'പ്രഭാസിനൊപ്പം നിന്ന് ഫോട്ടോ പകർത്തിയശേഷം ആരാധന മൂത്ത് നടന്റെ കവിളിൽ അടിച്ച് യുവതി'; വീഡിയോ വൈറലാകുന്നു!
ബാഹുബലി സീരിസുകൾ പുറത്തിറങ്ങിയ ശേഷമാണ് നടൻ പ്രഭാസിന് തെലുങ്ക് സിനിമയ്ക്ക് പുറത്തും ലോകത്തെമ്പാടുമായി ആരാധകരുണ്ടായത്. അതിന് മുമ്പ് പ്രഭാസ് സിനിമകൾ ആസ്വദിച്ചിരുന്നത് തെലുങ്ക് സിനിമാ പ്രേമികൾ മാത്രമായിരുന്നു.
പ്രഭാസിന്റെ കരിയറിലെ നാഴികകല്ലായിരുന്നു ബാഹുബലി സീരിസിൽ പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളും. ഇപ്പോൾ എവിടെ ചെന്നാലും പ്രഭാസിനെ ബാഹുബലിയായിട്ടാണ് ആരാധകർ കാണുന്നതും ആരാധിക്കുന്നതും.
എന്നാൽ ബാഹുബലിക്ക് ശേഷം നല്ലൊരു വിജയം എന്നത് പ്രഭാസിന് സാധ്യമായിട്ടില്ല. പിന്നീട് താരം അഭിനയിച്ച സിനിമകളെല്ലാം തന്നെ ബിഗ് ബജറ്റ് സിനിമകളായിരുന്നുവെങ്കിൽ കൂടിയും വേണ്ടത്ര നിലവാരം ബാഹുബലിക്ക് ശേഷം ഇറങ്ങിയ ഒരു പ്രഭാസ് സിനിമയ്ക്കും തരാൻ സാധിച്ചിട്ടില്ലെന്നാണ് പ്രേക്ഷകരുടെ പക്ഷം. അവസാനം റിലീസ് ചെയ്ത ആദിപുരുഷ് വലിയ രീതിയിൽ വിമർശനം ഏറ്റുവാങ്ങിയിരുന്നു.

ആദിപുരുഷിന്റെ സംവിധായകൻ പ്രഭാസിനെ ഈ ചിത്രത്തിൽ കബിളിപ്പിച്ച് അഭിനയിപ്പിച്ചതാണോയെന്ന സംശയം വരെ ആരാധകർക്കുണ്ടായിരുന്നു.
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് പ്രഭാസ് എന്നതുകൊണ്ട് തന്നെ ലോകത്ത് ഏത് കോണിൽ ചെന്ന് ഇറങ്ങിയാലും താരത്തെ ഇന്ത്യക്കാർ തിരിച്ചറിയുകയും ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും ചെയ്യും. പലർക്കും എയർപോട്ടിലും മറ്റും വെച്ചാണ് താരങ്ങൾക്കൊപ്പം ഫോട്ടോ പകർത്താനുള്ള അവസരങ്ങൾ കിട്ടാറുള്ളത്.
ഷാരൂഖ് ഖാൻ, മോഹൻലാൽ, വിജയ്, അജിത്ത്, ദുൽഖർ സൽമാൻ തുടങ്ങിയ താരങ്ങൾ ഇത്തരത്തിൽ യാത്രകൾക്കായി എയർപോട്ടിലെത്തിയപ്പോഴെല്ലാം ആരാധകർ പകർത്തിയ വീഡിയോയും സെൽഫികളും നിരവധി സോഷ്യൽമീഡിയയിൽ പ്രചരിച്ചിട്ടുണ്ട്.
അത്തരത്തിൽ കുറച്ച് നാളുകൾക്ക് മുമ്പ് പ്രഭാസിനൊപ്പമുള്ള ഒരു ആരാധികയുടെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കുറച്ച് വർഷങ്ങൾ പഴക്കമുള്ള വീഡിയോ ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. 2019ൽ ആവേശഭരിതയായ ഒരു ആരാധിക പ്രഭാസിനെ വിമാനത്താവളത്തിൽ വെച്ച് കണ്ടുമുട്ടി.

തന്റെ പ്രിയപ്പെട്ട താരത്തെ കണ്ടതിന്റെ ത്രില്ലിൽ യുവതി പ്രഭാസിന്റെ അടുത്തേക്ക് ഓടി ഫോട്ടോയ്ക്ക് അനുവാദം ചോദിച്ചു. പ്രഭാസും സമ്മതം നൽകി പെൺകുട്ടിയോട് ചേർന്ന് നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഫോട്ടോ പോസ് ചെയ്ത് തിരികെ പോകുന്നതിന് മുമ്പ് അപ്രതീക്ഷിതമായി പ്രഭാസിന്റെ കവിളിൽ യുവതി അടിച്ചു.
നടനും ഒരു നിമിഷം ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് ഓർത്ത് പകച്ച് നിന്നു. പ്രഭാസിനെ അടിച്ചശേഷം യുവതി തന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് ഓടി. എന്തുകൊണ്ടോ പ്രഭാസ് യുവതിയോട് ദേഷ്യപ്പെടുകയോ ആക്രോശിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തില്ല.
യുവതിയുടെ പ്രവൃത്തി പ്രഭാസിനെ മാത്രമല്ല താരത്തിന് ഒപ്പമുണ്ടായിരുന്നവരെയും താരത്തെ കാണാൻ കൂടി നിന്നവരെ എല്ലാം അമ്പരപ്പിച്ചു. പൊതുവെ ആരാധകരുടെ ഭാഗത്ത് നിന്ന് ഇത്തരം പ്രവൃത്തികൾ ഉണ്ടാകുമ്പോൾ താരങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് രോഷം പ്രകടിപ്പിക്കാറുണ്ട്. നടൻ ഷാരൂഖ് ഖാൻ സെൽഫി പകർത്താൻ ശ്രമിച്ച ഒരു ആരാധകന്റെ ഫോൺ ഒരിക്കൽ പിടിച്ച് വാങ്ങിയിരുന്നു.
എന്നാൽ പ്രഭാസ് കാണിച്ച ക്ഷമ ആരാധകരെയും അത്ഭുതപ്പെടുത്തി. സലാറാണ് പ്രഭാസിന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. കെജിഎഫ്, കാന്താര എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന സലാർ സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീലാണ്.
ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യും എന്ന് പറഞ്ഞെങ്കിലും തിയതി അൽപ്പമൊന്ന് മാറി. ചിത്രം 2023 ഡിസംബർ 22ന് തിയേറ്ററിലെത്തും. ശ്രുതി ഹാസനാണ് ചിത്രത്തിൽ നായിക. പൃഥ്വിരാജ് സുകുമാരനും ചിത്രത്തിന്റെ ഭാഗമാണ്.


Click it and Unblock the Notifications