരിയേർസ് എന്ന സിനിമ സംവിധാനം ചെയ്തത്.
രാമായണ കഥയുടെ പശ്ചാത്തലത്തിലാണ് ആദിപുരുഷ് സിനിമ. രാമന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. സീതയുടെ വേഷത്തിൽ കൃതി സനോനും രാവണൻ ആയി സെയ്ഫ് അലി ഖാനും എത്തുന്നു. ടി സീരീസ് ആണ് സിനിമ നിർമിക്കുന്നത്.


Click it and Unblock the Notifications